20 February Wednesday
ഇ ബാലാനന്ദനെ അനുസ്മരിച്ചു

അടുത്ത തെരഞ്ഞെടുപ്പ് ഇന്ത്യയുടെ നിലനിൽപ്പിന് പ്രധാനം: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019


കളമശേരി
അടുത്ത തെരഞ്ഞെടുപ്പ്, രാജ്യം ഇങ്ങനെത്തന്നെ നിലനിൽക്കണോയെന്ന് തീരുമാനിക്കാനുള്ളതാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം പി രാജീവ്. ശനിയാഴ്ച കളമശേരി ബി ടി ആർ കവലയിൽ നടന്ന ബാലാനന്ദൻ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമാവധി സീറ്റുകൾ നേടുക, ബിജെപി അധികാരത്തിലെത്തുന്നത് തടയുക, മതേതര സർക്കാരിനെ അധികാരത്തിലേറ്റുക എന്നിവയാണ് അടുത്ത തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ലക്ഷ്യം.

കോൺഗ്രസിന് മൂന്ന് സംസ്ഥാനങ്ങളിൽമാത്രമാണ് ബിജെപിയോട് നേരിട്ടെതിർക്കാൻ കഴിയുക. അതുകൊണ്ട് ബിജെപിക്ക് ബദലാണ് കോൺഗ്രസെന്ന് പറയാനാകില്ല. ബാലാനന്ദന്റെ സ്മരണ വർഗീയതയ‌്ക്കും നവ ഉദാരവൽക്കരണ നയങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തിന് കരുത്താണെന്നും അദ്ദേഹം പറഞ്ഞു.

പ്രാഥമികവിദ്യാഭ്യാസം മാത്രം കൈമുതലായുള്ള ബാലാനന്ദൻ എളിയ നിലയിൽനിന്ന് ഉയർന്നുവന്ന തൊഴിലാളിനേതാവായിരുന്നു. എംപിയെന്ന നിലയിൽ ലളിതമായി ഇംഗ്ലീഷിൽ ബജറ്റ് ചർച്ച നടത്താൻ അദ്ദേഹത്തിന് ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. തൊഴിലാളിവർഗത്തിന്റെ പുത്രൻ എന്ന നിലയിൽ അദ്ദേഹം ഏറ്റെടുത്ത പ്രവർത്തനങ്ങൾ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം നാമോരോരുത്തരും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികൾ മറ്റെല്ലാം മാറ്റിവച്ച് ഒന്നിക്കേണ്ടതിനെക്കുറിച്ച് ബാലാനന്ദന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന‌് ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളെക്കുറിച്ച് ദേശീയ പത്രങ്ങൾ എഡിറ്റോറിയൽ എഴുതിയിരുന്നു. കേന്ദ്ര ഭരണാധികാരികളുമായി അദ്ദേഹം നല്ല ബന്ധം പുലർത്തിയിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
ചടങ്ങിൽ വി എ സക്കീർ ഹുസൈൻ അധ്യക്ഷനായി. കെ ചന്ദ്രൻപിള്ള, ടി കെ മോഹനൻ, എൻ സി മോഹനൻ, പി എം ഇസ്മയിൽ, സരോജിനി ബാലാനന്ദൻ, സി കെ പരീത്, കെ എൻ ഗോപിനാഥ്, എസ് സതീഷ്, കെ എസ് അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി ടി ടി രതീഷ് സ്വാഗതം പറഞ്ഞു.

പൊതുയോഗത്തിന് മുമ്പായി ബി ടി ആർ മന്ദിരത്തിലെ ബാലാനന്ദൻ കുടീരത്തിൽ പി രാജീവ് പതാകയുയർത്തി. തുടർന്ന്  പുഷ്പാർച്ചന നടത്തി. എസ് ശർമ്മ, സി എം ദിനേശ് മണി, കെ ജെ മാക്സി, കെ എം റിയാദ്, വി സലിം, എം കെ ബാബു തുടങ്ങിയവരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top