19 September Thursday

സഹകരണ സ്ഥാപനങ്ങൾക്ക്‌ വരുമാനനികുതി ഇളവ്‌ നൽകണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019


കേരളത്തിലെ പ്രാഥമിക സംഘങ്ങളുടെയും സഹകരണ ബാങ്കുകളുടെയും വരുമാന നികുതി വാണിജ്യബാങ്കുകളുടേതിനു തുല്യമായി ഈടാക്കരുതെന്ന്‌  മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ്‌ ആദായനികുതി വകുപ്പ്‌ നടത്തുന്നത്‌. മുമ്പ്‌ നൽകിയ ആനുകൂല്യം തുടരണമെന്ന്‌ കേന്ദ്രമന്ത്രി നരേന്ദ്രസിങ്‌ തോമറിനു നൽകിയ നിവേദനത്തിൽ കടകംപള്ളി ആവശ്യപ്പെട്ടു.

സംഘങ്ങൾ 20000 രൂപയിൽ കൂടുതൽ കറൻസിയായി നിക്ഷേപം സ്വീകരിച്ചാൽ മുൻകാല പ്രാബല്യത്തോടെ പിഴ ചുമത്തുകയാണ്‌. സംഘങ്ങളുടെ നിലനിൽപിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന നടപടി ധനവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന്‌ തോമർ അറിയിച്ചതായി കടകംപള്ളി പറഞ്ഞു. 

കേരളത്തിലെ സഹകരണ ആശുപത്രികൾക്ക്‌ 30 ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുന്നു. ഇവയെ ചാരിറ്റബിൾ ട്രസ്റ്റുകൾക്ക് തുല്യമായി പരിഗണിക്കണം. ഈ വിഷയം ധനവകുപ്പിലേക്ക്‌ ശുപാർശ ചെയ്യുമെന്ന്‌ കേന്ദ്രമന്ത്രി അറിയിച്ചതായും കടകംപള്ളി പറഞ്ഞു.

മൊറട്ടോറിയം നീട്ടണം
കേരളത്തിൽ പ്രളയം വീണ്ടുമുണ്ടായ സാഹചര്യത്തിൽ ഒരു വർഷത്തേക്കുകൂടി കാർഷിക കടങ്ങൾക്കുള്ള മൊറട്ടോറിയം നീട്ടണമെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള നിവേദനത്തോട്‌ അനുഭാവപൂർവമായാണ്‌ സഹകരണ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി തോമർ പ്രതികരിച്ചതെന്ന്‌  വാർത്താസമ്മേളനത്തിൽ കടകംപള്ളി പറഞ്ഞു.

കർഷകരുടെ കാർഷിക–-കാർഷികേതര കടങ്ങൾ പുനഃക്രമീകരിക്കണം. ഇതിനായി പ്രത്യേക ധനസഹായം നബാഡിൽനിന്ന് അനുവദിക്കണം. സഹകരണബാങ്കുകൾക്ക്  ഇപ്പോഴുള്ള  ഒമ്പത്‌ ശതമാനം മൂലധന പര്യാപ്തത നിബന്ധന കുറച്ചുനൽകണം. കാർഷികവായ്പകളുടെ റിസ്ക് വെയ്റ്റ് പൂജ്യം ശതമാനമാക്കണം. സഹകരണ സ്ഥാപനങ്ങളുടെ ഓഫീസ് സാമഗ്രികൾക്ക്‌ പ്രളയത്തിലുണ്ടായ നഷ്ടങ്ങൾ നികത്തുന്നതിന് പ്രത്യേക ഗ്രാന്റ് അനുവദിക്കണം. പ്രളയദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കേന്ദ്രമന്ത്രിമാരുൾപ്പെട്ട സംഘം എത്തും. സന്ദർശനം എന്ന്‌ നടക്കുമെന്ന്‌ കേന്ദ്രം വ്യക്തമാക്കിയിട്ടില്ലെന്ന്‌ -കടകംപള്ളി പറഞ്ഞു.

റബ്‌കോ കടം എഴുതിത്തള്ളിയിട്ടില്ല
റബ്കോ, റബ്ബർ മാർക്ക്, മാർക്കറ്റ് ഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങൾക്ക്‌ സംസ്ഥാന–-ജില്ല സഹകരണ ബാങ്കുകളിലുള്ള വായ്‌പാകുടിശിക സർക്കാരിലേക്ക്‌ മാറ്റുകയാണ്‌ ചെയ്‌തതെന്ന്‌  മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കടം എഴുതിത്തള്ളിയെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്‌. ഈ സഹകരണസ്ഥാപനങ്ങൾ പണയമായി ബാങ്കിന്‌ നൽകിയ ഈടുകളെല്ലാം സർകാരിനുകീഴിലാകും. കേരളബാങ്ക്‌ രൂപീകരണവുമായി ബന്ധപ്പെട്ട്‌ റിസർവ്‌ബാങ്ക്‌ നിബന്ധനയുടെ ഭാഗമായാണ്‌ വായ്‌പ സർക്കാരിലേക്ക്‌ മാറ്റിയതെന്ന്‌ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top