17 September Tuesday

ഇതാ ജോസഫിന്റെ മാന്തോട്ടം

ആർ ഹേമലതUpdated: Monday May 20, 2019

           

കൊച്ചി
വീടിന്റെ ടെറസിനെ മാവിൻ തോട്ടമാക്കി കൊച്ചി സ്വദേശി ജോസഫ‌്. അഞ്ച‌് സെന്റ‌് സ്ഥലത്ത‌് 22 വർഷം മുമ്പുവച്ച വീടിന്റെ 800 ചതുരശ്രഅടി വിസ‌്തീർണം വരുന്ന ടെറസിലാണ‌് മാവ‌ിൻ തോട്ടം. 40 ഇനം മാവുകളാണ‌് മുണ്ടംവേലി നടുവത്ത‌് റോഡിൽ പുത്തൻപറമ്പിൽ പി എഫ്‌ ജോസഫിന്റെ ടെറസിൽ വളരുന്നത‌്. ചെറുപ്പം മുതൽ കൃഷിയോട‌് വല്ലാത്ത ഇഷ‌്ടമായിരുന്നു. കൃഷിചെയ്യുന്നവർക്കുള്ള വരുമാന പരിധിയിൽനിന്ന‌് വീടിന്റെ പ്രാരാബ‌്ധങ്ങൾ നിറവേറ്റാൻ കഴിയില്ലെന്ന യാഥാർഥ്യം മനസ്സിലാക്കി പത്താം ക്ലാസ‌് വിദ്യാഭ്യാസത്തിന‌് ശേഷം എറണാകുളം പള്ളിമുക്കിൽ സ്വന്തമായി എസി മെക്കാനിസം കട ആരംഭിച്ചു. ജോലി കഴിഞ്ഞുള്ള സമയത്ത‌് ടെറസിൽ ആദ്യം പൂക്കൃഷിയാണ‌് ആരംഭിച്ചത‌്. എറണാകുളത്ത‌് ഒരിടത്തും ലഭിക്കാത്ത റോസാപൂക്കൾ ഉൽപ്പാദിപ്പിക്കുന്ന ഇടമായി മാറി ജോസഫിന്റെ വീട‌്.

സമീപത്തുള്ള നാലഞ്ചു പള്ളികളിലേക്ക‌് വിശേഷ അവസരങ്ങളിൽ ഇവിടെനിന്നാണ‌് റോസാപൂക്കൾ നൽകിയിരുന്നത‌്. പക്ഷെ കുഞ്ഞുങ്ങളെപ്പോലെ പരിപാലിക്കുന്ന റോസിന‌്  ധാരാളം കീടനാശിനി അടിക്കേണ്ടി വന്നത‌് ജോസഫിന്റെ ആരോഗ്യം ബുദ്ധിമുട്ടിലാക്കി. ഇതിനിടെ വീട‌് വച്ചപ്പോൾ കുടുംബത്തിൽനിന്ന‌് കൊണ്ടുവന്ന‌് മുറ്റത്ത‌് നട്ട നാട്ടുമാവിൽ ജോസഫ‌് മറ്റൊരു മാവ‌് ഗ്രാഫ‌്റ്റ‌് ചെയ‌്ത‌് ചേർത്തിരുന്നു. വർഷങ്ങൾക്ക‌് ശേഷം അത‌് കായ‌്ച്ചപ്പോൾ നല്ല മധുരമുള്ള മാങ്ങ കിട്ടി. സ്വയം പഠിച്ച ഗ്രാഫ‌്റ്റിങ് ഉപയോഗിച്ച‌് മാവിന്റെ കൂടുതൽ തൈകൾ ഉൽപ്പാദിപ്പിച്ച‌് ആവശ്യക്കാർക്ക‌് നൽകി. റോസാച്ചെടി ബുദ്ധിമുട്ടിലാക്കിയ ആരോഗ്യം തിരിച്ചുപിടിക്കാൻ എട്ടു വർഷം മുമ്പ‌് ടെറസിൽ മാവുകൾ നടാൻ തുടങ്ങി.

200 ലിറ്ററിന്റെ ഡ്രം വാങ്ങി അതിൽ 50 ശതമാനം മണ്ണും 24 ശതമാനം വീതം ചകിരിച്ചോറും ചാണകവും നിറച്ച‌് മാവിൻ തൈകൾ വളർത്തി. ഇപ്പോൾ വിദേശി അടക്കം 40 ഇനം മാവുകൾ ടെറസിൽ വളരുന്നുണ്ട‌്. മിക്കവയും കായ‌്ച്ചു തുടങ്ങി. കല്ലുകെട്ടി, ഇമാം പസന്ത‌്, അൽഫോൻസ, ബംഗനപ്പള്ളി, നീലൻ, സീന്ദുർ തുടങ്ങി മണവും രുചിയും ഉള്ള ധാരാളം മാങ്ങകളാണ‌് ടെറസ‌് നിറയെ.

എല്ലാ മാവും ഗ്രാഫ‌്റ്റ‌് ചെയ‌്ത‌് തൈകൾ ഉണ്ടാക്കി വിൽക്കുന്നുണ്ട‌്. 600 മുതൽ 4000 രൂപവരെയാണ‌് തൈകളുടെ വില. വർഷങ്ങളായി മാവുമായി ഇടപഴകുന്നതിനാൽ മാവിന്റെ തളിരില കണ്ടാൽ ജോസഫ‌് അതിന്റെ പേര‌് പറയും. കടും ചുവപ്പ‌് തളിരിലകളുള്ള വിദേശ മാവിന്റെ ഇനവും ജോസഫിന്റെ ശേഖരത്തിലുണ്ട‌്.

മുറ്റത്തെ മാവിലെ മാങ്ങയുടെ രുചി കേട്ടറിഞ്ഞ‌് കാർഷിക ഗവേഷണ വിഭാഗം രുചി പരിശോധിക്കാൻ എത്തിയിരുന്നു. ഏറ്റവും മധുരമുള്ള മാങ്ങയാണെന്ന അവരുടെ  സാക്ഷ്യപ്പെടുത്തലിൽ തൃപ‌്തി വരാതെ ലാബിലെ പരിശോധനയ‌്ക്കായി അയച്ച‌് ഫലം കാത്തിരിക്കുകയാണ‌് ജോസഫ‌്. മുറ്റത്തെ മാവിന‌് ഭാര്യയുടെ പേരാണ‌് ജോസഫ‌് നൽകിയിരിക്കുന്നത‌്. പെട്രീഷ്യ എന്നാണ‌് മാവിന്റെ പേര‌്. മാവിൻ തൈകൾ വാങ്ങാൻ നിരവധിപേരാണ‌് ജോസഫിനെ തേടി എത്തുന്നത‌്.

മാവ‌് കൂടാതെ കാർപ്പോർച്ചിൽ ഓർക്കിഡും കരിമീനും കൃഷി ചെയ്യുന്നുണ്ട‌്. 60 തരം ഓർക്കിഡുക‌ളാണ‌് ജോസഫിന്റെ കൈവശമുള്ളത‌്. മികച്ച കർഷകനുള്ള കൊച്ചി കോർപറേഷന്റെ അംഗീകാരവും ജോസഫിനെ തേടിയെത്തി.


പ്രധാന വാർത്തകൾ
 Top