24 October Thursday

നരസിപ്പുഴ അർധരാത്രി കരകവിഞ്ഞു; ഭീതി മുനയിൽ വയനാട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019


കൽപ്പറ്റ
പുത്തുമല ഉരുൾപൊട്ടലിന്റെ നടുക്കം വിട്ടൊഴിയാത്ത വയനാട്‌  ഞായറാഴ്‌ച രാത്രിയും  ഭീതിയുടെ മുൾമുനയിൽ. അർധരാത്രിയോടെ നടവയൽ നെയ്‌ക്കുപ്പ നരസിപ്പുഴ കരകവിഞ്ഞ്‌ വെള്ളം വീടുകളിലെത്തി. സമീപ വനത്തിൽ ഉരുൾപൊട്ടിയതാണെന്ന ആശങ്ക ഉയർന്നതോടെ  ജനം ഭീതിയിലായി.  മക്കളെയും വാരിപ്പിടിച്ച്‌ ആദിവാസി സ്‌ത്രീകളടക്കമുള്ളവർ ഇറങ്ങിയോടി.  പ്രാണൻ രക്ഷിക്കാനുള്ള ശ്രമത്തിൽ  പലർക്കും വീണ്‌ പരിക്കേറ്റു.  നിമിഷങ്ങൾക്കകം നെയ്‌ക്കുപ്പ, പേരൂർ, പാതിരിയമ്പം  കോളനികളിൽ വെള്ളം മൂടി.

പൊലീസും റവന്യൂ അധികൃതരും വനപാലകരും  രക്ഷാപ്രവർത്തനത്തിന്‌ കുതിച്ചെത്തി. പൊതുപ്രവർത്തകരും ഓടിക്കൂടി. വളരെ വേഗം കോളനിക്കാരെ ഒഴിപ്പിച്ചു.  നെയ്‌ക്കുപ്പ, പേരൂർ കോളനിക്കാരെ നടവയൽ സെന്റ്‌ തോമസ്‌ സ്‌കൂളിലെത്തിച്ചു. പാതിരിയമ്പത്തുകാരെ സമീപത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറ്റി.

ഇരുനൂറ്റമ്പതോളം പേരെയാണ്‌ രാത്രിയിൽ ഒഴിപ്പിച്ചത്‌. തിങ്കളാഴ്‌ച പുലർച്ചെ മൂന്നുവരെ ഈ സ്ഥിതി തുടർന്നു. ഉറങ്ങാതെ ആളുകൾ കാത്തിരുന്നു. അധികൃതരും സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌തു.  പുലർച്ചെ  വെള്ളം ഇറങ്ങിത്തുടങ്ങിയതോടെയാണ്‌  കോളനിക്കാർക്കും സമീപവാസികൾക്കും ആശ്വാസമായത്‌. ബത്തേരി മേഖലയിൽ പെയ്‌ത കനത്ത മഴയാണ്‌ നരസിപ്പുഴ കരകവിയാൻ കാരണം. ഉരുൾപ്പൊട്ടിയിട്ടില്ലെന്ന ആശ്വാസത്തിലാണ്‌ ജനം വീട്ടിലേക്ക്‌ മടങ്ങിയത്‌.

രണ്ടു ദിവസം മുമ്പ്‌ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന്‌ തിരികെ വീടുകളിലെത്തിയവരായിരുന്നു കോളനിക്കാർ. വീടുകൾ ശുചീകരിച്ച്‌ താമസം തുടങ്ങിയപ്പോഴാണ്‌ വീണ്ടും വെള്ളം കയറിയത്‌.
 


പ്രധാന വാർത്തകൾ
 Top