18 September Wednesday

വിവരാവകാശ തട്ടിപ്പ്‌: വിജിലൻസ്‌ ത്വരിതാന്വേഷണം തുടങ്ങി; നടപടി ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻUpdated: Monday Aug 19, 2019

കൊച്ചി > വിവരാവകാശത്തിന്റെ മറവിലെ തട്ടിപ്പുകളെക്കുറിച്ച്‌ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ വിജിലൻസ്‌ അന്വേഷണം. തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ യൂണിറ്റിലെ സർക്കിൾ ഇൻസ്‌പെക്‌ടർക്കാണ്‌ അന്വേഷണച്ചുമതല. വിവരാവകാശം ദുരുപയോഗിച്ചുള്ള വൻ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച്‌ ത്വരിതാന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കും.

സർക്കാർ ജീവനക്കാരും വിരമിച്ച ഉദ്യോഗസ്ഥരിൽ ചിലരും ഉൾപ്പെട്ട്‌ സംസ്ഥാനത്ത്‌ സമീപകാലത്തു നടന്ന വിവരാവകാശ തട്ടിപ്പുകളെക്കുറിച്ച്‌ ജൂലൈ 11നാണ്‌ ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചത്‌. പൊതുമരാമത്ത്‌, ജലസേചന വകുപ്പുകളിലെ പദ്ധതികളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വാർത്തയിൽ ഉൾപ്പെടുത്തിയിരുന്നു.  നിർവഹണത്തിലെ നടപടിക്രമങ്ങളുടെ വീഴ്‌ച കണ്ടെത്തി സത്യസന്ധരായ ഉദ്യോഗസ്ഥരെ കുടുക്കാൻ വിവരാവകാശം മറയാക്കുന്നു. രേഖകൾ പരിശോധിച്ച്‌ ഇത്തരം വീഴ്‌ചകൾ  തട്ടിപ്പുകാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നവരിൽ വിരമിച്ച സർക്കാർ ജീവനക്കാരുണ്ട്‌. അഴിമതിക്കാരായ ഉദ്യോഗസ്ഥർ  ഭീഷണിക്ക്‌ വഴങ്ങുന്നു. തട്ടിപ്പുകൾക്കിരയായ സ്വകാര്യ വ്യക്തികളുമുണ്ട്‌. ക്വാറി ലൈസൻസ്‌, നഗരസഭകളിലെ കെട്ടിടനിർമാണ പെർമിറ്റ്‌ തുടങ്ങിയവയിലാണ്‌ തട്ടിപ്പുകളിൽ ഏറെയും നടക്കുക. ഇതിലെ നിയമപരമായ പ്രശ്‌നങ്ങൾ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തട്ടിപ്പുകാർ മനസ്സിലാക്കും. തുടർന്ന്‌ വിവരാവകാശ അപേക്ഷ നൽകി വിവരങ്ങളും രേഖകളും കൈവശപ്പെടുത്തും. ഇത്‌ ഉപയോഗിച്ചാണ്‌ ഭീഷണി. നിയമലംഘനത്തിന്‌ വിവരാവകാശരേഖ തെളിവാണെന്നും ഇത്‌ ഉപയോഗിച്ച്‌ ക്വാറികളുടെ പ്രവർത്തനവും കെട്ടിടനിർമാണവും തടസ്സപ്പെടുത്തുമെന്നും തട്ടിപ്പുകാർ ഭീഷണി മുഴക്കും. പിന്മാറണമെങ്കിൽ പണം ആവശ്യപ്പെടും. ലക്ഷങ്ങളാണ്‌ ഇത്തരത്തിൽ തട്ടിയെടുത്തിട്ടുള്ളത്‌. 

വൻകിട വികസനപദ്ധതികൾ ഏറ്റെടുത്തു നടത്തുന്ന പൊതുമരാമത്ത്‌ ഉൾപ്പെടെ വകുപ്പുകൾ കേന്ദ്രീകരിച്ചാകും വിജിലൻസിന്റെ ത്വരിതാന്വേഷണം. ഇത്തരം ഓഫീസുകളിൽനിന്ന്‌ സമീപവർഷങ്ങളിൽ വൻതുക അടച്ച്‌ വിവരാവകാശരേഖകൾ കൈപ്പറ്റിയവരെയും വിജിലൻസ്‌ നിരീക്ഷിക്കും. തട്ടിപ്പിന്റെ വിവരങ്ങൾ കൈമാറാൻ തയ്യാറുള്ളവരിൽനിന്ന്‌ രഹസ്യമായി മൊഴിയെടുക്കും. ത്വരിതാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും വിശദ അന്വേഷണം തീരുമാനിക്കുക. ഈ മാസംതന്നെ റിപ്പോർട്ട്‌ സമർപ്പിച്ചേക്കും.


പ്രധാന വാർത്തകൾ
 Top