17 February Sunday

സ്വർണവ്യാപാരിക‌ളിൽനിന്ന‌് 25 ലക്ഷം കവർന്ന കേസിലെ പ്രതികൾ അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019


കൽപ്പറ്റ
സ്വർണവ്യാപാരികളുടെ സ്വിഫ്റ്റ് കാർ ആക്രമിച്ച‌് 25 ലക്ഷം രൂപ കവർന്ന കേസിലെ പ്രതികൾ അറസ‌്റ്റിൽ. തൃശൂർ സ്വദേശികളായ  ഷൈജു എന്ന പല്ലൻ ഷൈജു(40), അനന്ദു സന്തോഷ്(25), സുഹാസ് എന്ന അപ്പു(33), കൽപ്പറ്റ സ്വദേശിയായ ചിന്നൻ അഷറഫ്(50) എന്നിവരെയാണ് തിരുനെല്ലി പൊലീസ് സബ‌് ഇൻസ്പെക്ടർ ബിജു ആന്റണിയും സംഘവും അറസ‌്റ്റുചെയ‌്തത‌്. തിരുനെല്ലി താഴെ 54 ൽ നവംബറിലാണ‌് കവർച്ച നടന്നത‌്. 

കൊടൈക്കനാലിൽനിന്നാണ‌് പ്രതികളെ പിടികൂടിയത‌്.  ഷൈജു എന്ന പല്ലൻ ഷൈജു ഒരു കൊലപാതക കേസിലും ദക്ഷിണേന്ത്യയിലെ നിരവധി കവർച്ചാ കേസുകളിലും പ്രതിയാണ‌്.
വധശ്രമം, ഹൈവേ കവർച്ച, മോഷണം, അബ്ക്കാരി, ആയുധ കൈവശംവച്ച കേസുകൾ ഉൾപ്പെടെ പത്തൊമ്പതോളം കേസുകളുമുണ്ട‌്. അനന്ദ് പാലക്കാട്, തൃശൂർ ജില്ലകളിൽ മൂന്ന‌് കഞ്ചാവ്, ഹെറോയിൻ കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കൽപ്പറ്റ സ്വദേശി ചിന്നൻ അഷറഫ് വയനാട‌്–- കോഴിക്കോട് ജില്ലകളിൽ മൂന്ന‌് കവർച്ചക്കേസുൾപ്പെടെ നിരവധി കേസുകളിൽ  പ്രതിയാണ്. പ്രതികളെ തിരുനെല്ലിയിലെത്തിച്ച‌് അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽ പ്രതികളുണ്ടോ എന്നറിയാൻ  പ്രതികളെ ചോദ്യം ചെയ്തു വരികയാണ‌്.  പ്രതികളെ ഞായറാഴ‌്ച  കോടതിയിൽ ഹാജരാക്കും.


പ്രധാന വാർത്തകൾ
 Top