03 April Friday

ഈ വിഷുവും വിഷരഹിതമാക്കാം ; വിഷുവിന്‌ വിഷരഹിത പച്ചക്കറി പദ്ധതി അഞ്ചാംവർഷത്തിലേക്ക്‌.

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020


ബാലരാമപുരം
ഇത്തവണയും വിഷുവിന്‌ വിഷരഹിത പച്ചക്കറിതന്നെ. അതിനായി നാടെങ്ങും വിത്തിടൽ ആരംഭിച്ചു. കാർഷികകേരളത്തിന്‌ ജനകീയ ഇടപെടൽ ലക്ഷ്യമിട്ട്‌ സിപിഐ എം നേതൃത്വത്തിലാരംഭിച്ച വിഷുവിന്‌ വിഷരഹിത പച്ചക്കറി പദ്ധതി അഞ്ചാംവർഷത്തിലേക്ക്‌. ഈ വർഷത്തെ സംസ്ഥാനതല നടീൽ ഉദ്‌ഘാടനം നേമം പള്ളിച്ചൽ ഏലായിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്‌ നിർവഹിച്ചു. കർഷകസംഘത്തിന്റെ നേതൃത്വത്തിൽ പാട്ടത്തിനെടുത്ത ഒരേക്കർ പാടത്ത്‌ തക്കാളി തൈ നട്ടായിരുന്നു ഉദ്‌ഘാടനം.

എൽഡിഎഫ്‌ സർക്കാർ കാർഷികമേഖലയ്‌ക്ക്‌ നൽകുന്ന പ്രാധാന്യം സംസ്ഥാനത്ത്‌ വലിയ കാർഷികമുന്നേറ്റമുണ്ടാക്കിയതായി പി രാജീവ്‌ പറഞ്ഞു. പച്ചക്കറിയിൽ സംസ്ഥാനത്തെ സ്വയംപര്യാപ്‌തമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സിപിഐ എം മുൻകൈ എടുത്ത്‌ പദ്ധതി ആരംഭിച്ചത്‌. ഇന്ന്‌ സഹകരണ ബാങ്കുകളുടെയും പഞ്ചായത്തുകളുടെയും കർഷക കൂട്ടായ്‌മകളുടെയും നേതൃത്വത്തിൽ ആയിരക്കണക്കിന്‌ ഏക്കറിലാണ്‌ ജൈവകൃഷി നടത്തുന്നത്‌.  ആയിരക്കണക്കിന്‌ സ്വയംസഹായ സംഘങ്ങൾ ഈ രംഗത്ത്‌ പ്രവർത്തിക്കുന്നു. നൂറുകണക്കിന്‌ സ്ഥിരവിപണികൾ. കൃഷി ഉപജീവനമാക്കിയവർ മാത്രമല്ല, എല്ലാ മേഖലയിലുള്ളവരും കൃഷിക്കായി സമയം കണ്ടെത്തുന്നു.

ഭക്ഷണത്തിൽ വിഷംകലർത്തി അമിതലാഭം കൊയ്യുന്നവർക്കെതിരെയുള്ള രാഷ്ട്രീയമാണ്‌ ജൈവകൃഷി മുന്നോട്ടുവയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഷകസംഘം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ അധ്യക്ഷനായി. ഐ ബി സതീഷ്‌ എംഎൽഎ, കിസാൻസഭ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ എസ്‌ കെ പ്രീജ,  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പുത്തൻകട വിജയൻ, കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ വി എസ്‌ പത്മകുമാർ, വൈസ്‌ പ്രസിഡന്റ്‌ എം എം ബഷീർ, സിപിഐ എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, സംഘാടകസമിതി കൺവീനർ ആർ പ്രദീപ്‌കുമാർ, സംയോജിത കൃഷി പദ്ധതി കൺവീനർ കെ ശിവകുമാർ എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top