18 September Wednesday

ജീവിതക്കരയിലേക്ക്‌ ഷാഫി കൈപിടിച്ചു; റാബിയ ഇനി തനിച്ചല്ല

വി ജെ വർഗീസ‌്Updated: Monday Aug 19, 2019

മേപ്പാടി > ദുരന്തസ്‌മരണകൾ ഉള്ളിലൊതുക്കി റാബിയ ഷാഫിയോട്‌ ചേർന്നുനിന്നു. ഒരു പ്രളയത്തിനും വിട്ടുകൊടുക്കില്ലെന്ന നിശ്‌ചയദാർഢ്യത്തോടെ, ഷാഫി അണിഞ്ഞൊരുങ്ങിയ മണവാട്ടിയുടെ കൈപിടിച്ചു. ഉരുൾപൊട്ടി സർവവും ഒലിച്ചുപോയ പുത്തുമലയ്‌ക്കരികിലെ ദുരിതാശ്വാസ ക്യാമ്പിൽ ഇരുവരും പുതിയ ജീവിതം തുടങ്ങി. 

പുത്തുമലയ്‌ക്കടുത്ത ചൂരൽമല പരേതനായ ചാലമ്പാടൻ മൊയ്‌തീൻകുട്ടി–-ജുമൈലത്ത്‌ ദമ്പതികളുടെ മകൾ റാബിയയും കോഴിക്കോട്‌ പേരാമ്പ്ര പള്ളിമുക്ക്‌ നടത്തലക്കൽ അബൂബക്കർ–-സൈനബ ദമ്പതിമാരുടെ മകൻ മുഹമ്മദ്‌ ഷാഫിയുമാണ്‌ മേപ്പാടി സെന്റ്‌ ജോസഫ്‌സ്‌ യുപി സ്‌കൂളിലെ ക്യാമ്പിൽ വിവാഹിതരായത്‌. വീട്ടിൽ വെള്ളം കയറി സർവവും നഷ്ടപ്പെട്ട റാബിയയുടെ വിവാഹം നാട്‌ ഏറ്റെടുത്തു. ആഭരണവും വസ്‌ത്രവും ഭക്ഷണവുമെല്ലാം ഒരുക്കി.
18ന്‌ ചൂരൽമലയിലെ മദ്രസയിലായിരുന്നു വിവാഹം നിശ്‌ചയിച്ചിരുന്നത്‌. ഇതിനിടയിലാണ്‌ ദുരന്തം ഒഴുകിയെത്തിയത്‌.

മുണ്ടക്കൈയിൽ മണ്ണിടിഞ്ഞ്‌ മലവെള്ളം റാബിയയുടെ വീടിനകത്തേക്ക്‌ കുതിച്ചെത്തി. കൈയിൽകിട്ടിയത്‌ മാത്രമെടുത്ത്‌ രക്ഷപ്പെട്ടു. വിവാഹ വസ്‌ത്രങ്ങളടക്കം നശിച്ചു. തോട്ടം തൊഴിലാളിയായ ജുമൈലത്ത്‌ മകളെ ചേർത്തുപിടിച്ച്‌ ദുരിതാശ്വാസ ക്യാമ്പിൽ വിങ്ങലടക്കിനിന്നു. ഈ ഉമ്മയുടെയും മകളുടെയും നൊമ്പരം നാടേറ്റെടുക്കാൻ അധികനേരം വേണ്ടിവന്നില്ല.  വസ്‌ത്രങ്ങളും ആഭരണങ്ങളുമെത്തി. ഒടുവിൽ തീരുമാനിച്ച തീയതിയിൽ ദുരിതാശ്വാസ ക്യാമ്പിൽ വിവാഹം. 

‘ഒരുദിവസംപോലും ക്യാമ്പിൽ കണ്ണുനിറയേണ്ടി വന്നില്ല. എല്ലാം നഷ്ടപ്പെട്ടെന്നാണ്‌ കരുതിയത്‌. പോയതെല്ലാം നാടൊരുമിച്ചുനൽകി ’ –കൂടിനിന്നവരോട്‌ റാബിയ പറഞ്ഞു. ഇതിൽ  എല്ലാവരോടുമുള്ള നന്ദിയുണ്ടായിരുന്നു. വിവാഹത്തിലും ഒരു വേദനമാത്രമായിരുന്നു റാബിയക്ക്‌, പ്രിയപ്പെട്ട അമ്മായി ഹാജിറയെ പുത്തുമല ഉരുൾപൊട്ടലിൽ  നഷ്ടപ്പെട്ട സങ്കടം.

സി കെ ശശീന്ദ്രൻ എംഎൽഎ, കലക്ടർ എ ആർ അജയകുമാർ, സബ്‌കലക്ടർ എൻ എസ്‌ കെ ഉമേഷ്‌, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ബോബി ചെമ്മണൂർ തുടങ്ങിയവരും നവദമ്പതികൾക്ക്‌ ആശംസകളുമായെത്തി.


പ്രധാന വാർത്തകൾ
 Top