27 November Sunday

പികെഎസ്‌ ജാഥ വയനാട്ടിൽ പര്യടനം പൂർത്തിയാക്കി ; ഇന്ന്‌ കോഴിക്കോട്‌ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022


കൽപ്പറ്റ, താമരശേരി
പട്ടികജാതി വിഭാഗക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ പരിഹാരമാവശ്യപ്പെട്ട്‌ പട്ടികജാതി ക്ഷേമസമിതി നടത്തുന്ന സംസ്ഥാന ജാഥക്ക്‌ വയനാട്ടിൽ ആവേശ വരവേൽപ്പ്‌.  കണ്ണൂരിൽനിന്ന്‌ ഞായർ രാവിലെയാണ്‌ ജാഥ ജില്ലയിലെത്തിയത്‌. ഭൂമി, വീട്, സ്വകാര്യമേഖലയിൽ തൊഴിൽസംവരണം എന്നീ ആവശ്യങ്ങളുന്നയിച്ച്‌ ഒക്‌ടോബർ മൂന്നിന്‌ നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചിന്റെ പ്രചാരണാർഥമാണ്‌ ജാഥ.

പികെഎസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ സോമപ്രസാദ് നയിക്കുന്ന പ്രചാരണ ജാഥക്ക്‌  രാവിലെ ‌ മാനന്തവാടിയിലായിരുന്നു ആദ്യസ്വീകരണം. തുടർന്ന്‌ പനമരം, മീനങ്ങാടി, കൽപ്പറ്റ എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ജാഥ വൈകിട്ടോടെ കോഴിക്കോട്‌ ജില്ലയിൽ പ്രവേശിച്ചു. ജില്ലാ അതിർത്തിയായ അടിവാരത്ത്‌ ഉജ്വല സ്വീകരണം നൽകി. കെ സോമപ്രസാദ്‌, ജാഥാ വൈസ്‌ ക്യാപ്‌റ്റൻ വണ്ടിതടം മധു, ജാഥാംഗങ്ങളായ വി ആർ ശാലിനി, എസ്‌ അജയകുമാർ, അഡ്വ. കെ ശാന്തകുമാരി എംഎൽഎ, സി കെ ഗിരിജ എന്നിവരും പികെഎസ്‌ ജില്ലാ പ്രസിഡന്റ്‌ കെ സുഗതൻ, സെക്രട്ടറി എം ജനാർദനൻ എന്നിവരും  വിവിധ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിച്ചു. 

ജാഥയ്‌ക്ക്‌  തിങ്കൾ രാവിലെ പത്തിന്‌ ബാലുശേരി, 11ന്‌ പേരാമ്പ്ര, 12.30ന്‌ വടകര, 3.30ന്‌ കൊയിലാണ്ടി, അഞ്ചിന്‌ മുതലക്കുളം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 20ന്‌ മലപ്പുറം ജില്ലയിൽ പര്യടനം നടത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top