25 June Saturday

നവകേരള സൃഷ്ടിക്കായി 
തൊഴിലാളികൾ രംഗത്തിറങ്ങണം

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022


കൊല്ലം
നവകേരള സൃഷ്ടിക്കായി ചുമട്ടുതൊഴിലാളികൾ രംഗത്തിറങ്ങണമെന്ന്‌ കേരള ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. മുതലാളിത്ത സമൂഹത്തിനുവേണ്ടി നിലകൊള്ളുന്ന കേന്ദ്രനയങ്ങൾക്ക്‌ എൽഡിഎഫ്‌ സർക്കാർ ബദൽനയങ്ങൾ മുന്നോട്ടുവയ്‌ക്കുകയാണ്‌. നികുതി പിരിക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശം പോലും കേന്ദ്ര സർക്കാർ നിഷേധിക്കുന്ന സാഹചര്യത്തിലാണ് ബദൽ കാഴ്ചപ്പാടോടെ പിണറായി  സർക്കാർ പുതിയൊരു കേരളം സൃഷ്ടിക്കുന്നത്.

ബദൽ നയങ്ങളുടെ അടിത്തറയിൽ കേരളത്തെ പുതുക്കിപ്പണിയാനുള്ള യജ്ഞത്തിൽ തൊഴിലാളിവർഗത്തിന്റെ കലവറയില്ലാത്ത പിന്തുണ അനിവാര്യമാണ്. ബൂർഷ്വാമാധ്യമങ്ങളും ചില സ്വകാര്യ സംരംഭകരും സർക്കാരിനെതിരായ നിരന്തര പ്രചാരണത്തിലാണ്‌. വൈജ്ഞാനികസമൂഹമായി മാറാൻ പോകുന്ന കേരളത്തിൽ വിദ്യാഭ്യാസ യോഗ്യതയ്‌ക്കും കഴിവിനും അനുസരിച്ച്‌ തൊഴിൽ ലഭിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണം. ചുമട്ടുതൊഴിലാളികളുടെ വാങ്ങൽ കഴിവും ജീവിതനിലവാരവും  മെച്ചപ്പെടുത്തണം. സർവതോന്മുഖമായ സാമൂഹ്യപുരോഗതിക്ക്‌ തൊഴിലാളികൾ ഒന്നിച്ച് അണിനിരക്കണം. തൊഴിലാളികൾക്ക്‌ എതിരായ കോടതിവിധികൾ ആധുനിക സമൂഹത്തിന്‌ യോജിച്ചതല്ലെന്നും പ്രമേയത്തിൽചൂണ്ടിക്കാട്ടി. ഫെഡറേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി കെ ശശി പ്രമേയം അവതരിപ്പിച്ചു.

കരുത്തറിയിച്ച്‌ ചുമട്ടുതൊഴിലാളി പ്രകടനം , കൊല്ലം നഗരം നീലക്കടലായി
ഒട്ടേറെ വീറുറ്റ പ്രക്ഷോഭങ്ങൾക്ക്‌ വേദിയായ കൊല്ലം നഗരത്തെ നീലക്കടലാക്കി ചുമട്ടുതൊഴിലാളി പ്രകടനം. നീല ഷർട്ടും ചുവന്ന ലുങ്കിയും ധരിച്ച്‌ ചെങ്കൊടിയേന്തിയ പതിനായിരക്കണക്കിന്‌ ചുമട്ടുതൊഴിലാളികൾ അണിനിരന്ന മഹാറാലിയോടെ രണ്ടുനാൾ നീണ്ട കേരള ഹെഡ്‌ലോഡ്‌ ആന്‍ഡ് ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു)സംസ്ഥാന സമ്മേളനത്തിന്‌ സമാപനം.

തൊഴിലാളികളുടെ സംഘശക്തി വിളിച്ചോതി ചിട്ടയോടെ നീങ്ങിയ പ്രകടനം കാണാൻ നഗരവീഥിയിൽ നൂറുകണക്കിനാളുകളാണ്‌ ഒത്തുചേർന്നത്‌. ആശ്രാമം മെതാനിയിൽനിന്ന്‌  വ്യാഴാഴ്‌ച വൈകിട്ട്‌ നാലിന്‌ ആരംഭിച്ച പ്രകടനത്തിന്‌ ഏറ്റവും മുന്നിലായി കുട്ടികളുടെ റോളർ സ്‌കേറ്റിങ് നീങ്ങി. ബാനറിനു പിന്നിലായി ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളും തൊട്ടുപിന്നിലായി പതിനാലാം സംസ്ഥാന സമ്മേളനം വിളിച്ചറിയിച്ച്‌ കൂറ്റൻ ചെങ്കൊടിയേന്തി 14 തൊഴിലാളികളും അണിചേർന്നു. പിന്നാലെ സമ്മേളന പ്രതിനിധികളും തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽനിന്നുള്ള തൊഴിലാളികളും നീങ്ങി.

ബാന്‍ഡും ചെണ്ടയും  പ്രകടനത്തിന്‌ മേളക്കൊഴുപ്പേകി. ക്യുഎസി മൈതാനിയിലെ കെ തുളസീധരൻ നഗറിൽ പൊതുസമ്മേളനം ആരംഭിച്ചിട്ടും റാലി അവസാനിച്ചിരുന്നില്ല. വഴിയോരങ്ങളിൽ വിവിധ വർഗബഹുജന സംഘടനകളും സർവീസ്‌ സംഘടനകളും അഭിവാദ്യം അർപ്പിച്ചു.

പൊതുസമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്‌തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ അധ്യക്ഷനായി. എ എം ഇക്ബാൽ സ്വാഗതം പറഞ്ഞു.  സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിഅമ്മ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് ജയമോഹൻ, സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ്, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, കെ രാജഗോപാൽ, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമു, ട്രഷറർ എം എച്ച് സലിം തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top