12 November Tuesday

സോളാറിൽ നിന്നും വൈദ്യുതി; "സൗര' പദ്ധതിയിൽ രണ്ടുവർഷത്തിനകം 1000 മെഗാവാട്ട് അധികമായി ഉൽപ്പാദിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

തിരുവനന്തപുരം >  കെഎസ്ഇബിയുടെയും അനർട്ടിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന സൗര പദ്ധതിയിൽ  സൗരോർജ നിലയങ്ങളിൽ നിന്ന്  അടുത്ത രണ്ടുവർഷത്തിനകം ആയിരം മെഗാവാട്ട് വൈദ്യുതി അധികമായി ഉൽപ്പാദിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുനരുപയോഗ ഊർജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും,  കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ ഊർജ്ജ കേരള മിഷനിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയാണ് സൗര.

സൗര പദ്ധതിയുടെ ഭാഗമായി,2021 മാർച്ചിനകം 500 മെഗാവാട്ട് വൈദ്യുതി പുരപ്പുറ സൗരോർജനിലയങ്ങളിൽ നിന്ന് മാത്രമായി ഉൽപ്പാദിപ്പിക്കും. ഇത് കൂടാതെ 200 മെഗാവാട്ട് ഗ്രൗണ്ട് മൗണ്ടഡ്, 150 മെഗാവാട്ട് ഫ്ലോട്ടിംഗ്, 100 മെഗാവാട്ട് സോളാർ പാർക്ക്, 50 മെഗാവാട്ട് പുതു മാർഗ്ഗങ്ങൾ എന്നിങ്ങനെ ആകെ 1000 മെഗാവാട്ട് ഉത്പാദന ശേഷി കൈവരിക്കാനാണ് ശ്രമിക്കുന്നത്.

500 മെഗാവാട്ട് പുരപ്പുറ സോളാർ പദ്ധതിയിലെ ആദ്യ ഘട്ടത്തിൽ 200 മെഗാവാട്ടിനായി ദേശീയ തലത്തിലുള്ള ടെന്റർ ക്ഷണിച്ചു. രജിസ്റ്റർ ചെയ്തതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളുടെ പുരപ്പുറങ്ങളിൽ അടുത്തവർഷമാദ്യത്തോടെ സോളാർ പ്ലാന്റുകൾ സ്ഥാപിച്ചു തുടങ്ങാനാവും.  2020 ജൂണിൽ ആദ്യഘട്ടമായ 200 മെഗാവാട്ട് പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. ഏകദേശം 42,000 ഉപഭോക്താക്കൾക്ക് ആദ്യഘട്ടത്തിന്റെ പ്രയോജനം ലഭ്യമാകും എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

100 മെഗാവാട്ട് ടാർഗറ്റ് നിശ്ചയിച്ചിട്ടുള്ള സോളാർ പാർക്കിലെ 50 മെഗാവാട്ട് നിലവിൽ പൂർത്തിയായിട്ടുണ്ട്. ഇതിനു പുറമെ 55 മെഗാവാട്ട് സോളാർ പാർക്ക് സ്ഥാപിക്കുന്നതിനുള്ള വർക്ക് ഓർഡർ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടിഎച്ച്ഡിസിക്ക് നൽകിയിട്ടുണ്ട്. ഇത് പ്രകാരം 2020 മെയ് മാസത്തിനകം 55 മെഗാവാട്ട് സോളാർ പാർക്കും യാഥാർത്ഥ്യമാവും.

150 മെഗാവാട്ടിന്റെ ഫ്ലോട്ടിംഗ് സോളാർ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി 92 മെഗാവാട്ടിനുള്ള എഗ്രിമെൻറ് എൻടിപിസിയുമായും, 10 മെഗാവാട്ടിനുള്ള എഗ്രിമെന്റ് എൻഎച്പിസിയുമായും കെഎസ്ഇബി ഒപ്പിട്ടിട്ടുണ്ട്. ഇതിനു പുറമെ ഇടുക്കി റിസർവോയർ (300 മെഗാവാട്ട്), ബാണസുരസാഗർ സാഗർ (100 മെഗാവാട്ട്) എന്നിവിടങ്ങളിലും വലിയ തോതിലുള്ള ഫ്ലോട്ടിംഗ് സോളാർ പദ്ധതികളുടെ സാധ്യത പരിശോധിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ടെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top