26 October Monday
ഒരുവർഷം തടവും പിഴയും

ആൾക്കൂട്ടസമരം : കടുപ്പിച്ച്‌ ഹൈക്കോടതി ; ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

കൊച്ചി
കോവിഡ് മാർഗനിർദേശം ലംഘിച്ച് തെരുവിൽ പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന്‌ ഹൈക്കോടതി നിർദേശം. നാടാകെ  കോവിഡ്‌ ഭീതി കൂടിവരുന്നതിനിടെ  കോൺഗ്രസും ബിജെപിയും അഴിച്ചുവിടുന്ന അക്രമസമരങ്ങളാണ്‌ ഹൈക്കോടതിയുടെ പരാമർശത്തിലേക്ക്‌ നയിച്ചത്‌. ഹൈക്കോടതി വിലക്കിയിട്ടും രാഷ്‌ട്രീയ പാർടികൾ  സമരം തുടരുകയാണെന്ന് സർക്കാർ  അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ വാക്കാൽ പരാമർശം.

രാഷട്രീയ പാർടികൾ കോടതിയിൽ ഹാജരായില്ലെങ്കിലും  ഉത്തരവ് രാഷ്ട്രീയ പാർടികൾക്ക് ബാധകമാണെന്ന്‌ കോടതി വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കാൻ രണ്ടു മാസമായി സ്വീകരിച്ച നടപടി  അറിയിക്കാൻ ചീഫ് ജസ്റ്റിസ് എസ്‌ മണികുമാർ അധ്യക്ഷനായ ബെഞ്ച് സർക്കാരിന് നിർദേശം നൽകി.  സമരക്കാർക്കെതിരെ  സ്വീകരിച്ച നടപടികൾ തിരുവനന്തപുരം ഐജിയും സിറ്റി പൊലീസ് കമീഷണറും അറിയിച്ചിട്ടുണ്ടെന്ന് സർക്കാർ ബോധിപ്പിച്ചു. നോട്ടീസ് കിട്ടിയിട്ടും രാഷ്ട്രീയ പാർടികൾ ഹാജരാകാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

ജൂലൈ 31 വരെ തങ്ങൾ കോടതി ഉത്തരവ് പാലിച്ചിട്ടുണ്ടെന്ന് യുഡിഎഫിനുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ ഉത്തരവ് നീട്ടിയ വിവരം അറിഞ്ഞില്ലേയെന്ന്‌ കോടതി ചോദിച്ചു. ഉത്തരവ് ലംഘിച്ച് സമരം തുടരുന്ന രാഷ്ട്രീയപാർടികൾക്കെതിരെ കേന്ദ്ര,- സംസ്ഥാന ദുരന്ത നിവാരണ നിയമപ്രകാരം നടപടി ഉണ്ടാകുന്നില്ലെന്ന് ഹർജിക്കാരായ അഡ്വ. ജോൺ നമ്പേലി അടക്കമുള്ള ഹൈക്കോടതി അഭിഭാഷകർ പറഞ്ഞു.
 

ഒരുവർഷം തടവും പിഴയും
ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കണമെന്ന്‌ ഹൈക്കോടതി നിർദേശിച്ച സാഹചര്യത്തിൽ കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ സമരം ചെയ്‌താൽ  ഒരു വർഷം തടവും  പിഴയും ലഭിക്കും. നിയമത്തിന്റെ 51 --ാം വകുപ്പുപ്രകാരമുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ  ഉത്തരവുകൾ ലംഘിക്കുന്നത്‌ ഒരുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഉത്തരവ്‌ ലംഘനംവഴി ആർക്കെങ്കിലും മരണം സംഭവിച്ചാൽ തടവ്‌ രണ്ടുവർഷംവരെയാകും. ഉത്തരവ് നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ തടയുന്നതും കുറ്റമാണ്.

ദുരന്തനിവാരണ നിയമപ്രകാരമാണ് കേന്ദ്ര സർക്കാർ കോവിഡ് മാനദണ്ഡം പുറപ്പെടുവിച്ചത്. ഇതിന്റെ അനുബന്ധമായാണ്‌ സംസ്ഥാന സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top