20 September Friday

കെജിഒഎ വീടുകൾ പൂർത്തിയാകുന്നു ; സംസ്ഥാന സമ്മേളനം 25ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

ആലപ്പുഴ
ഗസറ്റഡ‌് വിഭാഗം ജീവനക്കാരുടെ അവകാശ സമരസംഘടനയായ കേരള ഗസറ്റഡ‌് ഓഫീസേഴ‌്സ‌് അസോസിയേഷൻ (കെജിഒഎ) 53–-ാമത‌് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നിർമിക്കുന്ന വീടുകളുടെ നിർമാണം പൂർത്തിയാകുന്നു. പ്രളയാനന്തര പുനഃസൃഷ്ടിക്ക‌് സംസ്ഥാന സർക്കാരിന‌് ഐക്യദാർഢ്യം   പ്രഖ്യാപിച്ചാണ‌് ഭവനരഹിതർക്ക‌് കെജിഒഎയുടെ കൈത്താങ്ങ‌്. ആലപ്പുഴയിലെ ഒമ്പത‌് നിയോജകമണ്ഡലങ്ങളിലും ഓരോ വീടുകളുടെ നിർമാണം സംഘടന ഏറ്റെടുത്തു. പൂർത്തിയായ വീടുകളുടെ താക്കോൽദാനം 27ന‌് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ചേന്നംപള്ളിപ്പുറം തിരുനെല്ലൂർ ചാലിൽ രാമകൃഷ‌്ണൻ (അരൂർ), സിഎംസി പുതുവൽനികർത്ത‌് ശശി (ചേർത്തല), മാരാരിക്കുളം തെക്ക‌് പുത്തൻപുരയ‌്ക്കൽ ഡൊമിനിക്ക‌് (ആലപ്പുഴ), കൈതവന കളത്തിൽവീട്ടിൽ മിനിമോൾ (അമ്പലപ്പുഴ), പുളിങ്ക‌ുന്ന‌് കണ്ണാടി വേലിയകത്ത‌് അനിതകുമാരി (കുട്ടനാട‌്), കുമാരപുരം എരിക്കാവ‌് മിനിഭവനിൽ ഉത്തമൻ (ഹരിപ്പാട‌്), വള്ളിക്കും കടുവിനാൻ മേലാത്തറയിൽ രാജൻ (മാവേലിക്കര), പത്തിയൂർ എരുവ വൃന്ദാഭവനം മഹാദേവൻ (കായംകുളം), മുളക്കുഴ പെരിങ്ങാല വലിയപറമ്പ‌് കോളനി ബിജു (ചെങ്ങന്നൂർ) എന്നിവർക്കാണ‌് വീടൊരുങ്ങുന്നത‌്. രോഗികളും നിർധനരും നിരാലംബരുമായ അർഹരായ ഗുണഭോക്താക്കളെ പ്രാദേശികമായ അന്വേഷണത്തിലൂടെയാണ‌് കണ്ടെത്തിയത‌്. 450 മുതൽ 470 ചതുരശ്രയടി വിസ‌്തീർണമുള്ള വീടുകളിൽ രണ്ടുമുറി, അടുക്കള, ഹാൾ, ശുചിമുറി എന്നിവയുണ്ട‌്. 5.25 ലക്ഷം രൂപയാണ‌് നിർമാണ ചെലവ‌്. കോട്ടയം എൻജിനിയറിങ‌് കോളേജിലെ സിവിൽ എൻജിനിയറിങ‌് അധ്യാപകനും കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗവുമായ ഡോ. എ പ്രവീൺ, പട്ടണക്കാട‌് എൽഎസ‌്ജിഡി അസിസ‌്റ്റന്റ‌് എക‌്സിക്യൂട്ടീവ‌് എൻജിനിയർ എ ആർ സുന്ദർലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ‌്ധർക്കാണ‌് നിർമാണ മേൽനോട്ടം. സംസ്ഥാനത്താകെ സംഘടനയുടെ ജില്ലാ കൗൺസിൽ അംഗങ്ങൾ വരെയുള്ള പ്രധാനപ്രവർത്തകരിൽനിന്നാണ‌് വീടുകൾക്ക‌് തുക സമാഹരിച്ചത‌്. പ്രാദേശികമായി രൂപീകരിച്ച സംഘാടകസമിതികൾ നിർമാണത്തിന‌് സഹായം നൽകുന്നു. ലാഭേച്ഛയില്ലാതെ നിർമാണമേറ്റെടുക്കാൻ തയ്യാറായ കരാറുകാരെയും പ്രാദേശികമായി കണ്ടെത്തി. സിപിഐ എം, ഡിവൈഎഫ‌്ഐ പ്രവർത്തകർ സന്നദ്ധപ്രവർത്തനങ്ങളിലും പങ്കാളികളായെന്ന‌് സമ്മേളനത്തിന്റെ സ്വാഗതസംഘം കൺവീനർ സി കെ ഷിബു പറഞ്ഞു.  

കൃത്യമായ ആസൂത്രണത്തോടെ ഒന്നരമാസത്തിനുള്ളിലാണ‌് ഓരോവീടുകളും പൂർത്തിയാക്കുന്നത‌്. നിർമാണ രീതിയിലെ പ്രത്യേകതയും സാങ്കേതിക മികവിലും വീടുകളെല്ലാം ആകർഷകമാണ‌്. പ്രളയബാധിതമേഖലകളിൽ രക്ഷാദൗത്യവും ദുരിതാശ്വാസപ്രവർത്തനങ്ങളിലും സജീവമായിരുന്നു കെജിഒഎ പ്രവർത്തകർ. പ്രളയശേഷമുള്ള മഹാശുചീകരണത്തിലും സംഘടനപങ്കാളിയായി. പുനർനിർമാണ ദൗത്യവുമായി സംസ്ഥാന സർക്കാർ ജീവനക്കാരെ സമീപിച്ചപ്പോൾ സാലറി ചലഞ്ചിലും സംഘടന ഒറ്റക്കെട്ടായി. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ‌് ഭവനരഹിതരെ സഹായിക്കാനുള്ള തീരുമാനം. ഇതിനായി സമാഹരിച്ച തുകയുപയോഗിച്ച‌് മറ്റ‌് ജില്ലകളിലും വീടുകൾ നിർമിക്കാനാണ‌് സംഘടനയുടെ തീരുമാനം. സംസ്ഥാനത്താകെയുള്ള 20,200 ഗസറ്റഡ‌് ജീവനക്കാരിൽ 75 ശതമാനമാണ‌് കെജിഒഎ അംഗസംഖ്യ. 25, 26, 27 തീയതികളിൽ മുനിസിപ്പൽ ടൗൺഹാളിലാണ‌് സംസ്ഥാന സമ്മേളനം.


പ്രധാന വാർത്തകൾ
 Top