04 April Saturday
കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

ആരോഗ്യകരമായ തൊഴിൽ സംസ്‌കാരം ശക്തിപ്പെടുത്തി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020


തിരുവനന്തപുരം
കേരളത്തിലെ തൊഴിലന്തരീക്ഷം മറ്റൊരു കാലത്തും ഉണ്ടാകാത്ത നിലയിൽ മാറിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യകരമായ തൊഴിൽ  സംസ്‌കാരം ശക്തിപ്പെടുത്താനായി. ടോഡി ബോർഡ് യാഥാർഥ്യമാക്കാനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ അധികാരത്തിൽ വന്നശേഷം തൊഴിലാളിക്ഷേമം ഉറപ്പുവരുത്താനും തൊഴിൽ പ്രതിസന്ധി പരിഹരിക്കാനും നിരവധി കാര്യങ്ങൾ ചെയ്‌തു. കള്ളുവ്യവസായ തൊഴിലാളികളുടെ കുറഞ്ഞകൂലി പുതുക്കി നിശ്ചയിച്ചു. ക്ഷേമനിധി ബോർഡുവഴിയും ഒട്ടേറെ കാര്യങ്ങൾ ചെയ്‌തു. സർവീസിനനുസരിച്ച് പെൻഷൻ നൽകുന്ന പദ്ധതി ആവിഷ്‌കരിച്ചു. ഇപ്രകാരം 2000 രൂപ മുതൽ 5000 രൂപ വരെ  പെൻഷൻ ലഭിക്കും. 2018 ഏപ്രിൽ മുതൽ ക്ഷേമനിധി അംഗങ്ങളെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലും ഉൾപ്പെടുത്തി.

പദ്ധതികളുടെ പ്രയോജനം കൃത്യമായി തൊഴിലാളികൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണം. പല കാര്യത്തിലും കേരളം രാജ്യത്തിനു മാതൃകയാണ്. തൊഴിൽ മേഖലയിൽ ഇത് ദൃശ്യമാണ്. മെച്ചപ്പെട്ട തൊഴിലാളി-–-തൊഴിലുടമാ ബന്ധം രൂപപ്പെടുത്താൻ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.സുവനീർ പ്രകാശനവും ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ  ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുന്ന ഡിബിടി സംവിധാനത്തിന്റെ ഉദ്ഘാടനവും ലൈഫ് ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ബോർഡിലെ മുൻ ചെയർമാൻമാരെ മുഖ്യമന്ത്രി ആദരിച്ചു.

അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ടി പി രാമകൃഷ്ണൻ അധ്യക്ഷനായി. അംഗങ്ങളുടെ മക്കൾക്കുള്ള സ്‌കോളർഷിപ് വിതരണത്തിന്റെ സംസ്ഥാന ഉദ്ഘാടനവും കുട്ടികൾക്കുള്ള ലാപ്‌ടോപ് വിതരണവും അദ്ദേഹം നിർവഹിച്ചു. വിരമിച്ച ചെത്തുതൊഴിലാളികളിൽ ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ സേവനകാലമുള്ളവർക്കുള്ള പാരിതോഷിക വിതരണം ധനമന്ത്രി തോമസ് ഐസക് നിർവഹിച്ചു. തൊഴിലാളികളുടെ മക്കൾക്ക്‌ സ്വർണ മെഡൽ, ക്യാഷ് അവാർഡ് എന്നിവയുടെ വിതരണം  മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.

ബോർഡ്‌ ചെയർമാൻ എം സുരേന്ദ്രൻ, മുൻ ചെയർമാൻ കെ എം സുധാകരൻ,  സ്വാഗതസംഘം ജനറൽ കൺവീനർ എൻ അഴകേശൻ, ഡയറക്ടർമാരായ ബേബികുമാരൻ, ഷാജി തോമസ്, ടി എൻ രമേശൻ, കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി കെ അജിത് ബാബു, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം പി തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top