14 December Saturday

കൂട്ടവിറ്റഴിക്കൽ: ഡിസംബറിൽ വ്യാപകപ്രക്ഷോഭം : സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2019


ന്യൂഡൽഹി
പൊതുമേഖലാ സ്ഥാപനങ്ങൾ കൂട്ടത്തോടെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ഡിസംബറിലുടനീളം  പ്രതിഷേധം സംഘടിപ്പിക്കാൻ പാർടി ഘടകങ്ങളോട് സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആഹ്വാനം ചെയ്‌തു. ജനുവരി എട്ടിനു കേന്ദ്രട്രേഡ്‌ യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്കിന്‌ പാർടി പിന്തുണ പ്രഖ്യാപിച്ചു. പൊതു ആസ്‌തികൾ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പൊളിറ്റ്‌ബ്യൂറോ യോഗ തീരുമാനങ്ങൾ വിശദീകരിച്ച്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

രാജ്യം തകർച്ച നേരിടുമ്പോൾ ആഭ്യന്തര–-വിദേശ കുത്തകകൾക്ക്‌ പരമാവധിലാഭം കൊയ്യാൻ അവസരം തുറന്നുകൊടുക്കുകയാണ്‌ മോഡിസർക്കാർ. കൃഷി, വ്യവസായം, സേവനങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളും  കടുത്ത മാന്ദ്യത്തിലാണ്‌. വ്യവസായ ഉൽപ്പാദനത്തിൽ എട്ടു വർഷത്തെ ഏറ്റവും വലിയ ഇടിവുണ്ടായി. വൈദ്യുതിആവശ്യം12 വർഷത്തെ ഏറ്റവും താഴ്‌ന്നതോതിലാണ്‌. സാമ്പത്തികവളർച്ച ഇക്കൊല്ലം അഞ്ച്‌ ശതമാനത്തിൽ താഴെയാകുമെന്നാണ്‌  നിഗമനം.

ഗ്രാമീണമേഖലയിലെ ഉപഭോക്‌തൃ ചെലവഴിക്കൽ 2017–-18ൽ 8.8 ശതമാനം ഇടിഞ്ഞു. ദാരിദ്ര്യനിരക്കിലെ വർധനയാണ്‌ ഇതിൽനിന്ന്‌ വ്യക്തമാകുന്നത്‌. തൊഴിലില്ലായ്‌മ 50 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കില്‍. ശമ്പളമില്ലാത്ത അവധിപ്രഖ്യാപിക്കലും കൂട്ടപിരിച്ചുവിടലുകളും ഐടി മേഖലയിൽ അടക്കം പതിവായി.

ഇതിനുപുറമെ സ്വകാര്യവൽക്കരണം ശക്തമാക്കുന്നത് തൊഴിലില്ലായ്‌മ രൂക്ഷമാക്കും. അധഃസ്ഥിത വിഭാഗങ്ങൾക്ക്‌ സംവരണം വഴി ലഭിച്ച ചെറിയതോതിലുള്ള ആശ്വാസംപോലും ഇല്ലാതാകും. സമ്പദ്‌ഘടന പുനരുജ്ജീവിപ്പിക്കാൻ  ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്തി  ആഭ്യന്തരചോദന വർധിപ്പിക്കുകയാണ് വേണ്ടത്. എന്നാൽ മോഡിസർക്കാർ രണ്ട്‌ ഘട്ടമായി 2.15 ലക്ഷം കോടി രൂപയുടെ നികുതിയിളവും ഇതര ആനുകൂല്യങ്ങളും കോർപറേറ്റുകൾക്കാണ് നല്‍കിയത്. പൊതുനിക്ഷേപം വർധിപ്പിക്കാൻ ഇത്രയും തുക വിനിയോഗിച്ചെങ്കില്‍ ലക്ഷക്കണക്കിനു തൊഴിലവസരം ഉണ്ടായേനെ–-യെച്ചൂരി ചൂണ്ടിക്കാട്ടി.


പ്രധാന വാർത്തകൾ
 Top