17 September Tuesday
സംസ്ഥാന സർക്കാർ രണ്ടരക്കോടിയും നൽകി

ഇരകൾക്കുള്ള 7.6 കോടി കേന്ദ്രസർക്കാർ എന്നു നല്‍കുമെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019



കൊച്ചി
കുറ്റകൃത്യങ്ങൾക്കിരയാവുന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള 7.6 കോടി രൂപ എത്രനാൾക്കകം അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി. ഇരകൾക്ക് വിതരണം ചെയ്യാൻ സംസ്ഥാനസർക്കാർ അനുവദിച്ച രണ്ടരക്കോടി രൂപ വിനിയോഗിക്കാൻ വേണ്ട നടപടി കേരള ലീഗൽ സർവീസ് അതോറിട്ടി (കെൽസ) സ്വീകരിക്കണമെന്നും ചീഫ് ജസ്‌റ്റിസ് ഋഷികേശ് റോയ്, ജസ്‌റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. കേസ് സെപ്‌തംബർ 23ന് വീണ്ടും പരിഗണിക്കും.

കെൽസ ആവശ്യപ്പെട്ട രണ്ടരക്കോടി രൂപയിൽ അരക്കോടി നേരത്തെ നൽകിയെന്നും രണ്ടു കോടി ഈ മാസം 16ന് അനുവദിച്ചെന്നും സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ ഗവ. പ്ലീഡർ അറിയിച്ചു. ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ 2017ൽ 7.6 കോടി രൂപ സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ടെന്ന് ഹർജിക്കാരിലൊരാളായ ഡി ബി ബിനു കഴിഞ്ഞതവണ വാദം കേൾക്കുമ്പോൾ ആരോപിച്ചിരുന്നു. ഈ വാദം തെറ്റാണെന്നു സർക്കാർ അഭിഭാഷകൻ പറഞ്ഞു. വിഹിതം അനുവദിച്ചിട്ടില്ല. എത്രയും വേഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി രണ്ടിന് കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറിക്കു സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി അയച്ച കത്തിന്റെ പകർപ്പും സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചു.

കേന്ദ്രസർക്കാർ ഇതുവരെ പണം നൽകാത്ത സാഹചര്യത്തിൽ ഹർജിക്കാരൻ തെറ്റായ വാദമുന്നയിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു. എന്താണ് ഹർജിക്കാരന്റെ ലക്ഷ്യം. ആർക്കെതിരെയാണ് പോരാടുന്നതെന്നും കോടതി ചോദിച്ചു. സംസ്ഥാന സർക്കാർ അയച്ച കത്തിന്റെ പകർപ്പ് കേന്ദ്രസർക്കാരിന്റെ അഭിഭാഷകന് നൽകാനും കോടതി നിർദേശിച്ചു. സംസ്ഥാനസർക്കാർ നൽകിയ വിഹിതം മുൻഗണനാ ക്രമത്തിൽ ചെലവഴിക്കുമെന്ന് കെൽസ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top