22 February Saturday

ഗവര്‍ണർമാർക്ക് ആർഎസ്എസ് ബന്ധം ; പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കരുത്: മന്ത്രി ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020


സ്വന്തം ലേഖകൻ
പല ഗവർണർമാർക്കും ആർഎസ്എസ് ബന്ധമുണ്ടെന്ന് വ്യവസായമന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ആവശ്യമില്ലാതെ പ്രതികരിച്ച്‌  പ്രശ്നങ്ങളെ സങ്കീർണമാക്കുകയല്ല ഗവർണർ  ചെയ്യേണ്ടത്. ഇപ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ശരിയായി നിരീക്ഷിക്കാൻ കഴിയണം.  വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിന്റെ  പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം അപകടകരമായ അവസ്ഥയിലേക്ക്‌ സഞ്ചരിക്കുകയാണ്. വർഗീയധ്രുവീകരണത്തിനാണ് സംഘപരിവാറും ബിജെപിയും ശ്രമിക്കുന്നത്. കേരളത്തിന്റെ നിലപാടുകൾ അതിൽനിന്നെല്ലാം വ്യത്യസ്തമാണ്.  മതനിരപേക്ഷത സംരക്ഷിക്കാൻ ജനങ്ങൾക്കൊപ്പമാണ്‌ സംസ്ഥാന സർക്കാർ. 

ഇവിടെ ചിലരുടെ പ്രസ്താവനകൾ അപക്വമാണ്‌. പ്രതിപക്ഷം ശരിയായ പ്രതിപക്ഷമാകണം. അവർ സംഘപരിവാറിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുമ്പോൾ മുസ്ലിംലീഗിനെപ്പോലുള്ള സംഘടനകൾ അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് ഇ പി ചോദിച്ചു.   

വർഗീയ ധ്രുവീകരണത്തിനായി സംഘപരിവാർ  മുസ്ലിം, ക്രിസ്ത്യൻ, പട്ടികജാതി –- വർഗ വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങളുടെ കുന്തമുന തിരിച്ചു. അതിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ സർക്കാർ സ്വീകരിച്ചത്.  പ്രളയമുണ്ടായപ്പോൾ ഗൾഫ് രാജ്യങ്ങളോട് സഹായം തേടി. അത് വാങ്ങാൻ കേന്ദ്രം അനുവദിച്ചില്ല. സഹായിക്കാൻ തയ്യാറായവരുടെ സഹായംപോലും നിഷേധിച്ചവരാണ് കേന്ദ്ര സർക്കാരെന്നും ഇ പി ജയരാജൻ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top