22 February Saturday

ഡിവൈഎഫ്‌ഐ സെക്കുലർ അസംബ്ലി 30ന്‌; മഹാശൃംഖലയിൽ മുഴുവൻ യുവാക്കളും

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

തിരുവനന്തപുരം > മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ 30ന്‌ എല്ലാ മേഖലാ കേന്ദ്രത്തിലും ‘ഇന്ത്യ കീഴടങ്ങില്ല, നമ്മൾ നിശ്ശബ്ദരാകില്ല’ മുദ്രാവാക്യമുയർത്തി സെക്കുലർ അസംബ്ലി സംഘടിപ്പിക്കുമെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ ഭാഗമായി 21 മുതൽ 26 വരെ എല്ലാ യൂണിറ്റിലും ഭരണഘടന വായിക്കുമെന്നും എ എ റഹിം പറഞ്ഞു. സാംസ്കാരിക സംഘടനകളെയും പ്രവർത്തകരെയും പങ്കെടുപ്പിച്ച്‌ ഭരണഘടനയുടെ പ്രസക്തി ചർച്ച ചെയ്യുന്ന സംവാദവേദികളായാണ്‌ പരിപാടികൾ സംഘടിപ്പിക്കുന്നത്‌. സെക്കുലർ അസംബ്ലിയുടെ ഭാഗമായി 2300 മേഖല കേന്ദ്രീകരിച്ച് യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. സാമൂഹിക-–-സാംസ്കാരികരംഗത്തെ പ്രമുഖർ പരിപാടിയുടെ ഭാഗമാകും. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൽഡിഎഫ്‌ സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖലയിൽ പങ്കെടുക്കാൻ എ എ റഹിം അഭ്യർഥിച്ചു. മുഴുവൻ പ്രവർത്തകരും ശൃംഖലയിലും അതിന്റെ പ്രചാരണപ്രവർത്തനങ്ങളിലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഫെബ്രുവരി ഒന്നിന് വിവിധ ജില്ലകളിൽനിന്ന്‌ തെരഞ്ഞെടുത്ത വളന്റിയർമാരെ പങ്കെടുപ്പിച്ച്‌ പാലക്കാട്ട്‌ ശിൽപ്പശാല ചേരും. മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ പുതിയ പതിപ്പിന്റെ പ്രകാശനം 27ന് വയനാട്ടിൽ നടൻ ടൊവിനോ തോമസ്‌ നിർവഹിക്കും. ലൗ ജിഹാദ്‌ സംബന്ധിച്ച്‌ സിറോ മലബാർസഭയുടെ പക്കൽ തെളിവുകളുണ്ടെങ്കിൽ പുറത്തുവിടണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും റഹിം പറഞ്ഞു.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ്,  സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. പ്രിൻസി കുര്യാക്കോസ്, സംസ്ഥാന കമ്മിറ്റിയംഗം സോളമൻ സിജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top