12 November Tuesday

ഓർമകൾ, എന്തെന്തോർമകൾ; കെ ആർ ഗൗരിയമ്മയുടെ നൂറ്റൊന്നാം പിറന്നാൾ ആഘോഷം നാളെ

ടി ആർ അനിൽകുമാർUpdated: Thursday Jun 20, 2019

ഗൗരിയമ്മ ആലപ്പുഴ കളത്തിപ്പറമ്പിൽ ചാത്തനാട്ടെ വസതിയിൽ ഫോട്ടോ: ഷിബിൻ ചെറുകര

ആലപ്പുഴ
നൂറുവയസ്സ‌് കഴിഞ്ഞിട്ടും ഇങ്ങനെ ഇരുന്ന‌് വർത്തമാനം പറയുന്നവർ വേറെ ആരാടോ?  മറുപടി പറയിച്ചേ പിന്നെ മിണ്ടിയുള്ളൂ. നൂറാംപിറന്നാൾ ആഘോഷിച്ചല്ലോ. അതിന്റെ കടവും വീട്ടി. അതൊക്കെ മതി. ഇത‌് ഞാൻ ആരെയും വിളിച്ചിട്ടില്ല. ആരൊക്കെയൊ നടത്തുകയല്ലേ. – നൂറ്റൊന്നാംപിറന്നാളിനെക്കുറിച്ചു പറഞ്ഞപ്പോൾ ഗൗരിയമ്മയുടെ മുഖത്ത‌് ആദ്യം വിരിഞ്ഞത‌് ദേഷ്യം. ഓർമകൾ വീണ്ടെടുക്കുമ്പോൾ നൂറ്റൊന്നാം പിറന്നാൾ തലേന്നും അവർ പുഞ്ചിരിച്ചു.

സമരമുഖങ്ങ‌ളിലും കേരളപിറവിയോടൊപ്പം പിറന്ന ജനകീയ ഭരണത്തിലും ധീരതയുടെ പര്യായമായി മാറിയ ഗൗരിയമ്മ. 1919 ജൂലൈ 14നാണ‌് ജനിച്ചതെങ്കിലും പിറന്ന നാളായ മിഥുനത്തിലെ തിരുവോണം വെള്ളിയാഴ‌്ചയാണ‌്. അന്നാണ‌് ആഘോഷവും.

"ശബരിമലയെന്നല്ല, ഏതു പൊതുസ്ഥലങ്ങളിലും പുരുഷനും സ‌്ത്രീയ‌്ക്കും തുല്യ അവകാശമാണ‌്. ഇഷ്‌ടമില്ലാത്തവർ പോകണ്ട എന്ന സ്വാതന്ത്ര്യവുമുണ്ടല്ലോ'.–- ഗൗരിയമ്മയുടെ വാക്കുകൾക്ക‌് നിലപാടുകളുടെ  തിളക്കം. ചേച്ചിയുടെ മകൾ പൊടിതുടച്ചു കൊണ്ടുവന്ന വിവാഹ ഫോട്ടോ കൈയിൽ വാങ്ങി സൂക്ഷിച്ചുനോക്കിയപ്പോൾ  കണ്ണുകൾ നിറഞ്ഞു. "ടി വി  ബോംബേയിൽ ആശുപത്രിയിൽ കിടക്കുമ്പോൾ  രണ്ടാഴ‌്ച അവിടെ നിന്നു കണ്ടതാ. പിന്നെ മരിച്ച‌്  ഇവിടെകൊണ്ടുവന്നാ കാണുന്നത‌്.'_ സാരിതുമ്പാൽ അവർ മുഖം തുടച്ചു. -

