18 September Wednesday

പുതിയ ജീവിതം കെട്ടിപ്പടുക്കാൻ അവർ വീണ്ടും വീടുകളിലേക്ക്‌

സ്വന്തം ലേഖകൻUpdated: Monday Aug 19, 2019

ഭൂദാനം സെന്റ് ജോർജ് പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന്‌ മടങ്ങുന്ന നെടുങ്കയം കോളനി നിവാസികൾ

നിലമ്പൂര്‍ > ഒരുമയുടെ നന്മയും സന്തോഷവും പഠിപ്പിച്ച  ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന്‌ പുതിയ ജീവിതം കെട്ടിപ്പടുക്കാൻ അവർ വീണ്ടും വീടുകളിലേക്ക്‌. വെള്ളവും ചെളിയും നിറഞ്ഞ വീടുകൾ പിറകിൽ ഉപേക്ഷിച്ചാണ്‌ നിലമ്പൂർ നെടുങ്കയം കോളനിയിലെ ഓരോ കുടുംബവും ക്യാമ്പുകളിലേക്ക്‌ പോയത്‌, പക്ഷേ തിരികെ എത്തിയപ്പോഴുള്ള കാഴ്‌ച പലരെയും അമ്പരപ്പിച്ചു. ചെളി നിറഞ്ഞ വീടെല്ലാം കഴുകി വൃത്തിയാക്കി വാസയോഗ്യമാക്കിയിട്ടുണ്ട്‌. കേടുപാടുപറ്റാത്ത ഗൃഹോപകരണങ്ങളും പാത്രങ്ങളും വൃത്തിയായി അതാതിടങ്ങളിൽ നിരന്നിരിക്കുന്നു. ഒപ്പം ചില വീടുകളിൽ അത്യാവശ്യം വേണ്ട പുതിയ പാത്രങ്ങളും നിത്യോപയോഗ സാധനങ്ങളും ഇടം നേടി. ക്യാമ്പിൽനിന്ന്‌ മടങ്ങിയ കോളനിയിലെ ഒന്നോ രണ്ടോ കുടുംബങ്ങളുടെ അവസ്ഥയല്ലിത്‌. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ അഞ്ഞൂറോളം സന്നദ്ധപ്രവർത്തകർ കോളനി മുഴുവൻ വൃത്തിയാക്കി, ഒപ്പം പ്രദേശത്തെ കിണറുകളും.

വീടുകൾക്ക്‌ കാര്യമായ കേടുപാടുകൾ സംഭവിക്കാത്തത് ഇവർക്ക് ആശ്വാസമേകുന്നുണ്ടെങ്കിലും ആന കൃഷികൾ നശിപ്പിച്ചത്‌ വേദനയായി അവശേഷിക്കുന്നു.  കഴിഞ്ഞ എട്ടിനാണ്‌ നെടുങ്കയം കോളനിയിലെ 107 കുടുംബങ്ങൾ പുള്ളിയിൽ ഗവ. യുപി സ്കൂളിലെ ക്യാമ്പിലെത്തിയത്. നിലമ്പൂർ താലൂക്കിൽ മാത്രം 67 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോളുള്ളത്‌ 12 ക്യാമ്പുകൾ മാത്രം. ക്യാമ്പുകളിൽ ബാക്കിയായ ഭക്ഷ്യവസ്തുക്കൾ അംഗങ്ങൾക്ക് വീതിച്ചു നൽകിയാണ്‌ തിരിച്ചയക്കുന്നത്‌. പോത്ത്കല്ല്, കവളപ്പാറ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവർ സുരക്ഷിതമായ താമസസ്ഥലം ലഭിക്കുന്നതുവരെ ഭൂദാനം സെന്റ് ജോർജ് പള്ളിയിലെ ക്യാമ്പിൽ തുടരും. പോത്ത്കല്ല്, കുറുമ്പലങ്ങോട്, ചുങ്കത്തറ വില്ലേജുകളിലാണ്‌ ഇപ്പോൾ ക്യാമ്പുകളുള്ളത്. മൂന്ന്‌ വില്ലേജുകളിലെ 12 ക്യാമ്പുകളിലായി 906 കുടുംബങ്ങളിലെ 3589 ആളുകളാണ് കഴിയുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top