26 August Monday

ബദൽ യോഗങ്ങളുമായി ജോസഫ‌്; യുഡിഎഫ‌് സമവായ ശ്രമം തുടങ്ങി

പ്രത്യേക ലേഖകൻUpdated: Thursday Jun 20, 2019



ജോസ‌് കെ മാണി പക്ഷത്തിന‌് ബദലായി നേതൃയോഗങ്ങൾ വിളിക്കാൻ പി ജെ ജോസഫ‌് വിഭാഗം നീക്കം തുടങ്ങി. പാർലമെന്ററി പാർടിയും ഉന്നതാധികാര സമിതിയും വിളിച്ചുചേർത്ത‌് പ്രത്യേക പാർടിയായി പ്രവർത്തനം തുടങ്ങാനാണ‌് ജോസഫ‌്പക്ഷ നേതാക്കളുടെ തീരുമാനം. ജോസ‌് പക്ഷത്തെ പിന്തുണയ‌്ക്കുന്നവരെ ഒഴിവാക്കി ജില്ലാ കമ്മിറ്റികളെ ഉടനെ പ്രഖ്യാപിക്കും. തുടർന്ന‌് സംസ്ഥാന കമ്മിറ്റി വിളിച്ച‌് സി എ‌ഫ‌് തോമസിനെ ചെയർമാനായി തെരഞ്ഞെടുക്കും.

സി എ‌ഫ‌് തോമസിനെ മുന്നിൽ നിർത്തിയുള്ള നീക്കമാണ‌് ജോസഫ‌് വിഭാഗം സജീവമാക്കിയത‌്. യുഡിഎഫ‌് നേതാക്കൾ സമവായ ശ്രമം തുടങ്ങിയെങ്കിലും ഇതുവരെ എങ്ങുമെത്തിയില്ല. ജോസുമായി ചർച്ച നടത്തിയ ശേഷം മറുപടി അറിയിക്കാമെന്നാണ‌് ജോസഫിനോട‌് അവർ പറഞ്ഞത‌്. യുഡിഎഫ‌് നേതൃത്വത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന‌് മോൻസ‌് ജോസഫ‌് എംഎൽഎ പറഞ്ഞു. അതിന‌ുശേഷം അടുത്ത നടപടികൾക്ക‌് അന്തിമരൂപം നൽകും. ജോസ‌് കെ മാണിയെ ചെയർമാനായി അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ‌് ജോസഫ‌് പക്ഷം. ഇക്കാര്യം യുഡിഎഫ‌് നേതാക്കളോട‌് ജോസഫ‌് തന്നെ വ്യക്തമാക്കിയിട്ടുണ്ട‌്.

അതേസമയം പാലാ സീറ്റിൽ തർക്കമില്ലെന്ന‌് യുഡിഎഫ‌് നേതൃത്വത്തോട‌് ജോസഫ‌് അറിയിച്ചിട്ടുണ്ട‌്. ഇക്കാര്യം ജോസ‌് കെ മാണിയെ ധരിപ്പിച്ച‌് തർക്കം പരിഹരിക്കാനുള്ള ഫോർമുലയാണ‌് യുഡിഎഫ‌് തയ്യാറാക്കുന്നത‌്.


പ്രധാന വാർത്തകൾ
 Top