കൊച്ചി> ഇന്ത്യയിലെ ആദ്യത്തേതും ലോകത്തെ ഏറ്റവും ആധുനികവുമായ ഓഷ്യനേറിയം കൊച്ചിയിലെ പുതുവൈപ്പില്‍ മൂന്നുമാസത്തിനകം സജ്ജമാക്കുന്നതിനുള്ള നടപടിക്ക് തുടക്കമായി. നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനു മുന്നോടിയായി വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുള്ള അടിയന്തര ഉന്നതതലയോഗം ഫിഷറീസ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നു. നിര്‍ദിഷ്ട ഓഷ്യനേറിയത്തിന്റെ നോഡല്‍ ഏജന്‍സിയായി സ്റ്റേറ്റ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് ഏജന്‍സി (ഫിര്‍മ)ക്കും എന്‍ജിനിയറിങ്, ബിഡ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയായി കെഎസ്ഐഡിസി, കിറ്റ്കോ എന്നിവര്‍ക്കും ചുമതല നല്‍കി.
എളങ്കുന്നപ്പുഴ പഞ്ചായത്തിലുള്‍പ്പെടുന്ന പുതുവൈപ്പില്‍ 40 ഏക്കര്‍ സ്ഥലത്താണ് നിര്‍ദിഷ്ട ഓഷ്യനേറിയം പദ്ധതി വിഭാവനംചെയ്തിട്ടുള്ളത്. സിആര്‍ഇസഡ്–1 പരിധിയില്‍വരുന്ന സ്ഥലത്താണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഇതിനായി 20 ഏക്കര്‍ സ്ഥലത്തെ കണ്ടല്‍ക്കാടുകള്‍ നീക്കുന്നതിനാല്‍ പകരം 40 ഏക്കര്‍ സ്ഥലത്ത് കണ്ടല്‍ വച്ചുപിടിപ്പിക്കണമെന്ന് തീരദേശ പരിപാലന അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ച് അതിനുള്ള സ്ഥലവും കണ്ടെത്തി അടയാളപ്പെടുത്തി. പദ്ധതിക്ക് തീരദേശ പരിപാലന അതോറിറ്റി നിബന്ധനപ്രകാരമുള്ള അനുമതി നല്‍കിക്കഴിഞ്ഞു. പാരിസ്ഥിതിക അനുമതിക്കായുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. രണ്ടുമാസത്തിനകം ഈ നടപടിക്രമങ്ങളും പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ലോക ടൂറിസം ഭൂപടത്തില്‍ കൊച്ചിക്ക് പ്രാധാന്യമേറും. ഏറ്റവും ആധുനികമായ ഫിഫ്ത് ജനറേഷന്‍ ഓഷ്യനേറിയത്തില്‍പ്പെടുന്നതാകും നിര്‍ദിഷ്ട പുതുവൈപ്പ് ഓഷ്യനേറിയം. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 15–ാം വാര്‍ഡിലായാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. കടല്‍തീരത്ത് കരയിലായി ഉള്‍ക്കടലിലെ അതേ പ്രകൃതി കൃത്രിമമായി സൃഷ്ടിക്കുകയാണ് ചെയ്യുക. അക്രിലിക് ചില്ലുകൊണ്ട് കിലോമീറ്ററുകളോളം തുരങ്കപാത സൃഷ്ടിക്കും. അതിലൂടെ യാത്രചെയ്യുമ്പോള്‍ കടലിന്റെ അടിത്തട്ടില്‍ എന്തൊക്കെ ദൃശ്യമാകുമോ അതെല്ലാം സന്ദര്‍ശകന് കാണാനാകും. പവിഴപ്പുറ്റുകള്‍, സസ്യജാലങ്ങള്‍, പ്രദര്‍ശിപ്പിക്കുന്നതിന് നിരോധമില്ലാത്ത വിവിധയിനം കടല്‍ജീവികള്‍, കടല്‍മത്സ്യങ്ങള്‍ എന്നിവയെല്ലാം ഓഷ്യനേറിയത്തില്‍ ഉണ്ടാകും. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇന്ത്യയിലെ ഏക ഓഷ്യനേറിയമെന്ന ഖ്യാതികൂടി വരുന്നതോടെ കൊച്ചിയുടെ വിനോദസഞ്ചാര സാധ്യതകള്‍ ഏറും.
ലോകപ്രശസ്തമായ ഓഷ്യനേറിയങ്ങള്‍ ഇപ്പോള്‍ ഉള്ളത് സിംഗപ്പുരിലും ചൈനയിലും മറ്റുമാണ്. ചില ഗള്‍ഫ് രാഷ്ട്രങ്ങളിലും ചെറിയ ഓഷ്യനേറിയങ്ങളുണ്ട്. എന്നാല്‍ ഇവയെല്ലാം മൂന്നാം ജനറേഷനില്‍പ്പെട്ടവയാണ്. മാത്രമല്ല, ഇത്രയേറെ വിസ്തൃതിയുമില്ല. പുതുവൈപ്പിലെ നിര്‍ദിഷ്ട പദ്ധതിക്കായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കുമ്പോള്‍ 480 കോടി രൂപയാണ് ഉദ്ദേശ പദ്ധതിച്ചെലവായി കണ്ടിരുന്നത്. ആറുവര്‍ഷത്തിനുശേഷം ആധുനിക ഓഷ്യനേറിയം യാഥാര്‍ഥ്യമാകണമെങ്കില്‍ പദ്ധതിച്ചെലവ് ഇനിയുമേറും. പാരിസ്ഥിതിക അനുമതികളെല്ലാം ലഭ്യമായിക്കഴിഞ്ഞാല്‍ ആഗോള ടെന്‍ഡര്‍ വിളിക്കല്‍ നടപടിയാണ് ആദ്യം നടത്തുക. ഇതിനുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് നിര്‍ദിഷ്ട പദ്ധതിയുടെ നോഡല്‍ ഓഫീസറും ഫിര്‍മ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പി സഹദേവന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..