20 February Wednesday

മാനഭംഗശ്രമം: പതിനഞ്ചുകാരിയെ കൊന്ന് കുഴിച്ചിട്ടു; പ്രതി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019


മണർകാട്
കോട്ടയം അയർക്കുന്നത്ത് മൂന്നുദിവസം മുൻപ് കാണാതായ പതിനഞ്ചുകാരിയെ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ടിപ്പർ ഡ്രൈവറായ  മാലം ചേലക്കുന്നേൽ അജേഷിനെ(31) അറസ്റ്റ് ചെയ്തു. ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിലാണ് മണർകാട് അരീപ്പറമ്പിലെ ചെന്നിക്കര ഹോളോബ്രിക്സിലെ ടിപ്പർ ഡ്രൈവർ അജേഷ് പിടിയിലായത്. ഹോളോബ്രിക്സ് സ്ഥാപനം സ്ഥിതിചെയ്യുന്ന പുരയിടത്തിലെ വാഴക്കൂട്ടത്തിനിടയിലാണ് മൃതദേഹം കുഴിച്ചിട്ടത്. ശനിയാഴ്ച പകൽ രണ്ടരയോടെ പ്രതിയുമായെത്തിയാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ അവസാനമായി ബന്ധപ്പെട്ട നമ്പർ പിന്തുടർന്നാണ് അജേഷിലേക്ക‌് എത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
മൊബൈൽഫോൺ മുഖേനയാണ് പ്രതി പെൺകുട്ടിയുമായി പരിചയത്തിലും പിന്നീട് പ്രണയത്തിലുമായത്. വ്യാഴാഴ്ച  പെൺകുട്ടിയെ വശീകരിച്ച് ടിപ്പറിൽ കയറ്റി ഹോളോബ്രിക്സ് കമ്പനിയോട് ചേർന്ന് ഇയാൾ താമസിക്കുന്ന ഷെഡിൽ എത്തിച്ചു. ഇവിടെവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി ചെറുത്തു. ബഹളം പുറത്തു കേൾക്കാതിരിക്കാൻ പെൺകുട്ടിയുടെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി. അവശനിലയിലായ പെൺകുട്ടിയെ ഇയാൾ മാനഭംഗപ്പെടുത്തി. പെൺകുട്ടി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം രാത്രിയിലാണ് മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ടത്. ഇയാൾ രണ്ടുവട്ടം വിവാഹം കഴിക്കുകയും ബന്ധം വേർപ്പെടുത്തുകയുംചെയ‌്തിരുന്നു. അടുത്തനാളിലാണ് പെൺകുട്ടിയുമായി ബന്ധം സ്ഥാപി
ച്ചത്.

പോസ്റ്റ്മോർട്ടത്തിനുശേഷം ഏതൊക്കെ തരത്തിൽ പ്രതി ഉപദ്രവിച്ചുവെന്ന് കൂടുതൽ വ്യക്തമാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കോട്ടയം ആർഡിഒ യുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. കോട്ടയം ഡിവൈഎസ‌്‌പി ആർ ശ്രീകുമാർ, കാഞ്ഞിരപ്പള്ളി ഡിവൈഎസ‌്‌പി എസ് മധുസൂദനൻ, സിഐ മാരായ എ ജെ തോമസ്, ടി ആർ ജിജു, യു ശ്രീജിത്, അയർക്കുന്നം എസ്ഐ അനൂപ് ജോസ്, മണർകാട് എസ്ഐ ആർ വിനോദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
 


പ്രധാന വാർത്തകൾ
 Top