17 October Thursday

ആന്തൂർ ഓഡിറ്റോറിയം അനുമതി : നഗരസഭ വീഴ‌്ചവരുത്തിയിട്ടില്ല: ചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019


സ്വന്തം ലേഖകൻ
പാർഥാസ് ഓഡിറ്റോറിയം ഉടമയുടെ മരണത്തിൽ ആന്തൂർ നഗരസഭയ‌്ക്കെതിരായ പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്നും ചട്ടവിരുദ്ധമായ നടപടിക്രമങ്ങൾ നടത്തിയിട്ടില്ലെന്നും നഗരസഭാ ചെയർമാൻ പി കെ ശ്യാമള. കെട്ടിട ഉടമ സാജൻ പാറയിലിന്റെ മരണവുമായി  ബന്ധപ്പെട്ട് നഗരസഭയെ പ്രതിസ്ഥാനത്ത് നിർത്താനാണ് പലരും ശ്രമിക്കുന്നത്. കുറ്റിക്കോലിൽ ദേശീയപാതക്കു സമീപം കെട്ടിടനിർമാണത്തിന് 2013 ഒക്ടോബർ പത്തിനാണ‌് തളിപ്പറമ്പ് നഗരസഭയിൽ അപേക്ഷ നൽകിയത്.

അപാകം ചൂണ്ടിക്കാട്ടി ആഗസ്തിൽ അപേക്ഷ തിരിച്ചയച്ചു. ആവശ്യമായ രേഖകൾ ഹാജരാക്കി 2016ലാണ് പെർമിറ്റ് അംഗീകരിച്ചത‌്. 2017ൽ നിർമാണ പ്രവൃത്തി തുടങ്ങി. പരാതി ലഭിച്ചതിനെതുടർന്ന് നടത്തിയ പരിശോധനയിൽ അനധികൃത നിർമാണം ശ്രദ്ധയിൽപെട്ടു.  അപാകം ചൂണ്ടിക്കാട്ടുകയും പരിഹരിക്കാൻ രേഖാമൂലം ആവശ്യപ്പെടുകയും ചെയ‌്തു. മറുപടി തൃപ്തികരമല്ലാത്തതിനാൽ അനധികൃത നിർമാണം പൊളിച്ചുനീക്കാൻ നഗരസഭ വീണ്ടും നോട്ടീസ് നൽകി. 

റോഡുമായുള്ള അകലം പാലിക്കാതെ ചുറ്റുമതിൽ കെട്ടിയതും റോഡരികിൽ സ്ലാബ് നിർമിച്ചതും നിയമലംഘനമായതിനാൽ പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ടു. ഇതിനു തയ്യാറാകാതെ ഉടമ  ജില്ലാ ടൗൺപ്ലാനറും നഗരസഭാ ഉദ്യോഗസ്ഥരും സംയുക്തമായി സ്ഥലം പരിശോധിക്കണമെന്ന് അപേക്ഷ നൽകി. 2018 ഒക്ടോബർ 31ന‌് നടത്തിയ സംയുക്ത പരിശോധനയിലും അപാകം കണ്ടെത്തി. പാർക്കിങ് സ്ഥലത്തിനുമുകളിൽ നിർമിച്ച സ്ലാബ് പൊളിച്ചുനീക്കുമെന്നും റോഡിനോടുചേർന്ന പൊതുസ്ഥലം ഉപയോഗിക്കില്ലെന്നും രേഖാമൂലം ഉറപ്പു ലഭിച്ചതിനെതുടർന്നാണ് കെട്ടിടനിർമാണം പുനരാരംഭിച്ചത‌്. 

കഴിഞ്ഞ ഏപ്രിൽ 12നാണ് ഉടമസ്ഥാവകാശ രേഖയ‌്ക്കായി അപേക്ഷകൻ കംപ്ലീഷൻ പ്ലാൻ നഗരസഭയിൽ സമർപ്പിച്ചത്. ഇതിൽ അപാകമുണ്ടെന്നും പരിഹരിക്കുന്ന മുറയ്ക്ക് ഉടമസ്ഥാവകാശ രേഖ നൽകാമെന്നും അറിയിച്ചു. അപാകം പരിഹരിച്ച് മെയ് 24ന് വീണ്ടും സമർപ്പിച്ച പ്ലാൻ 28ന് റിപ്പോർട്ടോടെ സെക്രട്ടറിക്ക് കൈമാറി. സെക്രട്ടറി പ്ലാനും സ്ഥലവും പരിശോധിച്ച്  ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന്, ന്യൂനതകൾ പരിഹരിക്കുന്നതിന് നോട്ടീസ് തയ്യാറാക്കിക്കൊണ്ടിരിക്കയായിരുന്നു.

അനുവദിച്ച പ്ലാനിനു വിരുദ്ധമായി നിർമാണം നടത്തിയതിനെതുടർന്നുള്ള  സ്വാഭാവിക കാലതാമസം മാത്രമാണ‌് ഇവിടെ സംഭവിച്ചത‌്. ബോധപൂർവമായ വീഴ‌്ച നഗരസഭ വരുത്തിയിട്ടില്ല. സാജന്റെ കുടുംബാംഗങ്ങളും മറ്റും പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും ചെയർമാൻ പി കെ ശ്യാമള വ്യക്തമാക്കി. സ്ഥിരംസമിതി അധ്യക്ഷന്മാരായ പി പി ഉഷ, കെ പി ശ്യാമള, വി പുരുഷോത്തമൻ, കെ രവീന്ദ്രൻ, എ പ്രിയ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top