18 June Tuesday

വരവേൽപ്പ‌് വികാരനിർഭരം ; യുവത്വത്തിന്റെ ആവേശം

വി എം പ്രദീപ‌്Updated: Wednesday Mar 20, 2019

വെള്ളൂർ
"മോൻ ജയിക്കുമെന്ന‌് ഉറപ്പ‌്'–- എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവനെ കെട്ടിപ്പിടിച്ച് മുത്തംനൽകി പാമ്പാടി വെള്ളൂർ ഗ്രാമറ്റം അമ്മവീട്ടിലെ അന്തേവാസി ശോശാമ്മ കുര്യൻ പറഞ്ഞു. കാലു വയ്യാതെ കിടക്കുകയായിരുന്നു മഞ്ഞാടി സ്വദേശിയായ ഈ  എഴുപത്തഞ്ചുകാരി. വാസവൻ എത്തുന്നതറിഞ്ഞ് വോക്കറിന്റെ സഹായത്തോടെയാണ് സ്വീകരിക്കാനെത്തിയത്. പ്രായംചെന്ന മാതാപിതാക്കളെ സംരക്ഷിക്കുന്ന ഈ സ്ഥാപനത്തിൽ കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന് വികാരനിർഭരമായ വരവേൽപ്പാണ് ലഭിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇവിടെയെത്തിയത്. അമ്മവീട് ചെയർമാൻ ഫാ. എം ഐ തോമസ് മറ്റത്തിലും വൃദ്ധജനങ്ങളും ചേർന്നാണ് സ്വീകരിച്ചത്. സ്ഥിരമായി ഇവിടം സന്ദർശിക്കാറുള്ളയാളാണ‌് വാസവൻ. കാഴ്ചയില്ലാത്ത അന്തേവാസികളായ മായ എൻ നായരും പങ്കജാക്ഷിയമ്മയും പി കെ ഓമനയും ശബ്ദംകേട്ടപ്പോൾ തന്നെ വാസവൻ എത്തിയെന്നു പറഞ്ഞു. ഇല്ലിക്കൽ അപ്പച്ചൻ എന്ന 74 കാരൻ "ഞാൻ പഴയ പാർടിക്കാരനാണ് സഖാവേ' എന്നുപറഞ്ഞാണ്  കൈപിടിച്ചത്. സ്ഥാപനത്തിലെ കൗൺസിലറായ ജിനു ജോബി വാസവനെ പരിചയപ്പെടുത്താൻ ശ്രമിച്ചപ്പോൾ "ഞങ്ങൾക്കറിയാം എന്നുപറഞ്ഞ്' പലരും വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു.

തങ്ങളുടെ ഹൃദയപക്ഷത്താണ് വാസവന് സ്ഥാനമെന്ന് അമ്മമാർ പ്രതികരിച്ചു. അമ്മവീടിനെ അറിയുകയും ഇവിടുത്തെ ഹൃദയ നൊമ്പരങ്ങളും സന്തോഷങ്ങളും പൊതുസമൂഹവുമായി പങ്കുവയ‌്ക്കുകയും ചെയ്യുന്ന വ്യക്തിയാണ് വാസവനെന്ന് സ്വീകരണയോഗത്തിന‌് സ്വാഗതം പറഞ്ഞ ഫാ. എം ഐ തോമസ് മറ്റത്തിൽ വ്യക്തമാക്കി. കോട്ടയത്തെ ഏറ്റവും യോഗ്യനായ സ്ഥാനാർഥിയാണ് വാസവൻ. വിജയം ഉറപ്പാണ്. അതിനുവേണ്ടി തങ്ങളെല്ലാവരും പ്രാർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരുവിൽ ഉപേക്ഷിച്ച അമ്മമാരെ അമ്മവീട്ടിൽ എത്തിച്ച ഓർമകളും ഇവിടെ നിരവധി തവണ ചെലവഴിച്ച നിമിഷങ്ങളും വി എൻ വാസവൻ പങ്കുവച്ചു. ആശംസകളും അനുഗ്രഹങ്ങളും നേർന്നാണ് ഈ വൃദ്ധ മനസ്സുകൾ കരുണാസമ്പന്നനായ എൽഡിഎഫ് സാരഥിയെ യാത്രയാക്കിയത്.

യുവത്വത്തിന്റെ ആവേശം
പുതുപ്പള്ളി
"കോട്ടയത്തെ ജനനായകന‌് സ്വാഗതം’ എന്ന ബാനറുമായി  മുദ്രാവാക്യം വിളിച്ച‌് എത്തിയ എസ്എംഇയുടെ ചുണക്കുട്ടികൾക്കിടയിലേക്ക‌് എൽഡിഎഫ‌് കോട്ടയം ലോക‌്സഭാ മണ്ഡലം സ്ഥാനാർഥി വി എൻ വാസവൻ എത്തി. മാലയിട്ട് സ്വീകരിച്ച പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ ക്യാമ്പസിലേക്ക്  സ്വീകരിച്ചാനയിച്ചു. കോളേജ് പ്രിൻസിപ്പൽ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അധ്യാപകരും ഒപ്പമുണ്ടായിരുന്നു.

