05 August Wednesday

എൽഡിഎഫ്‌ മുന്നേറ്റം ; പ്രചാരണത്തിന്‌ ശനിയാഴ്‌ച കൊട്ടിക്കലാശം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019


കൊച്ചി
എറണാകുളം മണ്ഡലത്തിൽ ഒരുമാസത്തിലേറെ പൊടിപാറിയ ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ശനിയാഴ്‌ച കൊട്ടിക്കലാശം. മഹാനഗരത്തിന്റെ പ്രധാനഭാഗങ്ങളെല്ലാം ഉൾപ്പെടുന്ന മണ്ഡലത്തിന്റെ മുക്കിലും മൂലയിലുംവരെ എത്തിയ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ കൊട്ടിക്കലാശത്തിന്‌ പ്രധാന മുന്നണികളുടെ പ്രവർത്തകർ ഒരുങ്ങിക്കഴിഞ്ഞു. പൊതുപര്യടന പരിപാടികളും റോഡ്‌ ഷോയും ബൂത്തുതല റാലികളും അവസാനനിമിഷത്തെ പ്രചാരണത്തെ കൊഴുപ്പിച്ചു. മന്ത്രിമാരും മുന്നണികളുടെ സംസ്ഥാന നേതാക്കളും പ്രചാരണത്തിൽ സജീവമായിരുന്നു.  തുടക്കംമുതൽ പ്രചാരണപ്രവർത്തനങ്ങളിൽ മുന്നിട്ടുനിന്ന എൽഡിഎഫ്‌ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ്‌ ആവേശക്കലാശത്തിന്‌ ഒരുങ്ങുന്നത്‌.

അഡ്വ. മനു റോയിയുടെ അച്ഛനും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ എം റോയിക്ക്‌ മണ്ഡലത്തിലുള്ള വിശാലസൗഹൃദവും ബന്ധങ്ങളും എൽഡിഎഫ്‌ സ്ഥാനാർഥിക്ക്‌ പ്രചാരണരംഗത്ത്‌ അനുകൂലഘടകമായിരുന്നു.  സുഹൃത്തുക്കൾക്കും സഹപാഠികൾക്കുമിടയിൽ ആവേശം വിതച്ചുകൊണ്ടായിരുന്നു പ്രചാരണരംഗത്തെ തുടക്കം. അതിവേഗം വോട്ടർമാരിലേക്കെത്തിയ മനു റോയിക്കുവേണ്ടി അഭിഭാഷകർ ഒന്നടങ്കം രംഗത്തിറങ്ങി. മറൈൻഡ്രൈവിൽ എൽഡിഎഫിന്റെ  മണ്ഡലം കൺവൻഷനോടെ ചിട്ടയായ പ്രചാരണപ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാൻ വിപുലമായ കമ്മിറ്റിക്ക്‌ രൂപംനൽകി. മെട്രോ നഗരം നേരിടുന്ന വികസനപ്രശ്‌നങ്ങൾ ഉന്നയിച്ച്‌ പൊതുപര്യടന പരിപാടികളിൽ വോട്ടർമാരെ നേരിൽ കണ്ട മനു റോയിക്ക്‌ ഉജ്വല വരവേൽപ്പാണ്‌ ലഭിച്ചത്‌.

പാലാരിവട്ടം പാലം നിർമാണ അഴിമതിമുതൽ കൊച്ചി കോർപറേഷൻ ഭരണത്തിലെ വീഴ്‌ചവരെ തുറന്നുകാട്ടിയായിരുന്നു എൽഡിഎഫ്‌ പ്രചാരണം.  പാലാ ഉപതെരഞ്ഞെടുപ്പിലെ ജനവിധി പകർന്ന ആവേശം രംഗം കൊഴുപ്പിച്ചു. ഒമ്പതുവർഷമായി കോൺഗ്രസ്‌ നേതൃത്വത്തിൽ യുഡിഎഫ്‌ ഭരിക്കുന്ന കൊച്ചി നഗരസഭയുടെ വീഴ്‌ചകൾ ഒന്നൊന്നായി തുറന്നുകാട്ടി. യുഡിഎഫുകാരായ എംഎൽഎയും എംപിയും ഉണ്ടായിരുന്നിട്ടും നഗരത്തിന്റെ വികസനപ്രശ്‌നങ്ങൾക്കൊന്നും പരിഹാരം കാണാൻ കഴിയാതിരുന്നത്‌ പ്രചാരണരംഗത്ത്‌ യുഡിഎഫ്‌ നേതൃത്വത്തെ പ്രതിരോധത്തിലാക്കി.

മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ്‌ വോട്ട്‌ തേടിയത്‌. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ തുടങ്ങിയ മുൻനിര നേതാക്കളും എത്തി.

എ കെ ആന്റണിയും ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുമൊക്കെ യുഡിഎഫ്‌ സ്ഥാനാർഥി ടി ജെ വിനോദിന്റെ പ്രചാരണത്തിനെത്തി.  തൊട്ടടുത്ത കളമശേരി മണ്ഡലത്തിലെ എംഎൽഎയും മുൻ പൊതുമരാമത്തുമന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. ഡെപ്യൂട്ടി മേയറും കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റുമായ യുഡിഎഫ്‌ സ്ഥാനാർഥി നഗരസഭയുടെ ഭരണവീഴ്‌ചകൾക്ക്‌ മറുപടി പറയേണ്ട അവസ്ഥയുണ്ടായി. മണ്ഡലം കമ്മിറ്റി നേതൃത്വം അതിന്‌ വാർത്താ സമ്മേളനം വിളിച്ചെങ്കിലും മേയർ അതിൽ പങ്കെടുത്തില്ല. ബിജെപി സ്ഥാനാർഥി സി ജി രാജഗോപാലിന്റെ പ്രചാരണത്തിന്‌ കുമ്മനം രാജശേഖരൻ എത്തി. മറ്റ്‌ സംസ്ഥാന നേതാക്കളുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top