15 October Tuesday

തനിച്ചല്ല, നോവുപങ്കിടാൻ ഇവരുണ്ട്‌

ജസ്‌ന ജയരാജ്‌Updated: Tuesday Aug 20, 2019

സാന്ത്വനമായി സഖാവ്‌ പി കൃഷ്ണപിള്ള ദിനത്തിൽ കിടപ്പിലായ രോഗികളെ കണ്ണൂർ ഐആർപിസിയുടെ നേതൃത്വത്തിൽ വീടുകളിൽ ചെന്ന്‌ പരിചരിക്കുന്നു ഫോട്ടോ: മിഥുൻ അനില മിത്രൻ

കണ്ണൂർ
തായത്തെരുവിൽ പ്രൗഢിമങ്ങാത്ത തറവാട്ടുവീട്ടിൽ ഹാഷിം കിടപ്പിലായിട്ട്‌ വർഷങ്ങളായി. കാലുകളിലെ  വ്രണങ്ങളിൽനിന്ന്‌ അരിച്ചിറങ്ങുന്ന വേദന നിമിഷനേരത്തേക്കെങ്കിലും അദ്ദേഹം മറന്നു. 87 വയസ്സിനപ്പുറം രോഗപീഡകൾ അവശനാക്കിയ ആ മനുഷ്യൻ ഉള്ളുതുറന്ന്‌ പുഞ്ചിരിച്ചു. മുറിവിൽ മരുന്നു പുരട്ടി സ്‌നേഹത്തിന്റെ തലോടൽ സമ്മാനിച്ച മക്കളുടെ കൈചേർത്തുപിടിച്ചു.  എന്നു തീരുമെന്നറിയാത്ത വേദനയിൽ ദിവസങ്ങൾ എണ്ണിത്തീർക്കുന്ന അനേകം പേരിലേക്കാണ്‌ ഇനീഷ്യേറ്റീവ്‌ ഫോർ റിഹാബിലിറ്റേഷൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയറിന്റെ (ഐആർപിസി) സാന്ത്വനസ്‌പർശം കടന്നുചെന്നത്‌.

ജനകീയ സാന്ത്വന പ്രസ്ഥാനത്തിന്‌ എന്നും വഴിവിളക്കായ പി കൃഷ്‌ണപിള്ളയുടെ ഓർമദിനത്തിലാണ്‌ ഐആർപിസി വളണ്ടിയർമാർ വീടുകളിലെത്തി രോഗികളെ പരിചരിച്ചത്‌.  തായത്തെരുവിലെ ക്വാർട്ടേഴ്‌സിൽ ഐആർപിസി പ്രവർത്തകരെത്തുമ്പോൾ പതിവിലും ഉന്മേഷത്തിലാണ്‌ സഫിയ സ്വീകരിച്ചത്‌. ‘‘നിങ്ങൾ ഇടയ്‌ക്ക്‌ വരണേ മക്കളേ....ഇപ്പോ എനിക്ക്‌ നല്ല മാറ്റമുണ്ട്‌. വല്യ ചികിത്സയൊന്നും ഇനി വേണ്ടെന്നാണു ഡോക്ടർ പറഞ്ഞത്‌’’ ക്ഷീണം അൽപ്പം മാറിയ സന്തോഷമാണ്‌ സഫിയ പങ്കിട്ടത്‌.  

വർഷങ്ങളായുള്ള കിടപ്പിൽ ദേഹത്തുണ്ടായ വ്രണങ്ങൾ വൃത്തിയാക്കി  കെട്ടിയും രക്തസമ്മർദം പരിശോധിച്ചും അവശ്യംവേണ്ട മരുന്നുകളുടെ ലിസ്‌റ്റ്‌ ശേഖരിച്ചും ആശ്വാസത്തിന്റെ ഒരു പകലാണ്‌ ഐആർപിസി രോഗികൾക്കും കുടുംബാംഗങ്ങൾക്കും നൽകിയത്‌. ക്യാൻസർ, വൃക്ക രോഗികൾ, ഭിന്നശേഷിക്കാർ ഉൾപ്പെടെ ജില്ലയിലെ പന്ത്രണ്ടായിരത്തിൽപ്പരം കിടപ്പുരോഗികളെയാണ്‌ ഐആർപിസി പ്രവർത്തകർ വീടുകളിലെത്തി പരിചരിച്ചത്‌. 3500 ഐആർപിസി വളണ്ടിയർമാർക്കൊപ്പം  ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ഈ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി.   

ഐആർപിസി ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങിയവരും  പങ്കാളികളായി.


പ്രധാന വാർത്തകൾ
 Top