26 September Saturday

സ്വപ്ന ആൾമാറാട്ടവും നടത്തി: ക്രൈംബ്രാഞ്ച്

വെബ് ഡെസ്‌ക്‌Updated: Monday Jul 20, 2020


തിരുവനന്തപുരം
എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ ലൈംഗിക കുറ്റം സ്ഥാപിച്ചെടുക്കാൻ പ്രതി സ്വപ്ന സുരേഷ് ആൾമാറാട്ടം നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. എയർ ഇന്ത്യ സാറ്റ്സ് വഞ്ചനാ കേസിലാണ് ഈ കണ്ടെത്തൽ.  ഇതേ തുടർന്ന് ആൾമാറാട്ടം, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റം ചുമത്തി കോടതിക്ക് റിപ്പോർട്ട് നൽകി. വഞ്ചനാ കേസിലെ ഒന്നാം പ്രതി ബിനോയ് ജേക്കബിന്റെ യോഗ്യതാ സർട്ടിഫിക്കറ്റും വ്യാജമാണെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്.

സാറ്റ്സ് ഉദ്യോഗസ്ഥയായിരിക്കെ സ്വപ്ന സുരേഷ് എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗിക പീഡന പരാതി നൽകിയെന്നാണ് കേസ്. സാറ്റ്സ് വൈസ് ചെയർമാനായിരുന്ന ബിനോയ് ജേക്കബിനെ നേരത്തെ ഒന്നാം പ്രതിയാക്കിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തെ തുടർന്നാണ് സാറ്റ്സ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന സ്വപ്നയെ രണ്ടാം പ്രതിയാക്കി ശനിയാഴ്ച ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. 

സ്വപ്‌നയിലേക്കെത്തിയത്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിൽ
2016 മാർച്ചിൽ  കണ്ടോൺമെന്റ്‌ പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ ബിനോയ്‌ ജേക്കബ് മാത്രമായിരുന്നു പ്രതി.   2019 ലാണ് കേസ്  ക്രൈംബ്രാഞ്ചിന് കൈമാറിയത്.  സ്വപ്ന സുരേഷിനെ കൂടി പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു.  രണ്ടുതവണ സ്വപ്നയെ  ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തുടരന്വേഷണത്തിനായി ഹാജരാകാൻ വീണ്ടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും അവർ ഒഴിഞ്ഞുമാറി. ഇപ്പോൾ എൻഐഎ കസ്‌റ്റഡി  കാലാവധി തീരുന്ന മുറയ്‌ക്ക്, കസ്റ്റഡിയിൽ  വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച്‌ ശ്രമം.

വ്യാജസർട്ടിഫിക്കറ്റ്‌: സ്വപ്‌നയെ പൊലീസ്‌ ചോദ്യം ചെയ്യും
എൻഐഎ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കന്റോൺമെന്റ്‌ പൊലീസും ചോദ്യം ചെയ്യും. എൻഐഎ നടപടിക്രമം പൂർത്തിയായാൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപിച്ച് ജോലി തരപ്പെടുത്തിയതിന് സ്വപ്നയ്‌ക്കെതിരെ കന്റോൺമെന്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്തേണ്ടതുണ്ട്.

സ്പേസ് പാർക്ക് കരാർ ജോലിക്കാണ് സ്വപ്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപിച്ചത്. മഹാരാഷ്ട്രയിലെ ഡോ. ബാബ സാഹബ് അംബേദ്കർ ടെക്നോളജി യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റാണ് വ്യാജമായി നിർമിച്ചത്. സർടിഫിക്കറ്റ് വ്യാജമാണെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് സ്വപ്ന സുരേഷിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞ 13ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേരള ഐടി ഇൻഫ്രാസ്ട്രക്ചറിന്റെ പരാതിയിലാണ് കേസ്.

വീട്‌ മാറും മുമ്പ്‌ രേഖകൾ നശിപ്പിച്ചു
അമ്പലംമുക്കിലെ ഫ്‌ളാറ്റിലേക്ക്‌ മാറും മുമ്പേ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചില രേഖകൾ സ്വപ്‌നയും സന്ദീപും ചേർന്ന്‌ നശിപ്പിച്ചു. പിടിപി നഗറിലെ പടയണി റോഡിലെ വീട്ടിലാണ്‌ സ്വപ്‌ന ആദ്യം താമസിച്ചത്‌. രണ്ട്‌ വർഷത്തോളം ഇവിടെ കഴിഞ്ഞതിനുശേഷമാണ്‌ അമ്പലംമുക്കിലെ ഫ്‌ളാറ്റിലേക്ക്‌ മാറുന്നത്‌. ഇവിടേക്ക്‌ മാറുന്നതിന്‌ രണ്ട്‌ ദിവസം മുമ്പാണ്‌ രേഖകൾ നശിപ്പിച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top