24 February Sunday
സാധ്യമായ സ്ഥലങ്ങളിൽനിന്നെല്ലാം സർവീസ‌് നടത്തും

ബസ്‌ സർവീസ‌ുകൾ പുനരാരംഭിച്ചു; ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്ത‌് കെഎസ‌്ആർടിസിയും

സ്വന്തം ലേഖകൻUpdated: Sunday Aug 19, 2018

തിരുവനന്തപുരം > പ്രളയത്തെത്തുടർന്ന‌് എറണാകുളം﹣തൃശൂർ ദേശീയ പാതയിലെ തടസങ്ങൾ നീങ്ങിയതോടെ തിരുവനന്തപുരത്തുനിന്ന‌് കാസർകോട‌് വരെ കെഎസ‌്ആർടിസി സർവീസ‌് തുടങ്ങി. നേരത്തെ ഗതാഗതം നിർത്തിവച്ച പത്തനംതിട്ട അടൂർ റൂട്ടിലും ഞായറാഴ‌്ചവൈകിട്ടോടെ സർവീസ‌് തുടങ്ങി. കോട്ടയം വഴി എറണാകുളത്തേക്കുള്ള ബസ് സർവീസും പുനരാരംഭിച്ചു.  പുനലൂർ﹣ പത്തനാപുരം﹣പത്തനംതിട്ട﹣റാന്നി﹣ എരുമേലി﹣മുണ്ടക്കയം റൂട്ടിലും സർവീസ‌് തുടങ്ങി.

യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി കൊല്ലം യൂണിറ്റിൽനിന്ന് നാലു ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ തെന്മലയിലേക്കും ആര്യങ്കാവ് ഡിപ്പോയിൽനിന്ന് ചെങ്കോട്ടയിലേക്കും അധിക സർവീസുകൾ നടത്തുന്നുണ്ട്. പുനലൂർ ഡിപ്പോയിൽനിന്നും അധികമായി സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. കൊല്ലം‐കുളത്തൂപ്പുഴ, കൊല്ലം‐ചെങ്ങന്നൂർ, കൊല്ലം‐പത്തനംതിട്ട ചെയിൻ സർവീസുകൾ 20 മിനിട്ട‌് ഇടവിട്ടുണ്ട‌്.

പാലക്കാട് ജില്ലയിൽ പ്രകൃതിക്ഷോഭത്താൽ മണ്ണിടിഞ്ഞും ഉരുൾ പൊട്ടിയും പാലങ്ങൾ തകർന്നും തടസപ്പെട്ട  കെഎസ്ആർടിസി ബസ് സർവീസുകളും ഞായറാഴ‌്ച ഭാഗികമായി പുനസ്ഥാപിച്ചു. പാലക്കാട് നിന്നും കോയമ്പത്തൂർ വഴി അട്ടപ്പാടി മേഖലയിലെ  ആനക്കട്ടി, അഗളി വഴി മുക്കാലി വരെ  ബസുകൾ ആരംഭിച്ചു. തൃശ്ശൂർ, മലപ്പുറം ജില്ലകളിലേക്ക് കൃത്യമായി കെഎസ്ആർടിസി സർവീസുകൾ നടത്തുന്നുണ്ട്. മണ്ണാർക്കാട് ചുരം റോഡ് തകർന്നതോടെ ഒറ്റപ്പെട്ടുപോയ അട്ടപ്പാടി മേഖലയിലേക്ക് കോയമ്പത്തൂർ വഴി പ്രത്യേക ബസ് സർവീസ് നടത്തുന്നുണ്ട്.  ദിവസവും മൂന്ന് ബസുകളാണ് ആനക്കട്ടി ഭാഗത്തേക്ക് അയക്കുന്നത്. പാലക്കാട് നിന്നും മണ്ണാർക്കാട് വഴി  ആനമൂളി വരെയും ബസ് സർവീസ് തടസം കൂടാതെ നടത്തുന്നുണ്ട്.

