23 January Wednesday

ചോദിച്ചത്‌ 2000 കോടി; അനുവദിച്ചത‌് 500 കോടി

സ്വന്തം ലേഖകർUpdated: Sunday Aug 19, 2018

പ്രളയക്കെടുതി വിലയിരുത്താൻ കൊച്ചിയിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ പി സദാശിവവും

തിരുവനന്തപുരം|കൊച്ചി > പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ഇടക്കാല സഹായമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി 500 കോടി രൂപ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയിൽ നടത്തിയ ചർച്ചയ‌്ക്കുശേഷമാണ് സഹായം പ്രഖ്യാപിച്ചത‌്.

സംസ്ഥാനം കേന്ദ്രത്തോട് ആദ്യഗഡുവായി ആവശ്യപ്പെട്ടത് 2000 കോടി രൂപയാണ‌്. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രിയെ കേരളത്തിന്റെ ഗുരുതരാവസ്ഥ മുഖ്യമന്ത്രി ബോധ്യപ്പെടുത്തി. പ്രാഥമിക കണക്കുപ്രകാരം 19,512 കോടിയുടെ നഷ്ടമുണ്ടെന്ന‌് മുഖ്യമന്ത്രി അറിയിച്ചു. വെള്ളം ഇറങ്ങിയശേഷമേ യഥാർഥനഷ്ടം കണക്കാക്കാനാകൂ. മെയ് 29ന് തുടങ്ങിയ പേമാരിയിൽ 357 പേർ മരിച്ചെന്നും  40,000 ഹെക്ടറിലധികം കൃഷി നശിച്ചതായും  ധരിപ്പിച്ചു. ആയിരത്തോളം വീട‌് പൂർണമായും 26,000 വീട‌് ഭാഗികമായും തകർന്നു. 3,026 ക്യാമ്പുകളിലായി ഇപ്പോൾ 3,53,000 പേർ കഴിയുന്നു.

16,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളും 82,000 കിലോമീറ്റർ പ്രാദേശിക റോഡുകളും 134 പാലങ്ങളും തകർന്നു. റോഡുകളുടെ നഷ്ടംമാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്. രക്ഷാപ്രവർത്തനത്തിന് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാനടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസേനയുടെ കൂടുതൽ വിഭാഗങ്ങളുടെ സേവനം അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തകർന്ന ദേശീയപാത നന്നാക്കാൻ നിർദേശം

ഭക്ഷ്യധാന്യങ്ങൾ, മരുന്നുകൾ തുടങ്ങിയവ ആവശ്യപ്പെടുന്ന മുറയ‌്ക്ക‌് ലഭ്യമാക്കാമെന്ന‌്  പ്രധാനമന്ത്രി ഉറപ്പുനൽകി. പ്രളയത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടുലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന‌് നൽകും.

സാമൂഹ്യസുരക്ഷാപദ്ധതികളുടെ ഗുണഭോക്താക്കൾക്ക് യഥാസമയം നഷ്ടപരിഹാരം നൽകാനായി പ്രത്യേക ക്യാമ്പുകളും നാശനഷ്ടം വിലയിരുത്തലും നടത്താൻ പ്രധാനമന്ത്രി ഇൻഷുറൻസ് കമ്പനികൾക്ക‌് നിർദേശം നൽകി. ഫസൽ ബീമ യോജന പ്രകാരം കർഷകർക്കുള്ള ക്ലെയിമുകൾ എത്രയുംവേഗം അനുവദിക്കണം.
പ്രളയത്തിൽ തകർന്ന റോഡുകളിൽ പ്രധാന ദേശീയപാതകൾ ആദ്യം നന്നാക്കാൻ ദേശീയപാതാ അതോറിറ്റിയോട‌്  നിർദേശിച്ചു. വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാൻ  എൻടിപിസി, പിജിസിഐഎൽ  എന്നിവ കേരളത്തിന‌് സഹായം നൽകണം. വീട‌് നഷ്ടപ്പെട്ടവർക്ക‌് പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ ഭവനപദ്ധതിയിൽ  മുൻഗണനാക്രമത്തിൽ വീടുകൾ അനുവദിക്കും. തൊഴിലുറപ്പ‌് പദ്ധതിപ്രകാരം അഞ്ചരക്കോടി മനുഷ്യാധ്വാനദിനങ്ങളും അനുവദിച്ചു.

സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ഇത് വർധിപ്പിക്കും. തോട്ടക്കൃഷി നശിച്ചവർക്ക‌് വീണ്ടും കൃഷി ആരംഭിക്കാനും സഹായം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി നാവികസേനാ ആസ്ഥാനത്തുചേർന്ന അവലോകനയോഗത്തിൽ   മുഖ്യമന്ത്രി  പിണറായി വിജയൻ, ഗവർണർ ജസ്റ്റിസ‌് പി സദാശിവം, റവന്യുമന്ത്രി ഇ ചന്ദ്രശേരഖരൻ, കേന്ദ്ര സഹമന്ത്രി അൽഫോൺസ‌് കണ്ണന്താനം, ചീഫ‌് സെക്രട്ടറി ടോം ജോസ‌് തുടങ്ങിയവർ പങ്കെടുത്തു.

പ്രധാനമന്ത്രി അഭിനന്ദിച്ചു

മഹാപ്രളയംമൂലമുണ്ടായ അനിതരസാധാരണമായ സാഹചര്യം നേരിടുന്നതിന‌് സംസ്ഥാന സർക്കാർ നടത്തിവരുന്ന പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. കൊച്ചി നാവിക ആസ്ഥാനത്തുചേർന്ന യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ.  ദുരിതാശ്വാസ പ്രവർത്തനങ്ങളെയും കേരള ജനതയുടെ അതിജീവന ശ്രമങ്ങളെയും അഭിനന്ദിക്കുന്നതായി പിന്നീട്‌ പ്രധാനമന്ത്രി ട്വിറ്ററിലും കുറിച്ചു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top