20 September Friday

കോൺഗ്രസ്‌ വീതംവയ്‌പ്‌ : പുനഃസംഘടന വീണ്ടും വഴിമുട്ടി

പ്രത്യേക ലേഖകൻUpdated: Tuesday Aug 20, 2019


കെപിസിസി ഭാരവാഹി പട്ടിക ഗ്രൂപ്പ്‌ വീതംവയ്‌പിലൊതുങ്ങിയതോടെ കോൺഗ്രസിനകത്ത് അസ്വസ്ഥത മറനീക്കി.  അതൃപ്‌തി വ്യക്തമാക്കി കെ മുരളീധരൻ  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നൽകി.  മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും തമ്മിൽ  കൂടിയാലോചിച്ച്‌ സ്വന്തക്കാരെ തിരുകി കയറ്റുന്നത്‌ അംഗീകരിക്കില്ലെന്നാണ്‌ മുരളീധരൻ പറയുന്നത്‌. നിങ്ങളുടെയൊക്കെ ഇഷ്ടത്തിനനുസരിച്ച് പുനഃസംഘടന പൂർത്തിയാക്കിക്കൊള്ളൂവെന്ന ധ്വനിയും മുരളിയുടെ കത്തിലുണ്ട്. നേരത്തെ ചില പേരുകൾ ഭാരവാഹിത്വത്തിനായി മുരളി നിർദേശിച്ചിരുന്നെങ്കിലും അംഗീകരിച്ചില്ല.  ഇനിയാരെയും ഭാരവാഹികളായി നിർദേശിക്കുന്നില്ലെന്ന് മുരളീധരൻ കത്തിൽ വ്യക്തമാക്കി.

ജംബോ സമിതി വേണ്ടെന്നും ‘ഒരാൾ ഒരു പദവി’ എന്ന അടിസ്ഥാനത്തിൽ ഭാരവാഹികളെ തീരുമാനിക്കുമെന്നുമാണ്‌ പുനഃസംഘടനയുടെ ആദ്യഘട്ടത്തിൽ അവകാശപ്പെട്ടത്‌. ഭാരവാഹികളുടെ എണ്ണം 21 ആയി ചുരുക്കി തയ്യാറാക്കിയ പട്ടികയാണ്‌ മൂന്നുപേരും വീതംവയ്‌പായത്‌. ചെന്നിത്തല നൽകിയ ഐ ഗ്രൂപ്പ്‌ നോമിനികളിലേറെയും ജനപ്രതിനിധികളാണ്‌. എ ഗ്രൂപ്പ്‌ ജനപ്രതിനിധികളുടെ എണ്ണം കുറയ്‌ക്കാൻ ശ്രമിച്ചു. എ കെ ആന്റണിയും കെ സി വേണുഗോപാലും നിർദേശിച്ച പേരുകളടങ്ങിയ ലിസ്റ്റാണ്‌ മുല്ലപ്പള്ളി നൽകിയത്‌. ഇതോടെ ഒരാൾ ഒരു പദവി തത്വവും അട്ടിമറിക്കപ്പെട്ടു.

ജനപ്രതിനിധികളായവരെ  പുനഃസംഘടനയിൽ പരിഗണിക്കുന്നതും വർക്കിങ്‌ പ്രസിഡന്റ് സ്ഥാനം ഒഴിവാക്കി വൈസ് പ്രസിഡന്റ് സ്ഥാനം പുനഃസ്ഥാപിക്കുന്നതുമാണ്  തർക്കവിഷയമായി നിന്നിരുന്നത്. ഒരാൾക്ക് ഒരു പദവിയെന്ന മുല്ലപ്പള്ളിയുടെ നിലപാടിനെ എ ഗ്രൂപ്പ് പിന്തുണച്ചപ്പോൾ പറ്റില്ലെന്ന നിലപാടിൽ ഐ ഗ്രൂപ്പ് ഉറച്ചുനിന്നു. പുനഃസംഘടന എത്രയും വേഗം തീർക്കുകയെന്ന ലക്ഷ്യത്തോടെ ഐ ഗ്രൂപ്പ് സമ്മർദത്തിന് നേതൃത്വം വഴങ്ങിയെന്നാണ് സൂചന. ഇതോടെയാണ് മുരളീധരൻ ഇപ്പോൾ രംഗത്തുവന്നതും. വി എം സുധീരനടക്കമുള്ളവർ നിർദേശിച്ച പേരുകൾ തഴയപ്പെട്ടാൽ അവരും പരസ്യമായി രംഗത്തെത്തും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top