15 October Tuesday

വിജിലൻസ്‌ അന്വേഷണം ; ശുപാർശയെത്തി മണിക്കൂറുകൾക്കകം 
തീരുമാനം

സുജിത്‌ ബേബിUpdated: Thursday Sep 19, 2024


തിരുവനന്തപുരം
എഡിജിപി എം ആർ അജിത്‌കുമാറിനും മുൻ ജില്ലാ പൊലീസ്‌ മേധാവി സുജിത്‌ ദാസിനുമെതിരായ വിജിലൻസ്‌ അന്വേഷണ ശുപാർശയിൽ മുഖ്യമന്ത്രിയുടെ ഓഫീസ്‌ നടപടിയെടുത്തത്‌ ഫയൽ എത്തി മണിക്കൂറുകൾക്കകം. പൊലീസ്‌ മേധാവി നൽകിയ വിജിലൻസ്‌ അന്വേഷണ ശുപാർശ മുഖ്യമന്ത്രിയുടെ ഓഫീസ്‌ പൂഴ്‌ത്തിയെന്ന്‌ ചില മാധ്യമങ്ങൾ വ്യാജവാർത്ത നൽകിയിരുന്നു. ചീഫ്‌ സെക്രട്ടറിയുടെ ഓഫീസിൽ ഫയൽ എത്തിയ സമയത്താണ്‌ മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിച്ചത്‌.

പി വി അൻവർ എംഎൽഎയിൽ നിന്ന്‌ വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ വിജിലൻസ്‌ അന്വേഷണത്തിന്‌ ശുപാർശ ചെയ്‌ത്‌ പൊലീസ്‌ മേധാവി റിപ്പോർട്ട്‌ നൽകിയത്‌. ഐപിഎസ്‌ ഉദ്യോഗസ്ഥർക്കെതിരായ പരാതിയും പൊലീസ്‌ മേധാവിയുടെ അന്വേഷണ ശുപാർശയുമടങ്ങിയ ഫയൽ തുറക്കുന്നത്‌ അഖിലേന്ത്യാ സർവീസ്‌ വിഭാഗത്തിൽ നിന്നാണ്‌. തുടർന്ന്‌ അഖിലേന്ത്യാ സർവീസിലെ വിവിധ വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാണ്‌ സെക്രട്ടറിയറ്റിലേക്ക്‌ ഫയൽ കൈമാറുക. ഐപിഎസ്‌ ഉദ്യോഗസ്ഥരെ സംബന്ധിച്ച പരാതി ആയതിനാൽ ആഭ്യന്തര സെക്രട്ടറി ഫയൽ കണ്ട ശേഷമാണ്‌ ചീഫ്‌ സെക്രട്ടറിക്ക്‌ കൈമാറുക. ചീഫ്‌ സെക്രട്ടറിയുടെ ഓഫീസിൽ നിന്ന്‌ വ്യാഴാഴ്‌ച വൈകിട്ടാണ്‌ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‌ നൽകിയത്‌. ഉടൻതന്നെ വിജിലൻസ്‌ അന്വേഷണത്തിനുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു.

പി വി അൻവർ എംഎൽഎയുടെ പരാതിയിൽ പറയുന്ന എല്ലാ വിഷയങ്ങളും പരിശോധിച്ച ശേഷമാണ്‌ വിജിലൻസ്‌ അന്വേഷണ പരിധിയിലുള്ളവ പ്രത്യേകം പരിശോധിക്കണമെന്ന്‌ പൊലീസ്‌ മേധാവി ശുപാർശ നൽകിയത്‌. റിപ്പോർട്ടിൽ പറയുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയാണ്‌ വിജിലൻസ്‌ അന്വേഷണത്തിന്‌ സർക്കാർ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top