28 September Thursday

അന്താരാഷ്‌ട്ര കാലിഗ്രഫി മേള ഒക്‌ടോബറിൽ കൊച്ചിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

കൊച്ചി > കൈയെഴുത്ത്‌ അക്ഷരങ്ങളെ ചിത്രങ്ങളാക്കി മാറ്റുന്ന കാലിഗ്രഫി (ലിപികല) രചനയിലെ അതികായർ അണിനിരക്കുന്ന കേരളത്തിലെ ആദ്യ അന്താരാഷ്‌ട്ര കാലിഗ്രഫി ഫെസ്‌റ്റിവലിനും പ്രദർശനത്തിനും കൊച്ചി വേദിയാകും. തിരുവനന്തപുരം കേന്ദ്രമായ കചടതപ ഫൗണ്ടേഷൻ ഒക്‌ടോബർ രണ്ടുമുതൽ അഞ്ചുവരെ കേരള ലളിതകലാ അക്കാദമിയുമായി ചേർന്ന്‌ ദർബാർഹാൾ ആർട്ട്‌ ഗ്യാലറിയിലാണ്‌ മേളയും പ്രദർശനവും സംഘടിപ്പിക്കുന്നത്‌. തത്സമയ കാലിഗ്രഫി രചന, ശിൽപ്പശാലകൾ, പ്രഭാഷണങ്ങൾ, പ്രദർശനം, ചർച്ച, ക്വിസ്‌ തുടങ്ങിയവ അരങ്ങേറും.

ഫ്രാൻസ്‌, ജർമനി, വിയറ്റ്‌നാം, ഇറാൻ തുടങ്ങിയ വിദേശരാജ്യങ്ങളിൽനിന്നുള്ള പ്രമുഖരുൾപ്പെടെ 16 കാലിഗ്രഫി കലാകാരന്മാർ മേളയിൽ പങ്കെടുക്കും. മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി, ഉറുദു, ദേവനാഗരി, ഹീബ്രു, ചൈനീസ്‌, കൊറിയൻ, റോമൻ തുടങ്ങിയ ഭാഷകളിലുള്ള കാലിഗ്രഫികളുടെ രചനയും പ്രദർശനവുമുണ്ടാകും. ഇന്ത്യൻ റുപെയുടെ ലോഗോ തയ്യാറാക്കിയ ഗോഹട്ടി ഐഐടിയിലെ ഡിസൈൻ വിഭാഗം തലവൻ യു ഉദയകുമാർ, ലോകോത്തര പെൻ ബ്രാൻഡായ മോൺട്‌ബ്ലാങ്കിന്റെ ഔദ്യോഗിക കാലിഗ്രഫർ ഷിപ്ര രോഹത്‌ഗി, പ്രശസ്‌ത മലയാളം കാലിഗ്രഫർ നാരായണ ഭട്ടതിരി, ദേവനാഗരി ഭാഷാ കാലിഗ്രഫർ അച്യുത്‌ പൽവ്‌, കാലിഗ്രഫിയിൽ അന്താരാഷ്‌ട്ര സമ്മാനിതനായ അശോക്‌ പരബ്‌, റോമൻ കാലിഗ്രഫർ അക്ഷയ തോംബ്രെ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും. വിവിധ ഭാഷകളിലുള്ള 150ഓളം കാലിഗ്രഫി രചനകളുടെ പ്രദർശനവും പ്രധാന ആകർഷണമാകും. അടുത്ത അഞ്ചുവർഷത്തേക്കുള്ള കാലിഗ്രഫി ഫെസ്റ്റിവൽ കലണ്ടർ മേളയിൽ പ്രഖ്യാപിക്കും. 

പ്രതിനിധികളായി പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് https://kachatathapa.com വഴി രജിസ്റ്റർ ചെയ്യാം. 2000 രൂപയാണ്‌ രജിസ്‌ട്രേഷൻ ഫീസ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top