30 October Friday

പാലാരിവട്ടം പാലം ; അഴിമതിക്കായി ആദ്യ ഉത്തരവ്‌ അട്ടിമറിച്ചു

റഷീദ‌് ആനപ്പുറംUpdated: Monday Oct 19, 2020


പാലാരിവട്ടം പാലം അഴിമതിക്ക്‌ കളമൊരുക്കാൻ യുഡിഎഫ്‌ സർക്കാർ ആദ്യ ഉത്തരവ്‌ അട്ടിമറിച്ചു. ബജറ്റിൽ ഉൾപ്പെടുത്താതിരുന്ന പദ്ധതിക്ക്‌ ഫണ്ട്‌ കണ്ടെത്താനുള്ള റോഡ്‌ ഫണ്ട്‌ ബോർഡ്‌ (ആർഎഫ്‌ബി) ഉത്തരവാണ്‌ അട്ടിമറിച്ചത്‌. ഇതിന്റെ രേഖ വിജിലൻസിന്‌ ലഭിച്ചു. പാലം നിർമാണം ബജറ്റിൽ ഉൾപ്പെടുത്താതിരിക്കാനാണ്‌ റോഡ്‌ ഫണ്ട്‌ ബോർഡിന്റെ പദ്ധതിയാക്കിയത്‌. റോഡ്‌ ഫണ്ട്‌ ബോർഡ്‌ പണം കണ്ടെത്തി നിർമിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഈ ഉത്തരവ്‌ നിലനിൽക്കെ ബജറ്റിന്‌ പുറത്തുനിന്ന്‌ സർക്കാർതന്നെ പണം നൽകി വൻ കോഴയ്‌ക്ക്‌ ഗൂഢനീക്കം നടത്തി. ഇതുവഴി ലഭിച്ച കോടികളുടെ കമ്മീഷൻ കള്ളപ്പണമായി ചെലവഴിച്ചതായും വിജിലൻസ്‌ കണ്ടെത്തി.

റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ ഡെവലപ്‌മെന്റ്‌ കോർപറേഷനായിരുന്നു നിർമ്മാണ ചുമതല. തുടർന്നാണ്‌ ആർഡിഎസ്‌ പ്രോജക്ടിന്‌ കരാർ നൽകിയത്‌.

കേസിലെ പ്രതിയായ മുൻ പൊതുമരാമത്തു വകുപ്പ്‌ സെക്രട്ടറി ടി ഒ സൂരജ്‌ രണ്ടു കോടിരൂപയുടെ കള്ളപ്പണം ഇടപാട്‌ നടത്തിയെന്നാണ്‌ വിജിലൻസ്‌ കണ്ടെത്തിയത്‌. മറ്റൊരു പ്രതിയായ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ ചന്ദ്രിക അക്കൗണ്ടിൽ നിക്ഷേപിച്ച പത്തു കോടിരൂപ പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട കള്ളപ്പണമാണെന്നും ആരോപണവുമുണ്ട്‌. ഇക്കാര്യം എൻഫോഴ്‌മെന്റ്‌ ഡയറക്ടറേറ്റും വിജിലൻസും അന്വേഷിക്കുന്നു‌.

നിർമാണ കമ്പനിയായ ആർഡിഎസ്‌ പ്രോജക്ടിന് നിയമവിരുദ്ധമായി‌ 8.25 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസ്‌ അനുവദിച്ചിരുന്നു. ഇതിന്‌ തൊട്ടുപിന്നാലെ ടി ഒ സൂരജ്‌ മകന്റെ പേരിൽ ഇടപ്പള്ളി സൗത്തിൽ 3.30 കോടിരൂപ വിലയുള്ള കെട്ടിടം വാങ്ങി. എന്നാൽ, രേഖയിൽ കാണിച്ചത്‌ 1.4 കോടിരൂപയാണ്‌. ഈ ഭൂമി ഇടപാടിന്‌ ഉപയോഗിച്ചതിൽ രണ്ടു കോടിരൂപ കള്ളപ്പണമാണെന്നാണ്‌ വിജിലൻസ്‌ കണ്ടെത്തൽ.

ഉപയോഗിച്ചത്‌ ഗുണമേന്മ കുറഞ്ഞ സാധനങ്ങൾ
പാലം നിർമിക്കാൻ ഗുണമേന്മ കുറഞ്ഞ സാമഗ്രികളാണ്‌ ഉപയോഗിച്ചതെന്ന്‌ വിദഗ്‌ധസമിതി കണ്ടെത്തിയിട്ടുണ്ട്‌. ഇന്ത്യൻ റോഡ്‌ കോൺഗ്രസാണ്‌ രണ്ടു തവണയായി പാലം പരിശോധിച്ച്‌ വിജിലൻസിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചത്‌. ഈ റിപ്പോർട്ട്‌ വിജിലൻസ്‌ സീൽവച്ച കവറിൽ സുപ്രീംകോടതിക്ക്‌ കൈമാറിയിരുന്നു. പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയതിൽ ഒട്ടേറെ അപാകതയുണ്ടെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top