22 October Tuesday
കൂടുതൽ അറസ്‌റ്റ്‌ ഉണ്ടാകും

പാലാരിവട്ടം മേൽപ്പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യംചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

സ്വന്തം ലേഖകൻ
തിരുവനന്തപുരം/ കൊച്ചി
പാലാരിവട്ടം മേൽപ്പാലം നിർമാണ അഴിമതിക്കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ എംഎൽഎയെ വീണ്ടും  ചോദ്യംചെയ്യുമെന്ന്‌ വിജിലൻസ്‌ അറിയിച്ചു. കേസിലെ പ്രതിയായ പൊതുമരാമത്ത് മുൻ സെക്രട്ടറി  ടി ഒ സൂരജ്‌,  ജാമ്യ ഹർജിയിൽ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക്‌ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണിത്‌.

അതിനിടെ കൂടുതൽ പ്രതികളും അറസ്‌റ്റുമുണ്ടാകുമെന്ന്‌ വിജിലൻസ്‌ അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു. കേസിലെ പ്രതികളായ ടി ഒ സൂരജ്, കരാറുകാരൻ സുമിത് ഗോയൽ, കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ അസി. ജനറൽ മാനേജർ എം ടി തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്താണ്‌ വിജിലൻസ് ഇക്കാര്യം അറിയിച്ചത്.

അന്വേഷണം പുരോഗമിക്കുകയാണ്‌.  കൂടുതൽ പ്രതികളും അറസ്റ്റുമുണ്ടാകും. കേസിൽ പ്രതികളുടെ പങ്ക് വ്യക്തമാണ്‌. പാലം പൂർണമായി പൊളിക്കേണ്ട അവസ്ഥയാണിപ്പോൾ. പ്രതികളുടെ ഇടപെടൽ പൊതുസുരക്ഷ അപകടത്തിലാക്കി. ഭാവിയിൽ ഇതുണ്ടാകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന്‌ സർക്കാരിനുവേണ്ടി ഹാജരായ സീനിയർ ഗവ. പ്ലീഡർ സുമൻ ചക്രവർത്തി അറിയിച്ചു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയിൽ സർക്കാർ തീരുമാനങ്ങളിൽ ഒപ്പുവയ്‌ക്കുക മാത്രമാണ് ചെയ്തതെന്ന് ടി ഒ സൂരജിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വാദിച്ചു.  അഴിമതി ചെയ്തിട്ടില്ലെന്നും നിർമാണത്തിന് മേൽനോട്ടം വഹിച്ചവരെ പ്രതിയാക്കിയിട്ടില്ലെന്നും സൂരജ് വാദിച്ചു.

പ്രതിചേർക്കുന്നത്‌ ചോദ്യം ചെയ്യലിന്‌ ശേഷം തീരുമാനിക്കും
തിരുവനന്തപുരം
വി കെ ഇബ്രാഹിംകുഞ്ഞിനെ കേസിൽ പ്രതി ചേർക്കുന്നത്‌ ചോദ്യംചെയ്തശേഷം തീരുമാനിക്കുമെന്ന്‌ വിജിലൻസ്‌ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ സൂരജിനെ കസ്റ്റഡിയിൽവാങ്ങി  ചോദ്യം ചെയ്‌തപ്പോഴും  ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ വെളിപ്പെടുന്ന വിവരങ്ങൾ ലഭിച്ചു.  ഇതുസംബന്ധിച്ച രേഖകളും വിജിലൻസിന്റെ കൈവശമുണ്ട്‌.
കേസിൽ കഴിഞ്ഞ ആഗസ്‌ത്‌ 22നാണ്‌ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ്‌ ആദ്യം ചോദ്യംചെയ്‌തത്‌. 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top