മധുര, തിരുനെൽവേലി, നാഗർകോവിൽ വഴി തിരുവനന്തപുരത്തേയ്ക്ക് നാല് ബസുകൾ സർവീസ്  ആരംഭിച്ചു. പ്രധാന പാലമായ കുണ്ടറ ചോല ഉരുൾപൊട്ടൽമൂലം  തകർന്നതിനാൽ നെല്ലിയാമ്പതി മേഖലയിലേക്ക് സർവീസ് ആരംഭിച്ചിട്ടില്ല. കോയമ്പത്തൂർ പൊളളാച്ചി ഭാഗത്തേയ്ക്ക് ആവശ്യാർഥവും സർവീസ് ആരംഭിച്ചിട്ടുണ്ട്. തൃശൂർ, കോഴിക്കോട്, പട്ടാമ്പി ഭാഗത്തേയ്ക്കും സർവീസുകൾ നടത്തുന്നുണ്ട്.

രക്ഷാദൗത്യത്തിനെത്തിയ സൈന്യത്തിനും  പോലീസിനും കുടുങ്ങിപ്പോയ ജനങ്ങൾക്കും വിവിധ കേന്ദ്രങ്ങളിലെത്താനും അവശ്യസാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനും കെഎസ്ആർടിസിയാണ് സഹായകമായത്. നെടുമ്പാശേരി  വിമാനത്താവളം വെള്ളപ്പൊക്കം മൂലം അടച്ചതിനാൽ വിമാനങ്ങൾ തിരുവനന്തപുരത്തും കോഴിക്കോടുമാണ് ഇറങ്ങുന്നത്. അവിടേക്ക് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വിമാനയാത്രക്കാരെ എത്തിക്കാൻ കെഎസ്ആർടിസി സൗകര്യമൊരുക്കി. 

റാന്നി, മല്ലപ്പള്ളി, പന്തളം, എടത്വ, ചാലക്കുടി, ആലുവ, പിറവം എന്നീ ഏഴ് ഡിപ്പോകളിൽ പൂർണമായും കുളത്തൂപ്പുഴ, ആര്യങ്കാവ്, പത്തനംതിട്ട, കോന്നി, മൂലമറ്റം, തൊടുപുഴ, പാല, കുമളി, മൂവാറ്റുപുഴ, മാള, കട്ടപ്പന, നെടുങ്കണ്ടം, ഈരാറ്റുപേട്ട, മൂന്നാർ, ഇരിങ്ങാലക്കുട, കൂത്താട്ടുകുളം എന്നീ ഡിപ്പോകളിൽ ഭാഗികമായും വെള്ളം കയറി. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ സാധ്യമായ സ്ഥലങ്ങളിൽനിന്നെല്ലാം ഇപ്പോൾ സർവീസ്   നടത്താൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട‌്.

തൃശൂർ നിന്നും കോഴിക്കോട്, കാസർഗോഡ് ഭാഗത്തേക്കും സർവീസ് നടത്തുന്നുണ്ട്. കൂടാതെ, എം.സി റോഡിൽ തിരുവനന്തപുരത്ത് നിന്ന് ആയൂരേക്കും കൊട്ടാരക്കര നിന്ന് ആയൂരേക്കും, തിരുവല്ലയിൽനിന്ന് കോട്ടയത്തേക്കും, ചങ്ങനാശ്ശേരിയിൽ നിന്ന് എറണാകുളത്തേക്കും, വൈറ്റില ഹബ്ബിൽനിന്ന് വൈക്കത്തേക്കും, മലപ്പുറംകോഴിക്കോട്, പാലക്കാട്കോഴിക്കോട് എന്നിവിടങ്ങളിലേക്കും, കോഴിക്കോട് നിന്ന് വാടാനപ്പള്ളി വഴി തൃശൂരേക്കും സർവീസ് നടത്തുന്നുണ്ട‌്. എറണാകുളത്തുനിന്ന‌് കട്ടപ്പന, ഇടുക്കി, മൂന്നാർ, കുമിളി എന്നീ സ്ഥലങ്ങളിലേക്കും  കൊടുങ്ങല്ലൂരിൽനിന്ന‌് പറവൂരിലേക്കും സർവസ‌് പുനരാരംഭിക്കാനായിട്ടില്ല. കെഎസ്ആർടിസിയുടെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. കൺട്രോൾ റൂം നമ്പർ: 0471 2463799, 9447071021.

പ്രധാന വാർത്തകൾ
 Top