22 October Tuesday

ആളെക്കൊല്ലി ‘പിരാന’ തലകീഴായി മറിയുന്ന ‘റോസി’ ; കൗതുക കാഴ്ചകളുമായി മുസിരിസ് മേള

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

 
പറവൂർ
കൗതുക കാഴ്ചകളുടെ കലവറ തുറന്ന്‌ ‘മുസിരിസ് മേള – 2019’ പ്രദർശനം തുടരുന്നു. ചേന്ദമംഗലം കവലയിലെ ഷഫാസ് തിയറ്ററിനു സമീപമുള്ള മൈതാനിയിലാണ്‌ അക്വാഷോ, പെറ്റ്ഷോ, കാർഷിക–- ഗൃഹോപകരണ–-ഭക്ഷ്യമേള എന്നിവ നടക്കുന്നത്‌. പന്തൽ ട്രേഡ് ഫെയർ അസോസിയേറ്റ്സാണ്‌ ഒരുക്കിയിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ളവയടക്കം ഇരുനൂറോളം അലങ്കാര മത്സ്യങ്ങളുണ്ട്. ആളെക്കൊല്ലി മത്സ്യമെന്നറിയപ്പെടുന്ന ‘പിരാന’, 400 കിലോഗ്രാംവരെ തൂക്കവും 15 മുതൽ 18 അടിവരെ നീളവും വരുന്ന ചീങ്കണ്ണിയുടെ രൂപസാദൃശ്യമുള്ള ഭീകര മത്സ്യം ‘എലിഗേറ്റർ ഗാർ’ എന്നിവ മുഖ്യ ആകർഷണമാണ്.

15 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രാവുകൾ പെറ്റ് ഷോയിൽ കാഴ്ചയുടെ വിസ്മയം തീർക്കുന്നു. സർക്കസ് അഭ്യാസിയെപ്പോലെ കൂട്ടിൽ തലകീഴായി മറിയുന്ന ‘റോസി’ എന്നു വിളിപ്പേരുള്ള ‘മൊളക്കൻ കൊക്കാറ്റോ’ തത്ത, അമ്പരപ്പിക്കുന്ന തരത്തിൽ അനുകരണം നടത്തുന്ന ആഫ്രിക്കൻ ഗ്രേ പാരറ്റ്‌സ്, നാല്‌ ലക്ഷം വിലമതിക്കുന്ന ആഫ്രിക്കൻ തത്ത ‘മെക്കാവോ’ എന്നിവ മേളയുടെ മാറ്റുകൂട്ടുന്നു. ജർമനിയിലെയും ചൈനയിലെയും കാടുകളിൽ ജീവിക്കുന്ന ഗോൾഡൻ പെസേന്റ്, സിൽവർ പെസേന്റ്,  മെക്‌സിക്കൻ ഓന്ത് ‘ഇഗ്വാന’ എന്നിവ മേളയിലുണ്ട്.

കുട്ടികൾക്കു കളിക്കാൻ ബോട്ടിങ് ഉൾപ്പെടെയുള്ള കിഡ്‌സ് സോൺ സജ്ജീകരിച്ചിട്ടുണ്ട്. പ്രവൃത്തിദിവസങ്ങളിൽ പകൽ രണ്ടുമുതൽ ഒമ്പതുവരെയും ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും പകൽ 11 മുതൽ ഒമ്പതുവരെയുമാണ്‌ പ്രദർശനം. 29ന്‌ സമാപിക്കും.


പ്രധാന വാർത്തകൾ
 Top