19 September Thursday

ഒറ്റപ്പെടില്ല; കാട്ടിലും കൂട്ടായി അഗ്‌നിശമനസേന

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

കൊച്ചി > നിലമ്പൂർ -കവളപ്പാറയിലെ ഉരുൾപൊട്ടലിൽ വനപ്രദേശത്ത്‌ ഒറ്റപ്പെട്ടവർക്ക്‌ രക്ഷകരായി അഗ്‌നിശമനസേന. ദുരന്തബാധിതർക്കുള്ള അവശ്യസാധനങ്ങൾ പുഴ കടന്നും ദുർഘടപാതയിലൂടെ കിലോമീറ്ററുകൾ താണ്ടിയുമാണ്‌ സേന എത്തിച്ചത്‌.  എറണാകുളം, ഇടുക്കി ജില്ലകളിലെ 28 ഫയർ സ്‌റ്റേഷനുകളിലെ ജീവനക്കാരിൽനിന്ന്‌ സ്വരൂപിച്ച പണംകൊണ്ട് വാങ്ങിയ സാധനങ്ങളാണ്‌ നിലമ്പൂർ ഫോറസ്‌റ്റ്‌ റേഞ്ചിലെ വെറ്റിലക്കൊല്ലി, കാൽമുണ്ട ആദിവാസി കോളനികളിൽ നേരിട്ടു നൽകിയത്‌.

പിറവം, ‌പട്ടിമറ്റം, അടിമാലി ഫയർ സ്‌റ്റേഷനുകളിലെ വാഹനങ്ങളിൽ മൂന്ന്‌ ലോഡുമായി പത്തംഗ ടീമാണ്‌ യാത്ര തിരിച്ചത്‌. ആലുവ സ്‌റ്റേഷൻ ഓഫീസർ കെ വി അശോകന്റെ നേതൃത്വത്തിൽ എറണാകുളം ഗാന്ധിനഗർ ഫയർ സ്‌റ്റേഷനിൽനിന്ന്‌ ശനിയാഴ്‌ച പുറപ്പെട്ട സംഘം രാത്രിയോടെ  നിലമ്പൂരിലെത്തി. ഞായറാഴ്‌ച കോളനികളിൽ സാധനങ്ങൾ എത്തിച്ചു.

1500 കിലോഗ്രാം അരി, 100 കിലോവീതം കടല, ചെറുപയർ, വൻപയർ, സാമ്പാർ പരിപ്പ്‌, പഞ്ചസാര, തേയില, ഉപ്പ്‌, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്‌ത്രങ്ങൾ,  നാപ്‌കിനുകൾ, സ്‌കൂൾ ബാഗുകൾ, നോട്ട്‌ബുക്കുകൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ, സോപ്പ്‌  എന്നിവ ഉൾപ്പെടെ മൂന്നു ലക്ഷം രൂപയുടെ സാധനങ്ങളാണ്‌ ദുരിതബാധിതരുടെ കൈകളിലെത്തിച്ചത്‌.

അഗ്‌നിശമനസേനയുടെയും വനംവകുപ്പിന്റെയും ജീപ്പിലാണ്‌  വനത്തിലെ അഞ്ച്‌ കിലോമീറ്റർ ദുർഘടപാത താണ്ടി വെറ്റിലക്കൊല്ലിയിലെത്തിയത്‌. തുടർന്ന്‌  ഡിങ്കി വള്ളം ഉപയോഗിച്ച്‌ പുഴ  കടന്ന്‌ കാൽമുണ്ട കോളനിയിലെത്തി. കോതമംഗലം ഫയർ സ്‌റ്റേഷനിലെ പി എം  റഷീദ്, സിദ്ദിഖ് ഇസ്മയിൽ, ഗാന്ധിനഗർ ഫയർസ്‌റ്റേഷനിലെ സന്ദീപ് മോഹൻ എന്നിവർ ഉൾപ്പെടുന്ന സ്‌കൂബ ടീമും ഒപ്പമുണ്ടായിരുന്നു.

എറണാകുളം ജില്ലയിലുണ്ടായ പ്രളയത്തിൽ അകപ്പെട്ട ഏതാണ്ട്‌ 1600 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റാനും അഗ്‌നിശമന സേനയ്‌ക്ക്‌ കഴിഞ്ഞു. പ്രത്യേക പരിശീലനം ലഭിച്ച ഇരുപതിലേറെപ്പേരെ മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടിയ സ്ഥലത്ത്‌ തെരച്ചിലിനായി ജില്ലയിൽനിന്ന്‌ അയക്കാൻ സാധിച്ചതായും ജില്ലാ ഫയർ ഓഫീസർ എ എസ്‌ ജോഗി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top