മലപ്പുറം
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണം മലപ്പുറത്തേക്കും. വ്യാജവാർത്തയും ചിത്രവും ചേർത്ത പോസ്റ്റിന്റെ ഉറവിടം മലപ്പുറത്താണെന്ന വിവരം കണ്ണൂർ പൊലീസിന് ലഭിച്ചിരുന്നു. പച്ചപ്പട, നിലപാട് തുടങ്ങിയ ഫേസ്ബുക്ക്, വാട്സാപ്പ് കൂട്ടായ്മകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ പേരുവിവരങ്ങളും ശേഖരിച്ചു. നവമാധ്യമങ്ങളിൽ നുണ ഉൽപ്പാദിപ്പിക്കുന്ന ഇവരുടെ പ്രചാരണ രീതികളിൽ ഗുരുതര ക്രിമിനൽ കുറ്റങ്ങൾ പൊലീസിന് ബോധ്യമായിട്ടുണ്ട്.
ചില അക്കൗണ്ടുകളുടെ പൂർണവിവരം തേടി ഫേസ്ബുക്ക് ആസ്ഥാനമായ കാലിഫോർണിയയിലേക്ക് കണ്ണൂർ ജില്ലാ പൊലീസ് മേധാവി ഇ മെയിൽ സന്ദേശം അയച്ചിരുന്നു. ഇതിന്റെ മറുപടി കാത്തിരിക്കുകയാണ് പൊലീസ്. പി ജയരാജൻ ബിജെപിയിൽ ചേരുന്നുവെന്ന തരത്തിലാണ് വ്യാജ ഐഡികളിൽ മോർഫിങ്ങിലൂടെ വ്യാജ ചിത്രം നിർമിച്ച് നുണപ്രചാരണം നടത്തിയത്. ജയരാജൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കൊപ്പം നിൽക്കുന്ന ചിത്രം മോർഫ് ചെയ്ത് ഉണ്ടാക്കി പ്രചരിപ്പിച്ചതാരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊണ്ടോട്ടി കേന്ദ്രമായി പ്രവർത്തിക്കുന്ന ലീഗ് കൂട്ടായ്മയായ പച്ചപ്പടയും വ്യാജചിത്രം പങ്കിട്ട് പ്രചരിപ്പിച്ചു. വാട്സാപ്പ് ഗ്രൂപ്പിലും ഷെയർചെയ്തു.
ഹമീദ് കോട്ടക്കൽ, അലി കൊണ്ടോട്ടി, അഖിലേഷ് നെയ്മർ തുടങ്ങിയ ഐഡികളുടെ പോസ്റ്റുകൾ പൊലീസ് സൂക്ഷിച്ചിട്ടുണ്ട്. ഡിലീറ്റ് ചെയ്ത പോസ്റ്റുകളടക്കം പരിശോധിക്കുന്നുണ്ട്. പങ്ക് തെളിഞ്ഞാൽ അറസ്റ്റ് അടക്കമുള്ള നടപടിയുണ്ടാകും. പൊലീസിന്റെ സൈബർ സെല്ലും പരമാവധി വിവരം ശേഖരിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..