20 February Wednesday

രേഖകൾ നഷ്ടപ്പെട്ടോ.. വിഷമിക്കേണ്ട

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

 

പ്രളയത്തിൽ നഷ്ടപ്പെട്ട വിവിധ രേഖകൾ ജനങ്ങൾക്ക‌് വേഗത്തിൽ വീണ്ടെടുക്കാൻ വിപുലമായ സംവിധാനമാണ‌് സർക്കാർ ഒരുക്കുന്നത‌്. സ‌്പെഷ്യൽ അദാലത്തുകൾ സംഘടിപ്പിക്കുമെന്നും അക്ഷയകേന്ദ്രങ്ങൾവഴി സൗജന്യമായി അപേക്ഷ നൽകാൻ അവസരം ഒരുക്കുമെന്നും പ്രഖ്യാപിച്ചു. വിവിധ രേഖകൾ പെട്ടെന്ന‌് വീണ്ടെടുക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ ചുവടെ.

റേഷൻ കാർഡ‌്

റേഷൻ കാർഡ‌് നഷ്ടപ്പെട്ടാൽ താലൂക്ക‌് സപ്ലൈ ഓഫീസിൽ അപേക്ഷിക്കുക ഉടൻ താൽക്കാലിക റേഷൻ കാർഡ‌് ലഭിക്കും.
കാർഡിന്റെ പകർപ്പ‌് കൈവശമുണ്ടെങ്കിൽ റേഷൻ വാങ്ങാനാകും. പിന്നീട‌് പുതിയ കാർഡിന‌് അപേക്ഷിക്കുക.

ആധാരം

ആധാരം രജിസ്റ്റർ ചെയ‌്ത തീയതിയും നമ്പരും കിട്ടിയാൽ എളുപ്പത്തിൽ അതിന്റെ സർട്ടിഫൈഡ‌് കോപ്പി സബ‌് രജിസ‌്ട്രാർ ഓഫീസിൽനിന്ന‌് കിട്ടും.
ചില ജില്ലകളിൽ സബ‌് രജിസ‌്ട്രാർ ഓഫീസുകൾ 1992 ജനുവരി ഒന്നുമുതലുള്ള ആധാരങ്ങളുടെ ഡിജിറ്റൽ പതിപ്പ‌് കംപ്യൂട്ടറിൽ ഉണ്ട‌്. പഴയ ആധാരമാണെങ്കിൽ പേരിന്റെ ആദ്യക്ഷരംവച്ചും വില്ലേജ‌്, അംശം, ദേശം എന്നിവ വച്ചും പരിശോധിക്കാം.
പത്രപരസ്യത്തിലൂടെ നഷ്ടപ്പെട്ട ആധാരം ആരും ദുരുപയോഗംചെയ്യുന്നില്ലെന്ന‌് ഉറപ്പാക്കാം.

വോട്ടർ ഐഡി കാർഡ‌്


മുഖ്യതെരഞ്ഞെടുപ്പ‌് കമീഷന്റെ www.ceo kerala.gov.in  എന്ന വെബ‌്സെറ്റിൽനിന്ന‌് അപേക്ഷാ ഫോറം ഡൗൺലോഡ‌് ചെയ്യാം. അക്ഷയകേന്ദ്രങ്ങൾവഴി ഇത‌് ചെയ്യാം.അപേക്ഷ പൂരിപ്പിച്ച‌ശേഷം നഷ്ടപ്പെട്ട തിരിച്ചറിയൽ കാർഡിന്റെ പകർപ്പ‌്, വിവരങ്ങൾ എന്നിവയും 25 രൂപ ഫീസും സഹിതം തഹസിൽദാറിന‌് അപേക്ഷ നൽകാം.

വെബ‌്സെറ്റിൽ സേർച്ച‌് ചെയ‌്താൽ കാർഡിന്റെ നമ്പർ  ലഭിക്കും. ജില്ല, അസംബ്ലി, നിയോജക മണ്ഡലം, അപേക്ഷകന്റെ പേര‌്, രക്ഷാകർത്താവിന്റെ പേര‌്, വീട്ടു പേര‌് എന്നിവ നൽകിയാൽ അപേക്ഷകന്റെ വോട്ടർപട്ടിക വിവരങ്ങൾ ലഭിക്കും.
ആധാർആധാർ എൻറോൾമെന്റ‌് നടത്താവുന്ന അക്ഷയകേന്ദ്രത്തിൽ പേരും വിലാസവും ജനനതീയതിയും വിരലടയാളവും നൽകിയാൽ ഇ‐ആധാർ ലഭിക്കും.