2005 ൽ ഗാന്ധിനഗർ എസ്എംഇയിൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതിലഭിക്കുന്നതിനുവേണ്ടി സുപ്രീംകോടതിവരെ നടത്തിയ നിയമപോരാട്ടങ്ങൾ വാസവൻ വിശദീകരിച്ചു. ക്യാമ്പസിലെ നേഴ്സിങ് കോളേജിൽ എത്തിയപ്പോൾ പ്രിൻസിപ്പൽ ആർ പുഷ്പയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരിച്ചു. ജനനായകനൊപ്പം സെൽഫി എടുത്തും ഫോട്ടോയ്ക്ക് പോസ് ചെയ്തും വിദ്യാർഥികൾ ആഹ്ലാദം പങ്കിട്ടു. പയ്യപ്പാടി ഐഎച്ച്ആർഡി കോളേജിൽ ചെയർമാൻ അമലിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ വരവേറ്റു.

തലപ്പാടി എസ്എംഇയിൽ വി എൻ വാസവൻ എത്തിയപ്പോൾ

തലപ്പാടി എസ്എംഇയിൽ വി എൻ വാസവൻ എത്തിയപ്പോൾ

എൽഡിഎഫ്‌ കോട്ടയം പാർലമെന്റ്‌ മണ്ഡലം സ്ഥാനാർഥി  വി എൻ വാസവൻ  പുതുപ്പള്ളി നഴ്‌സിങ്‌ കോളേജിലെത്തിയപ്പോൾ സെൽഫിയെടുക്കുന്ന വിദ്യാർഥികൾ

എൽഡിഎഫ്‌ കോട്ടയം പാർലമെന്റ്‌ മണ്ഡലം സ്ഥാനാർഥി വി എൻ വാസവൻ പുതുപ്പള്ളി നഴ്‌സിങ്‌ കോളേജിലെത്തിയപ്പോൾ സെൽഫിയെടുക്കുന്ന വിദ്യാർഥികൾ

‘പാലായിലെ പാലാഴിയല്ല’ റബ്കോ ഫാക്ടറി: വി എൻ വാസവൻ
പാമ്പാടി
പാലായിലെ പാലാഴിയുടെ തറക്കല്ല് പോലെയാകുമോ എന്നു പരിഹസിച്ചവർക്ക് നൽകിയ മറുപടിയാണ് 21 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കിയ പാമ്പാടിയിലെ റബ്കോ ഫാക്ടറിയെന്ന് കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ. റബ്കോ ഫാക്ടറി ജീവനക്കാരും ഉദ്യോഗസ്ഥരും നൽകിയ സ്വീകരണം ഏറ്റുവാങ്ങി  സംസാരിക്കുകയായിരുന്നു അദ്ദേഹം.

2001ലാണ് പാമ്പാടിയിലെ റബ്കോ മെത്ത ഫാക്ടറി കമീഷൻ ചെയ്തത്. തറക്കല്ലിട്ടപ്പോൾ മുതൽ അനവധി ആളുകൾ ആശങ്ക പ്രകടിപ്പിച്ചു. പാലാഴി ടയേഴ്സിന് തറക്കല്ലിട്ടശേഷം നിർമാണം നടത്താതെ കാടുകയറി കിടക്കുന്നതായിരുന്നു അവരുടെയെല്ലാം മനസ്സിലുണ്ടായിരുന്ന ചിന്ത. എന്നാൽ  നിശ്ചയിച്ച സമയത്തിനുള്ളിൽ ഫാക്ടറി പൂർത്തിയാക്കി കമീഷൻചെയ്തു. 300 പേർക്ക് നേരിട്ടും 100 പേർക്ക് പരോക്ഷമായും ജോലി നൽകുന്ന ഈ സ്ഥാപനം ജില്ലയിലെ ഏറ്റവും വലിയ റബർ അധിഷ്ഠിത വ്യവസായമാണ്. 

വിദേശരാജ്യങ്ങളിലേക്ക് വരെ ഇവിടെ ഉൽപാദിപ്പിക്കുന്ന മെത്തകൾ കയറ്റിയയയ്ക്കുന്നുണ്ട്. റബർ ശേഖരണവും ഉൽപ്പന്നങ്ങളുടെ വിപണനവും നടപ്പാക്കാൻ സിയാൽ മോഡൽ കമ്പനി രൂപീകരിക്കാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട‌്. ഇത് റബർ കർഷകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. മറ്റെവിടെ ലഭിക്കുന്നതിലും വലിയ സന്തോഷം നൽകുന്നതാണ് റബ്കോയിലെ ജീവനക്കാരുടെ സ്വീകരണമെന്നും അദ്ദേഹം പറഞ്ഞു.

വാസവന്റെ ചിത്രങ്ങൾ പതിച്ച പ്ലക്കാർഡുകളും കൈയിലേന്തിയായിരുന്നു സ്വീകരണം. ജനറൽ മാനേജർ എ മോഹനകൃഷ്ണൻ, റബ്കോ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി ഐസക്, പ്രസിഡന്റ‌് സാം കെ വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് എന്നിവർ സ്വീകരണത്തിന് നേതൃത്വംനൽകി. പഠനത്തിന്റെ ഭാഗമായി റബ്കോ ഫാക്ടറിയിൽ എത്തിയ കാരിത്താസ് ആശുപത്രിയിലെ നേഴ‌്സിങ‌് വിദ്യാർഥിനികളും സ്വീകരണത്തിൽ പങ്കുചേർന്നു.

വി എൻ വാസവനെ  പൊൻകുന്നം വർക്കിയുടെ മകൻ ജോണി സ്വീകരിക്കുന്നു

വി എൻ വാസവനെ പൊൻകുന്നം വർക്കിയുടെ മകൻ ജോണി സ്വീകരിക്കുന്നു

 


പ്രധാന വാർത്തകൾ
 Top