17 February Sunday
‘സുരക്ഷിത കേരളം’ പ്രദര്‍ശനം

വേലികൾ നിർമിക്കാം; പ്രളയത്തെ അതിജീവിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

കൊച്ചി
പ്രളയകാലത്ത് വെള്ളം ഒഴുകിപ്പോകുന്നതിന് വിടവില്ലാത്ത മതിലുകള്‍ ഒഴിവാക്കി പകരം വേലികൾ നിർമിക്കാം. അതില്‍ സസ്യങ്ങള്‍ പടര്‍ത്തി സൗന്ദര്യവല്‍ക്കരിക്കാം. ‘സുരക്ഷിത കേരളം’ പ്രദര്‍ശനത്തിലാണ‌് ഈ നിർദേശങ്ങൾ. ദുരന്തത്തിൽപ്പെട്ടവരെ ഹെലികോപ്റ്ററുകൾക്ക‌് രക്ഷിക്കാൻ അടച്ചുമൂടിയ മേൽക്കൂര ഒഴിവാക്കണമെന്നും പ്രളയസാധ്യത സ്ഥലങ്ങളിൽ അഞ്ചടി ഉയരത്തിൽ പില്ലറുകളിൽ വീടുകൾ നിർമിക്കണമെന്നും ദുരന്തങ്ങളെ അതിജീവിക്കുന്ന പാർപ്പിടനിർമാണ രീതികളെക്കുറിച്ചുള്ള പ്രദർശനത്തിൽ വിദഗ‌്ധർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പ്രളയകാലത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ  സംസ്ഥാനസർക്കാരും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും റീബിൽഡ് കേരളയും ഐക്യരാഷ്ട്രസഭ ഡെവലപ‌്മെന്റ‌് പ്രോഗ്രാമും ചേർന്നാണ‌് ആലുവ യുസി കോളേജിൽ ശനിയാഴ‌്ച ‘സുരക്ഷിത കേരളം’ പ്രദര്‍ശനം സംഘടിപ്പിച്ചത‌്.

സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ നിരവധി മതിലുകളാണ് ജലപ്രവാഹത്തില്‍ തകര്‍ന്നത്. പറമ്പില്‍ ഇന്റര്‍ലോക്ക് ഇടുകയാണെങ്കില്‍ ഇടയില്‍ വെള്ളം ഇറങ്ങാനുള്ള സ്ഥലംകൂടി വേണം.
വീടുകള്‍ നിര്‍മിക്കുമ്പോള്‍ മുകളില്‍ പരന്ന സ്ഥലമാണെങ്കിൽ ഹെലികോപ്റ്റര്‍ വഴി രക്ഷാപ്രവര്‍ത്തനം നടത്തുമ്പോൾ എയര്‍ ഡ്രോപ്പിങ്ങിനും എയര്‍ ലിഫ്റ്റിങ്ങിനും സഹായിക്കും. ജലപ്രവാഹം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളില്‍ നിലവിലുള്ള കെട്ടിടങ്ങളുടെ മൂലകളുടെ രൂപം മാറ്റണമെന്നും യുന്‍ഡിപി ഉദ്യോ​ഗസ്ഥര്‍ പറയുന്നു. കെട്ടിട നിർമാണത്തിന് സ്ഥലം തെരഞ്ഞെടുക്കുമ്പോൾ നിയമപരമായും ഭൂമിശാസ്ത്രപരമായും പരിശോധിക്കേണ്ട കാര്യങ്ങൾ പ്രദർശനം വിശദീകരിക്കുന്നു.

ഒരു പ്ര​ദേശത്തെ ജലനിരപ്പിന് അനുസൃതമായി വീടുവയ‌്ക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഹാബിറ്റാറ്റ് ടെക്നോളജി ​ഗ്രൂപ്പിന്റെ സ്റ്റാൾ. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള മാർ​ഗങ്ങൾ നിർദേശിക്കുന്ന ആപ്ദ മിത്ര തുടങ്ങിയ കെെപ്പുസ്തകങ്ങളും ലഘുലേഖകളുമായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ​സ്റ്റാൾ സജീവമാണ്.
നവകേരള നിർമാണത്തിൽ ഭിന്നശേഷിക്കാരെ പരി​ഗണിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി തണൽ പാലിയേറ്റീവ് ആൻഡ‌് പാരാപ്ലീജിക് കെയറും എത്തിയിട്ടുണ്ട്.
ചെറിയചെലവിൽ വീട‌് നിർമിച്ചുനൽകുന്ന കുടുംബശ്രീ ജില്ലാതല കെട്ടിടനിർമാണ യൂണിറ്റ് വീടുനിർമാണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുത്തരം നൽകുന്നു. മാലിന്യസംസ്കരണ ഉപാധികളുടെ പ്രദർശനമാണ് ശുചിത്വ മിഷനും സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ ആലുവയും നടത്തുന്നത്. പ്രദർശനം ഞായറാഴ്ച സമാപിക്കും.


പ്രധാന വാർത്തകൾ
 Top