25 August Sunday

പുസ‌്തക താലപ്പൊലിയുമായി കുട്ടികൾ; വായനപക്ഷാചരണത്തിന് ഗംഭീര തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019


കൊച്ചി
യുവതലമുറയ്ക്ക് അക്ഷരവെളിച്ചം പകർന്ന്, വായിച്ച‌് വളരുകയെന്ന സന്ദേശവുമായി വായനപക്ഷാചരണത്തിന് ജില്ലയിൽ തുടക്കം. എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനപക്ഷാചരണം കുറുമശേരിയിൽ പുസ‌്തകങ്ങളുമേന്തി വിദ്യാർഥികൾ നടത്തിയ താലപ്പൊലി ഘോഷയാത്രയോടെ ആരംഭിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, എൻഎസ്എസ് തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ‌്  സംഘാടനം.

കുറുമശേരി ഗവ. യുപി സ്കൂളിൽനിന്ന‌് പുസ്തകതാലപ്പൊലിയോടെ ആരംഭിച്ച സാംസ്കാരിക ജാഥയുടെ ഉദ്ഘാടനം കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് നിർവഹിച്ചു.  മനുഷ്യരായി വളരാനുള്ള ഉത്തമമായ മാർഗം വായനയാണെന്നും അപകടകരമായ സാമൂഹ്യ സാഹചര്യത്തിൽനിന്ന‌് വിമോചനം നൽകാൻ വായനയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കുറുമശേരി കമ്യൂണിറ്റി ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനം കേരള സ‌്റ്റേറ്റ‌് ലൈബ്രറി കൗൺസിൽ എക‌്സിക്യൂട്ടീവ‌് അംഗം എസ് രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ‌് പി ആർ രഘു, സെക്രട്ടറി എം ആർ  സുരേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ എന്നിവരുടെ നേതൃത്വത്തിൽ അക്ഷരദീപം തെളിയിച്ചു.

കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ഗ്രാമീണ വായനശാല സംഘടിപ്പിച്ച നൃത്തശിൽപ്പം അരങ്ങേറി. അഭിനേതാവും സംവിധായകനുമായ വിനോദ് കോവൂർ രചനയും സംവിധാനവും അഭിനയവും നിർവഹിച്ച മലയാളം ഷോർട്ട് ഫിലിം ആകസ്മികം  പ്രദർശിപ്പിച്ചു. തുടർന്ന്  ‘വിനോദ് കോവൂരും കുട്ട്യോളും’ പരിപാടിയിൽ വിനോദ‌് കുട്ടികളുമായി സർഗ സംവാദം നടത്തി.

എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ ബാലവേദിയുടെ  നാടകം ‘മുത്തച്ഛന്റെ പ്രമാണം’ അവതരിപ്പിച്ചു. കലാമണ്ഡലം ഷൺമുഖൻ നളനായും വിജയകുമാർ ദമയന്തിയുമായി വേഷമിട്ട നളചരിതം ഒന്നാം ദിവസം കഥകളിയും അരങ്ങേറി. സാഹിത്യകാരന്മാരുടെ ചിത്രപ്രദർശനവും നടത്തി.

ജില്ലാ ശിശുക്ഷേമ സമിതിയുടെ വായനദിനാചരണത്തിന്റെ ജില്ലാതല ഉദ‌്ഘാടനം എസ്ആർവി എൽപി സ്കൂളിൽ പ്രൊഫ. എം കെ  സാനു നിർവഹിച്ചു. ശിശു ക്ഷേമസമിതി ഉപാധ്യക്ഷൻ അഡ്വ. കെ എസ് അരുൺകുമാർ അധ്യക്ഷനായി.


പ്രധാന വാർത്തകൾ
 Top