ഇന്നലെകളിലേക്ക‌് പോയപ്പോൾ ചിരിയും കൂട്ടിനെത്തി. "എറണാകുളത്ത‌് മഹാരാജാസിൽ ഇന്റർമീഡിയറ്റ‌് പഠിക്കുമ്പോൾ ഞാൻ ലിറ്റററി അസോസിയേഷൻ സെക്രട്ടറിയായിരുന്നു. ഒരു യാത്രയയപ്പ‌്  ചടങ്ങിൽ പണ്ഡിറ്റ‌് കറുപ്പൻ എഴുതിയ സ്വാഗതഗാനം ഞാനാണ‌് പാടിയത‌്. സ്വാഗതം പറഞ്ഞതും ഞാനായിരുന്നു. വരികൾ ഓർമ്മയില്ല. വല്യ കൈയടിയായിരുന്നു. വീട്ടിൽ ചേച്ചിമാരൊക്കെ പാടും, വീണ വായിക്കും. അങ്ങനെ കിട്ടീതാ എനിക്കും പാട്ട‌്. മഹാരാജാസിൽ എന്റെ ക്ലാസിൽ കവി ചങ്ങമ്പുഴയുമുണ്ടായിരുന്നു. വല്ലപ്പോഴും വരുന്നതുകൊണ്ട‌് ഞങ്ങൾക്കറിയില്ലായിരുന്നു. ഒരു ദിവസം കുറ്റിപ്പുഴ സാറാ ചോദിച്ചത‌് നിങ്ങൾക്ക‌് ചങ്ങമ്പുഴയെ കാണണോ എന്ന‌്. അന്ന‌് "രമണൻ' വലിയ പ്രചാരം കിട്ടുന്ന സമയമായിരുന്നു. ഞങ്ങൾ പറഞ്ഞതും സാറ‌് എഴുന്നേൽപിച്ചു നിർത്തി കവിയെ. അന്നേ കേമനായിരുന്നു.

കാനനഛായയിൽ ആടുമേയ‌്ക്കാൻ ഞാനും വരട്ടെയോ ഒക്കെ പാടി നടക്കുന്ന കാലം... എന്നെ വല്യ ഇഷ്ടായിരുന്നു. പിന്നെ സെന്റ‌് തെരേസാസിലെയും എറണാകുളം ലോ കോളേജിലെയും പഠനകാലം. ജയിലിൽ കിടക്കുമ്പോൾ പഴയ കൂട്ടുകാർ കാണാൻ വന്നതൊക്കെ ഓർമ്മയുണ്ട‌്.' –- ഗൗരിയമ്മ പോയകാലം ചെറുതായി വരച്ചു.

1946വരെയുള്ള സംഭവങ്ങൾ എഴുതി നിർത്തിയ ആത്മകഥയുടെ ബാക്കിയെക്കുറിച്ചു ചോദിച്ചപ്പോൾ ഇതായിരുന്നു മറുപടി. "100 വയസുവരെയുള്ളതു എഴുതി കൊടുത്തിട്ടുണ്ട‌്. വൈകുകയാണ‌്. അത‌് വേഗം പ്രസിദ്ധീകരിക്കാൻ പറഞ്ഞിട്ടുണ്ട‌്. അച്ഛൻ കളത്തിപറമ്പിൽ രാമൻ തന്നെയാണ‌് എനിക്കു മാതൃക. അച്ഛനോടായിരുന്നു കൂടുതൽ ഇഷ്‌ടം. പട്ടണക്കാട‌് കളത്തിപറമ്പിൽ ഏക്കർകണക്കിന‌് നിലവും വലിയ പുരയിടവുമൊക്കെയുണ്ടായിരുന്നു. എന്നാൽ എനിക്കു വരുമാനമൊന്നുമില്ല അന്നും. 1957,67 മന്ത്രിസഭയിൽ അംഗമായിരിക്കെ നിസാര വരുമാനം മാത്രം. അതു ടിവിയുടെ ചികിൽസക്കുമായി'‌.

വയസ‌് 101 ആയെങ്കിലും കളത്തിപറമ്പിൽ ചാത്തനാട്ടെ വസതിയിൽ  ഇലയനങ്ങിയാൽ ഗൗരിയമ്മ അറിയും. രാവിലെ ആറിനുണർന്നാൽ എല്ലാ പത്രവും വായിച്ച‌് കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞ‌് പത്തിന‌് ചെറിയ ഉറക്കം. പിന്നെ 12ന‌് ഉണർന്ന‌്  ഭക്ഷണവും കഴിച്ച‌് കിടക്കും.

വൈകീട്ട‌് നാലിന‌് ഉണരും. വൈകീട്ട‌് കുറച്ചുസമയം ടിവിയിൽ വാർത്ത കാണും. അതു കഴിഞ്ഞേ ഉറങ്ങൂ. മധുരമാണ‌് ഇഷ്‌ടം. ചെറിയ മരുന്നുകളൊക്കെയുണ്ട‌്.
സാരിത്തുമ്പിൽ എപ്പോഴും കാണുന്ന  താക്കോൽകൂട്ടത്തെക്കുറിച്ചു ചോദിച്ചപ്പോൾ;  ‘അതിരിക്കട്ടെ ഞാൻ ഒറ്റക്കല്ലേ. ഞാൻ എന്നും ഒറ്റക്കാണല്ലോ; പാവം.’ പിന്നെ കണ‌്ഠമിടറി.


പ്രധാന വാർത്തകൾ
 Top