15 November Friday

കേരള പുനർനിർമാണ വികസനപദ്ധതി : 1422 കി. മീ. റോഡിന്‌ 952 കോടിയുടെ അനുമതി

ജി രാജേഷ‌് കുമാർUpdated: Monday Aug 19, 2019

കേരള പുനർനിർമാണ വികസനപദ്ധതിയിൽ 1422 കിലോ മീറ്റർ റോഡ്‌ നന്നാക്കാൻ അനുമതിയായി. മരാമത്ത്‌ വകുപ്പിനുകീഴിലുള്ള 819 കിലോ മീറ്റർ റോഡിന്‌ 300 കോടി രൂപ അനുവദിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലെ 603 കിലോ മീറ്റർ റോഡും പുനർനിർമിക്കും. 488 കോടി രൂപയാണ്‌ ഇതിന്റെ  അടങ്കൽ. ഇവ ഉൾപ്പെടെ 952 കോടി രൂപയുടെ പ്രവൃത്തികൾക്ക്‌ ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ കേരള പുനർനിർമാണ സംരംഭം ഉന്നതാധികാര സമിതി അംഗീകാരം നൽകി. ലോക ബാങ്ക്‌ വായ്‌പയാണ്‌ വിനിയോഗിക്കുക.

തെക്കൻമേഖല–- 255 കിലോമീറ്റർ, മധ്യമേഖല–- 269, വടക്കൻമേഖല–-295 എന്നിങ്ങനെയാണ്‌  പൊതുമരാമത്ത്‌ റോഡ്‌ പുനർനിർമിക്കുക. എട്ട്‌ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ റോഡിനാണ്‌ ഇപ്പോൾ അനുമതി നൽകിയത്‌. പത്തനംതിട്ട–-105 കിലോമീറ്റർ, കോട്ടയം–- 24, എറണാകുളം– -49, വയനാട്‌–- 87, ഇടുക്കി–-145, പാലക്കാട്‌–-13, ആലപ്പുഴ–-116 എന്നിങ്ങനെയാണ്‌ റോഡ്‌ തെരഞ്ഞെടുത്തത്‌.

ഗതാഗതവകുപ്പിന്റെ പദ്ധതിയായി ബ്രഹ്മപുരത്ത്‌ കടമ്പ്രയാർ നദിക്കു കുറുകെ 30 കോടി രൂപ ചെലവിൽ ഇരുവരി പാലം നിർമിക്കും. ജലസംഭരണികളിൽ കൂട്‌ മത്സ്യക്കൃഷി നടത്താനുള്ള ഫിഷറീസ്‌ വകുപ്പ്‌ പദ്ധതിക്കും അംഗീകാരമായി. ഇതിന്‌ 3.2 കോടി രൂപ ചെലവിൽ 1000 യൂണിറ്റ്‌ സജ്ജീകരിക്കും.

വനംവകുപ്പിന്റെ മൂന്ന്‌ പദ്ധതിയും അംഗീകരിച്ചു. വനത്തിനുള്ളിലെ സെറ്റിൽമെന്റുകൾ മാറ്റിസ്ഥാപിക്കാൻ 105.91 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. വനമേഖലയുടെ ഭാഗമായ സ്വകാര്യ എസ്‌റ്റേറ്റുകൾ ഏറ്റെടുക്കാൻ 18.80 കോടി രൂപ നീക്കിവച്ചു. സ്വകാര്യ കണ്ടൽക്കാടുകൾ ഏറ്റെടുക്കാൻ 5.14 കോടി രൂപ വിനിയോഗിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top