05 July Tuesday

മാനം തെളിഞ്ഞു; മനം നിറച്ച്‌ ജോ

അമൽ ഷൈജുUpdated: Friday May 20, 2022

തൃക്കാക്കര നഗരസഭയിലെ ശുചീകരണത്തൊഴിലാളികൾ നൽകിയ സ്വീകരണത്തിന് നന്ദി പറയുന്ന ഡോ. ജോ ജോസഫ്


കൊച്ചി
തകർത്തുപെയ്ത മഴയ്ക്കുമുന്നിലും കീഴടങ്ങാതെ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ പൊതുപര്യടനം നാലുദിനം പിന്നിട്ടു. വ്യാഴം രാവിലെ ഏഴരയോടെ തീരുമാനിച്ചിരുന്ന പൊതുപര്യടനം കനത്ത മഴയെ തുടർന്ന്‌ ഉച്ചയോടെയാണ്‌ ആരംഭിച്ചത്‌. മഴ കനത്തെങ്കിലും വോട്ടർമാരെ കാണുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന്‌ ഡോ. ജോ ജോസഫ്‌. ഇതോടെ തുറന്നവാഹനം ഒഴിവാക്കി കാറിൽ സ്വീകരണകേന്ദ്രങ്ങളിലേക്ക്‌. എല്ലാ സ്വീകരണകേന്ദ്രത്തിലും സ്ഥാനാർഥിയെത്തി. രാവിലെ ഏഴരയോടെ തൃക്കാക്കര നഗരസഭയിലെ ശുചീകരണത്തൊഴിലാളികളെ കണ്ട് ആശീർവാദം തേടിയായിരുന്നു തുടക്കം. വൈറ്റില വെസ്റ്റിലെ ആമ്പേലിപ്പാടിയിലെത്തി വോട്ട്‌ തേടി. മുദ്രാവാക്യങ്ങൾ നിറഞ്ഞ ആദ്യകേന്ദ്രത്തിൽനിന്ന്‌ പൊന്നുരുന്നിയിലെ റെയിൽ നഗറിലേക്ക്‌. സ്ഥാനാർഥി എത്തിയപ്പോൾ ചിലയിടങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടുദുരിതം വിശദീകരിച്ച്‌ ജനങ്ങൾ ചുറ്റുംകൂടി. മഴക്കാലമായാൽ പാലാതുരുത്തി റെയിൽ നഗർ തോടിൽ വെള്ളമുയരും. സമീപത്തെ വീടുകളുടെ മുറ്റത്തും അകത്തുമെല്ലാം നിറയും.

കുടിവെള്ളത്തിലടക്കം മലിനജലം കലരുന്നതോടെ കുടിക്കാനും വെള്ളമില്ലാത്ത അവസ്ഥയാണ്‌. വീടുകളിലേക്ക് പോകാനുള്ള വഴികളിലും മുട്ടോളം വെള്ളമുണ്ടിപ്പോൾ. അഴുക്കുകലർന്ന വെള്ളത്തിൽനിന്ന്‌ അസുഖം പിടിക്കുമെന്നുറപ്പാണ്. അടിയന്തരമായി മേയറുമായി ചർച്ച ചെയ്ത് പരിഹാരമൊരുക്കാമെന്ന് ഡോ. ജോ ജോസഫ് ഉറപ്പുനൽകി.

തുടർന്ന്‌ കുഞ്ഞൻബാവ റോഡ്, പാരഡൈസ് റോഡ്, പൊന്നുരുന്നി നോർത്ത് എന്നിവിടങ്ങളിൽ വോട്ട്‌ അഭ്യർഥിച്ചശേഷം പൊന്നുരുന്നി ശ്രീനാരായേശ്വരം ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിലെ പ്രസാദക്കഞ്ഞിയും പായസവും കുടിച്ച്‌ ദർശനത്തിന്‌ എത്തിയവരോടും ക്ഷേത്രം ഭാരവാഹികളോടും പിന്തുണ തേടി. സെന്റ് പാട്രിക്‌സ് റോമൻ കാത്തലിക് പള്ളിയിലെത്തി വികാരി ജീൻ ഫെലിക്‌സിനെ കണ്ട്‌ പിന്തുണ തേടി.

മഴ പിന്മാറിയതോടെ ഉച്ചയ്ക്കുശേഷം പൊതുപര്യടനം തുറന്നവാഹനത്തിൽ ആരംഭിച്ചു. മാമംഗലത്ത്‌ എം എം മണി എംഎൽഎ ഉദ്‌ഘാടനം ചെയ്തു. വി ശിവദാസന്‍ എംപി, എംഎൽഎമാരായ പി എച്ച് കുഞ്ഞമ്പു, കാനത്തില്‍ ജമീല, ആന്റണി ജോണ്‍, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി, സി കെ പരീത് തുടങ്ങിയവര്‍ പങ്കെടുത്തു.

ഉജ്വല സ്വീകരണം ഏറ്റുവാങ്ങി താറേപ്പറമ്പിലെത്തി. പാടിവട്ടം കൊടുംപറമ്പ് പിന്നിട്ട് നേതാജി ജങ്‌ഷനിൽ എത്തിയപ്പോൾ തെയ്യം കലാകാരൻ പൂക്കൾ നൽകി സ്വീകരിച്ചു. പിന്നാലെ ബാങ്കര്‍ ജങ്‌ഷന്‍, പാടിവട്ടം സ്കൂള്‍ ജങ്‌ഷന്‍, തളിപ്പറമ്പ് ജങ്‌ഷന്‍, വട്ടംതിട്ട, ശ്രീകല റോഡ് തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് നാലാംദിവസത്തെ പര്യടനം ആലിന്‍ചുവട്ടില്‍ സമാപിച്ചു.

ഡോ. ജോ ഇന്ന്‌ 
പൂണിത്തുറയിലും വൈറ്റിലയിലും
എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫ്‌ വെള്ളിയാഴ്ച പൂണിത്തുറ, വൈറ്റില മേഖലകളിൽ പര്യടനം നടത്തും. പകൽ 3.30ന്‌ പൂണിത്തുറ ചാരത്തുഭാഗത്ത്‌ സിപിഐ സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി സത്യൻ മൊകേരി പര്യടനം ഉദ്‌ഘാടനം ചെയ്യും. കാരടിച്ചിറ, കസ്റ്റംസ്‌ കോളനി, മാങ്കുഴി തൊണ്ടി എന്നിവിടങ്ങളിൽ പര്യടനം നടത്തും.

അഞ്ചരയോടെ വൈറ്റില മേഖലയിലെ എ കെ ജി റോഡ്‌, വൈലോപ്പിള്ളി റോഡ്‌, പൊന്നുരുന്നി മാർക്കറ്റ്‌ റോഡ്‌ എന്നിവിടങ്ങളിൽ പര്യടനം നടത്തി കോസ്‌മോസ്‌ റോഡിൽ സമാപിക്കും. രാവിലെ വ്യക്തികളെ നേരിൽക്കണ്ടും വിവിധ സ്ഥാപനങ്ങളിലെത്തിയും വോട്ടഭ്യർഥിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top