പാഠപുസ‌്തകം

ഹെഡ‌്മാസ്റ്ററുടെ സാക്ഷ്യപത്രവുമായി എത്തിയാൽ ഡിഡി ഓഫീസിൽനിന്ന‌് സ‌്കൂളുകൾക്ക‌് സൗജന്യമായി പകരം പാഠപുസ‌്തകങ്ങൾ ലഭിക്കും.
 36 ലക്ഷം പുസ‌്തകം നിലവിൽ തയ്യാറാക്കിക്കഴിഞ്ഞു.

ആർസി ബുക്ക‌്, ഡ്രൈവിങ‌് ലൈസൻസ‌്

കേടുപറ്റിയ ആർസി ബുക്ക‌്, ഡ്രൈവിങ‌് ലൈസൻസ‌്  എന്നിവയുമായി ആർടി ഒാഫീസിൽ എത്തിയാൽ പുതിയത‌്  ലഭിക്കും.
പത്രപരസ്യം നൽകിയശേഷം അപേക്ഷ നൽകി ഫീസ‌് അടച്ചാൽ 14 ദിവസത്തിനുള്ളിൽ ഡ്യൂപ്ലിക്കേറ്റ‌് ലഭിക്കും.
വാഹനത്തിന‌് സാമ്പത്തികബാധ്യതയുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ എൻഒസികൂടി നൽകുക.

വണ്ടി ഉടൻ സ‌്റ്റാർട്ടാക്കല്ലേ

വെള്ളം കയറി ഓഫായ വാഹനം വീണ്ടും സ്റ്റാർട്ട‌് ചെയ്യാൻ ശ്രമിക്കുന്നത‌് എൻജിൻ തകരാർ ഉണ്ടാക്കുകയും അത‌് വാഹനത്തിന്റെ ഇൻഷുറൻസ‌് നഷ്ടപ്പെടാൻ കാരണവുമാകും. വെള്ളം ഇറങ്ങിയശേഷം മെക്കാനിക്കിനെ കൊണ്ടുവരികയാണ‌് ഉചിതം.
വാഹനത്തിന്റെ ബോണറ്റിന‌് മുകൾഭാഗംവരെ വെള്ളമെത്തുന്ന സാഹചര്യങ്ങളിൽ വണ്ടി ഓടിക്കരുത‌്.

വാഹന ഇൻഷുറൻസ‌് ലഭിക്കാൻ

വാഹനം നഷ്ടപ്പെട്ടവർക്കും കേടുപാടുകൾ സംഭവിച്ചവർക്കും ഇൻഷുറൻസ‌് കമ്പനികളുടെ ഫ്ലഡ‌് കവറേജ‌് ക്ലെയിമിൽ നഷ്ടപരിഹാരം ലഭിക്കും.
വെള്ളത്തിൽ മുങ്ങിയ വാഹനത്തിന്റെ വീഡിയോ, ചിത്രം എന്നിവ പകർത്തണം.
അറ്റകുറ്റപ്പണിക്ക‌ുമുമ്പ‌് ഇൻഷുറൻസ‌് കമ്പനി അധികൃതരുമായി ബന്ധപ്പെട്ട‌് ധാരണയുണ്ടാക്കുക.
വിവിധ ഇൻഷുറൻസ‌് കമ്പനികളുടെ വിലാസം ചുവടെ.
 നാഷണൽ ഇൻഷുറൻസ‌് കമ്പനി (9188044186), claimshub@mic.co.in
ന്യൂഇന്ത്യ അഷ്വറൻസ‌് കമ്പനി (1800--209--1415) nia.760000@newinida.co.in
ഓറിയന്റൽ ഇൻഷുറൻസ‌് (1800--11--8485) kerala.claims@orientalinsurance.co.in
യുണൈറ്റഡ‌് ഇന്ത്യ ഇൻഷുറൻസ‌് (8921792522, 9388643066) keralafloods@uic.co.in

പ്രധാന വാർത്തകൾ
 Top