05 April Sunday

യോജിച്ച സമരം ദൗർബല്യമായി കാണേണ്ടതില്ല: പിണറായി വിജയൻ

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020


തിരുവനന്തപുരം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച സമരത്തിനില്ല എന്നുപറയുന്നത്‌ കാലത്തിന്റെ ഗൗരവം ഉൾക്കൊള്ളാതിരിക്കലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനെ മേന്മയായാണ്‌ ചിലർ കാണുന്നത്‌. യോജിച്ച സമരം ദൗബല്യമായി കാണേണ്ടതില്ല.  യോജിക്കണം എന്ന്‌ നമ്മൾ പറയുന്നത്‌ നമുക്ക്‌ എന്തോ ക്ഷീണമുള്ളതുകൊണ്ടാണെന്നും കരുതേണ്ട. രാജ്യം അതാണ്‌ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ‘നിങ്ങൾ ഒറ്റയ്‌ക്കല്ല, നമ്മൾ ഒന്നിച്ചാണ്‌’ എന്ന മുദ്രാവാക്യമുയർത്തി കേരള ദളിത്‌ ഫെഡറേഷൻ സംഘടിപ്പിച്ച സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ ഭേദഗതി നിയമം നടപ്പാക്കില്ല എന്ന കേരളത്തിന്റെ നിലപാട്‌ രാജ്യം ശ്രദ്ധിച്ചു. അന്നത്‌ ഒറ്റപ്പെട്ട നിലപാടായിരുന്നു. പാർലമെന്റ്‌ പാസാക്കിയ നിയമം നടപ്പാക്കില്ല എന്നുപറയുന്നത്‌ ശരിയായ നിലപാടാണോ എന്ന ചോദ്യം ഉയർന്നു. എന്നാൽ, ഭരണഘടനാവിരുദ്ധമായ നിയമം നടപ്പാക്കാനില്ലെന്നാണ്‌ കേരളം നിലപാടെടുത്തത്‌. ഭരണഘടനയ്‌ക്ക്‌ അതീതമായൊരു നിയമം രാജ്യത്ത്‌ നടപ്പാക്കാനാകില്ല. കേവലം ഭൂരിപക്ഷം ഉള്ളതുകൊണ്ട്‌ അങ്ങനെയൊരു നിയമം പാസാക്കിയാൽ അത്‌ രാജ്യത്തിന്റെ നിയമമാകില്ല, ആർഎസ്‌എസിന്റെ നിയമമേ ആകുള്ളൂ. ആർഎസ്‌എസിന്റെ ആ അജൻഡ നടപ്പാക്കാനല്ല സംസ്ഥാന സർക്കാർ നിലകൊള്ളുന്നത്‌. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള ദളിത്‌ ഫെഡറേഷൻ സംഘടിപ്പിച്ച സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ,  സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും കെഡിഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌  പി രാമഭദ്രനും ഒപ്പം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള ദളിത്‌ ഫെഡറേഷൻ സംഘടിപ്പിച്ച സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും കെഡിഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി രാമഭദ്രനും ഒപ്പം


 

പൗരത്വ ഭേദഗതി നിയമം ഏതെങ്കിലും ഒരു വിഭാഗത്തിനെതിരായല്ല കാണേണ്ടത്‌. അത്‌ രാജ്യത്തിനെതിരാണ്‌, ഭരണഘടനയ്‌ക്ക്‌ എതിരാണ്‌, ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷതയ്‌ക്ക്‌ എതിരാണ്‌ എന്നും പിണറായി പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തെ ഹിന്ദു–- മുസ്ലിം തർക്കമാക്കി മാറ്റാനാണ്‌ രാജ്യത്തിന്റെ ഭരണാധികാരികൾ ശ്രമിക്കുന്നതെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.  മുഖ്യമന്ത്രി സ്വീകരിക്കുന്ന ആർജവത്തോടെയുള്ള നിലപാടിന്‌ പിന്തുണ അറിയിക്കാനും ശക്തിപകരാനുമാണ്‌ സംഗമം സംഘടിപ്പിച്ചതെന്ന്‌ യോഗത്തിൽ അധ്യക്ഷനായ കേരള ദളിത്‌ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ പി രാമഭദ്രൻ പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top