24 August Saturday

വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: കുന്നത്തുനാട്ടിൽ കോൺഗ്രസിലെ തമ്മിലടി കോടതി കയറുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

കോലഞ്ചേരി> കുന്നത്തുനാട് കോണ്‍ഗ്രസില്‍ ഡിസിസി സെക്രട്ടറിയെ പുറത്താക്കാന്‍ വ്യാജ ഫെയ‌്സ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചെന്ന ആരോപണം കൊഴുക്കുന്നു. ഡിസിസി സെക്രട്ടറി ബി ജയകുമാറിനെ പാര്‍ടിയില്‍നിന്ന് പുറത്താക്കാനാണ് പോസ്റ്റ് നിര്‍മിച്ച‌് പ്രചരിപ്പിച്ചതെന്നാണ‌് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആരോപണം. അന്വേഷണത്തിൽ സഹകരിക്കാത്ത സ്ഥലം എംഎല്‍എ വി പി സജീന്ദ്രന്റെ മൊഴി നല്‍കില്ലെന്ന നിലപാടിലും ദുരൂഹതയുണ്ടെന്ന‌് ഇവർ ആരോപിക്കുന്നു. 

കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് ജയകുമാറിന്റെ പേരിലുള്ള ഫെയ‌്സ്ബുക്ക് അക്കൗണ്ടില്‍നിന്ന‌്, വി പി സജീന്ദ്രൻ എംഎല്‍എയ‌്ക്കെതിരെയുള്ള പോസ്റ്റ് എന്ന പേരില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് ജയകുമാര്‍ കുന്നത്തുനാട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ‌് കേസ‌് എടുത്തിരുന്നില്ല. തുടര്‍ന്ന് കോലഞ്ചേരി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. കേസ‌് എടുക്കാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന‌ാണ‌് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത‌്.  സ്ഥലം എംഎല്‍എയടക്കം പത്തുപേരാണ് കേസിലെ സാക്ഷികള്‍.

എംഎല്‍എയുടെ ഫോണില്‍നിന്ന‌് സ്‌ക്രീന്‍ഷോട്ട് ലഭിച്ച മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളാണിവര്‍. ഇവരുടെ  മൊഴികള്‍  രേഖപ്പെടുത്തുന്നതിനിടയില്‍ത്തന്നെ സംഭവവുമായി ബന്ധപ്പെട്ട‌് ജയകുമാറിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി.  എംഎല്‍എയുടെ മൊഴിയെടുക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങി പൊലീസ് എംഎല്‍എയുടെ താമസസ്ഥലത്ത് കാത്തിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. കുന്നത്തുനാട് സിഐ വി ടി ഷാജൻ  എംഎല്‍എയുമായി ബന്ധപ്പെട്ടെങ്കിലും മൊഴി നല്‍കില്ലെന്ന‌് അറിയിച്ചെന്നാണ് വിവരം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമുതല്‍ സജീന്ദ്രനും ഡിസിസി സെക്രട്ടറിയായ ജയകുമാറും തമ്മില്‍ ഭിന്നത രൂക്ഷമായിരുന്നു. മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ പ്രബലനായിരുന്ന ടി എച്ച് മുസ്തഫ രംഗം വിട്ടതോടെ എല്ലാ ഗ്രൂപ്പുകളെയും വെട്ടിനിരത്തി സ്വന്തം ഗ്രൂപ്പ‌് ഉണ്ടാക്കിയാണ് സജീന്ദ്രന്റെ  പ്രവര്‍ത്തനം. ഇതിനെ ചോദ്യംചെയ്തതാണ് ഭിന്നതയ‌്ക്ക് കാരണമെന്ന‌് അറിയുന്നു. ഇതാണ് വ്യാജ സ്‌ക്രീന്‍ഷോട്ടിനു പിന്നിലെന്നാണ് ജയകുമാറിനെ അനുകൂലിക്കുന്നവരുടെ വാദം. സംഭവവുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ സജീവമാകുന്നതോടെ കുന്നത്തുനാട് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പ്രതിക്കൂട്ടിലാകുമെന്നാണ് വിവരം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top