15 October Tuesday

നടുറോഡില്‍ ദമ്പതികളെ മര്‍ദിച്ച സംഭവം : കോണ്‍ഗ്രസ് നേതാവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

 

കൊച്ചി
അമ്പലവയലിൽ നടുറോഡിൽ ദമ്പതികളെ മർദിച്ച കേസിലെ ഒന്നാം പ്രതിയായ കോൺഗ്രസ്‌ നേതാവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹോട്ടലിൽ മുറി വാടകയ്‌ക്കെടുത്ത തമിഴ്നാട് സ്വദേശികളായ ദമ്പതികളെ മർദിക്കുകയും യുവതിയെ ലൈംഗികമായി പീഡിപ്പിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുകയും ചെയ്‌തതാണ്‌ കേസ്‌.

ഒന്നാം പ്രതിയും പ്രാദേശിക കോൺഗ്രസ് നേതാവുമായ സുൽത്താൻ ബത്തേരി സ്വദേശി എസ് കെ സജീവാനന്ദിന്റെ ജാമ്യഹർജിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് തള്ളിയത്. 2019 ജൂലൈ 21ന് ഭർത്താവ് ഇല്ലാത്ത സമയത്ത് മുറിയിൽ അതിക്രമിച്ചുകയറിയ മാനേജർകൂടിയായ സജീവാനന്ദും ഹോട്ടൽ ഉടമയായ രണ്ടാംപ്രതിയും ചേർന്ന് ലൈംഗികപീഡനത്തിന് മുതിരുകയും ഭർത്താവ് വന്നപ്പോൾ മർദിക്കുകയും ചെയ്തെന്നാണ് കേസ്. ഇവരുടെ മൊബൈൽ ഫോൺ പുറത്തേക്ക് വലിച്ചെറിഞ്ഞ് സാമ്പത്തികനഷ്ടമുണ്ടാക്കി. ദമ്പതികൾ രക്ഷപ്പെട്ട് പുറത്തിറങ്ങിയപ്പോൾ കാറിൽ പിന്തുടർന്ന് അമ്പലവയൽ നഗരത്തിൽവച്ച് വീണ്ടും ഭർത്താവിനെ മർദിക്കുകയും ഭാര്യയെ അസഭ്യം പറയുകയും  ചെയ്‌തു. അമ്പലവയൽ പൊലീസ് രജിസ്റ്റർചെയ്ത കേസിൽ ആഗസ്‌ത്‌ അഞ്ചിന് അറസ്റ്റിലായെന്നും ജാമ്യം വേണമെന്നും പ്രതി വാദിച്ചു.

വിനോദസഞ്ചാരികളായ ദമ്പതികളെയാണ് അപമാനിക്കുകയും മർദിക്കുകയും ചെയ്തതെന്ന്‌ പൊലീസ്‌ അറിയിച്ചു. വിനോദസഞ്ചാര വികസനത്തിന് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് തിരിച്ചടിയാണ് ഇത്തരം സംഭവങ്ങൾ. ജാമ്യത്തിൽ വിട്ടാൽ പരാതിക്കാരെയും സാക്ഷികളെയും സ്വാധീനിക്കാനും  കേസ് അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ച കോടതി ജാമ്യഹർജി തള്ളുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top