30 November Monday

നാടിന്റെ ജാഗ്രത വിളിച്ചറിയിച്ച്‌ ആംബുലൻസുകൾ

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020


കൊച്ചി
കോവിഡ്‌–-19നെതിരായ ജാഗ്രത വിളിച്ചറിയിച്ച്‌ രാപകലില്ലാതെ തലങ്ങും വിലങ്ങും പായുന്ന ആംബുലൻസുകളിൽ ഊണുമുറക്കവും ഉപേക്ഷിച്ച്‌ ഉണർന്നിരിക്കുന്ന ചിലരുണ്ട്‌. മഹാമാരി പടർന്ന രാജ്യങ്ങളിൽനിന്ന്‌ ഓടിയെത്തിയവരെ സുരക്ഷിതകേന്ദ്രങ്ങളിൽ എത്തിക്കലാണ്‌ അവരുടെ ദൗത്യം. വിമാനത്താവളത്തിൽനിന്ന്‌ ആശുപത്രികളിലേക്കും അവിടെനിന്ന്‌ തെക്കും വടക്കും ജില്ലകളിലേക്കും നിർത്താതെ ഓടുകയാണവർ. കോവിഡ്‌–-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ സർവീസ്‌ നടത്തുന്ന 55 ആംബുലൻസുകൾ വിലമതിക്കാനാകാത്ത സേവനമാണ്‌ നിർവഹിച്ചുകൊണ്ടിരിക്കുന്നത്‌.

ആരോഗ്യവകുപ്പിന്റെ ദൗത്യമേറ്റെടുത്ത്‌ ജില്ലയിൽ 55 ആംബുലൻസുകളാണ് സർവീസ് നടത്തുന്നത്. ആദ്യം അഞ്ചെണ്ണമായിരുന്നു. ആവശ്യമേറിയപ്പോൾ എണ്ണംകൂട്ടി. ഇതിൽ 24 എണ്ണം ‘108' ആംബുലൻസുകളാണ്‌. ഹെൽത്ത് സർവീസിന്റെ പത്തും വാടകയ്‌ക്കെടുത്തത്‌ ആറും ഓൾ കേരള ആംബുലൻസ് അസോസിയേഷന്റെ 15ഉം  ആംബുലൻസുകളാണ് രംഗത്തുള്ളത്‌. അറുപതോളം ഡ്രൈവർമാരും. നെടുമ്പാശേരിയിൽ അന്താരാഷ്‌ട്ര വിമാനങ്ങൾ എത്തുന്ന വൈകിട്ട് ആറുമുതൽ പിറ്റേന്നു രാവിലെ 10.30 വരെയുള്ള സമയത്താണ്‌ ആംബുലൻസ് ഡ്രൈവർമാരുടെ ജോലി. ഒരേസമയം പത്തു വണ്ടികൾ മാത്രമാണ് അകത്തേക്കു വിടുക. അവർ യാത്രക്കാരെയും കൊണ്ട് പുറത്തിറങ്ങിയാൽ അടുത്ത ടീം കയറും. ആരോഗ്യവകുപ്പിന് വിവരങ്ങൾ കൈമാറിക്കഴിഞ്ഞ യാത്രക്കാരെ അവർ എത്തിയ രാജ്യങ്ങളിലെ രോഗബാധയുടെ ഗൗരവമനുസരിച്ച്‌ തരംതിരിച്ചിട്ടുണ്ടാകും. ഹൈ റിസ്ക് രാജ്യങ്ങളിൽനിന്നുള്ളവരെ പ്രത്യേക സുരക്ഷയൊരുക്കി വണ്ടിയിൽ കയറ്റും. അഞ്ചോ ആറോ പേരടങ്ങിയ സംഘവുമായാണ്‌ ആംബുലൻസ്‌ ലക്ഷ്യങ്ങളിലേക്ക്‌ തിരിക്കുക. രോഗലക്ഷണമുള്ളവരെ എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്കാണ്‌ എത്തിക്കുക. രോഗലക്ഷണമില്ലാത്തവരെ ആലുവ ജില്ലാ ആശുപത്രിയിലേക്കും.

നിരീക്ഷണത്തിന്‌ നിർദേശം കിട്ടിയവരെ വീടുകളിൽ എത്തിക്കലാണ്‌ ആംബുലൻസ് ഡ്രൈവർമാരുടെ രണ്ടാം ദൗത്യം. കേരളത്തിന് പുറത്തുള്ളവരെയും എത്തിക്കുന്നുണ്ട്. സേലത്തേക്കും മംഗലാപുരത്തേക്കും രണ്ടുവട്ടം ആംബുലൻസ്‌ ഓടിയിരുന്നു. ഇതുവരെ 103 സർവീസുകൾ വിവിധ ജില്ലകളിലേക്കായി നടത്തിക്കഴിഞ്ഞു. 

ഓരോ ദൗത്യത്തിനും ശേഷം വാഹനം ശുചിയാക്കിയ ശേഷമാണ് അടുത്തതിനിറങ്ങുക.
ദൂരം കൂടുതലുള്ള യാത്രകളിൽ രണ്ട് ഡ്രൈവർമാരുണ്ടാകും. ഡ്രൈവറുടെ സുരക്ഷ ഉറപ്പാക്കാൻ ഡബിൾ ചേംബറുള്ള ആംബുലൻസുകളാണ്‌ ഉപയോഗിക്കുന്നത്‌. ജില്ലാ ഹെൽത്ത്‌ ഓഫീസർ (റൂറൽ) കൂടിയായ നോഡൽ ഓഫീസർ പി എൻ  ശ്രീനിവാസനാണ്‌ വിമാനത്താവളത്തിൽ ആംബുലൻസ്‌ സർവീസ്‌ ക്രമീകരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top