26 August Monday

മാധ്യമങ്ങളുടെ വ്യാജവാർത്തകളിൽ തളരില്ല; ഞങ്ങളാണ് എസ‌്എഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

യൂണിവേഴ‌്സിറ്റി കോളേജ‌് സംഘർഷവുമായി ബന്ധപ്പെട്ട‌് കേരളത്തിലെ എസ‌്എഫ‌്ഐയെ  വ്യാജവാർത്തകളിലൂടെ തകർക്കാൻ ശ്രമിക്കുകയാണ‌് ചില മാധ്യമങ്ങൾ. യൂണിവേഴ‌്സിറ്റി കോളേജിലെ സംഘർഷം വ്യക്തിപരമായ പ്രശ‌്നങ്ങൾ കാരണമാണെന്ന‌് തെളിഞ്ഞിട്ട‌ും മാധ്യമങ്ങൾ വ്യാജവാർത്തകളുടെ ലോകത്തുനിന്ന‌് പിന്മാറിയിട്ടില്ല. അന്ന‌് കോളേജിൽ പ്രതിഷേധത്തിനെതിരെ ചില വിദ്യാർഥികളുടെ പ്രതികരണങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ച‌് നൽകുകയുമുണ്ടായി. പ്രതിഷേധത്തിൽ മുൻപന്തിയിലുണ്ടായിരുന്ന വിദ്യാർഥികൾ സംഭവത്തെ കുറിച്ചും വിഷയത്തിൽ എസ‌്എഫ‌്ഐ സ്വീകരിച്ച നിലപാടിനെ കുറിച്ചും ദേശാഭിമാനിയോട‌് പ്രതികരിക്കുന്നു.

ഗൗതം ജോഷി
ബിഎ മലയാളം മൂന്നാംവർഷം

യൂണിവേഴ‌്സിറ്റി കോളേജ‌് സംഘർഷവുമായി ബന്ധപ്പെട്ട‌് എസ‌്എഫ‌്ഐ സ്വീകരിച്ച നിലപാട‌് സ്വാഗതാർഹമാണ‌്. സംഭവം നടന്നതിന്റെ പിറ്റേന്നുതന്നെ നേതൃത്വം ഞങ്ങളെ വിളിച്ച‌് പറയാനുള്ളത‌് എല്ലാം കേട്ടിരുന്നു. അന്ന‌് പ്രതിഷേധത്തിനിറങ്ങിയ വിദ്യാർഥികളാരും എസ‌്എഫ‌്ഐക്കെതിരായിരുന്നില്ല. ക്യാമ്പസിലെ 95 ശതമാനത്തോളം വിദ്യാർഥികളും എസ‌്എഫ‌്ഐക്കാരാണ‌്. പഴയ യൂണിറ്റിലെ ചില വ്യക്തികളുടെ ഏകാധിപത്യത്തിനെതിരെയുള്ള പ്രതിഷേധം മാത്രമായിരുന്നു അത‌്. എന്നാൽ, ചില മാധ്യമങ്ങൾ ഞങ്ങൾ പറഞ്ഞതിനെ വളച്ചൊടിച്ച‌് എസ‌്എഫ‌്ഐക്കെതിരാക്കി. അവർക്കുള്ള മറുപടിയുമായി വരുംദിവസങ്ങളിൽ പുതിയ അഡ‌്ഹോക്ക‌് കമ്മിറ്റിയുടെ കീഴിൽ ക്യാമ്പസിലെ മുഴുവൻ വിദ്യാർഥികളും അണിചേരും. സംഭവത്തിന്റെ മറവ‌് പറ്റി കോളേജിനകത്ത‌് കടക്കാൻ ശ്രമിക്കുന്ന വർഗീയശക്തികളെ വിദ്യാർഥികൾ പിഴുതെറിയും. അഭിമന്യുവിന്റെ പ്രസ്ഥാനത്തിനൊപ്പമാണ‌് യൂണിവേഴ‌്സിറ്റി കോളേജിലെ വിദ്യാർഥികൾ.

മുഹമ്മദ‌് ഉമൈർ ഖാൻ
ബിഎ അറബിക‌് മൂന്നാംവർഷം

ഞങ്ങളെ മറയാക്കി യൂണിവേഴ‌്സിറ്റി കോളേജിനെയും എസ‌്എഫ‌്ഐയെയും തകർക്കാനുള്ള ശ്രമമായിരുന്നു മാധ്യമങ്ങളുടെത‌്. ആ മാധ്യമപ്രചാരണം തള്ളിക്കളഞ്ഞതിന്റെ തെളിവാണ‌് അവകാശപത്രിക മാർച്ചിന‌് യൂണിവേഴ‌്സിറ്റി കോളേജിൽ നിന്ന‌് ആയിരത്തോളം വിദ്യാർഥികൾ അണിനിരന്നത‌്. അപ്പോൾ അവർ നിർബന്ധിച്ച‌് ഇറക്കിയതാണെന്ന‌് എഴുതി. “കഴിഞ്ഞാഴ‌്ച എസ‌്എഫ‌്ഐ ഗുണ്ടായിസത്തിനെതിരെ ഇന്ന‌് എസ‌്എഫ‌്ഐ മാർച്ചിൽ’ എന്നാണ‌് മനോരമ എന്റെ ഫോട്ടോ അടക്കം നൽകി എഴുതിയത‌്. പേടിച്ചിട്ടാണെന്നും സമ്മർദത്തിന‌് കീഴടങ്ങിയതാണെന്നും എഴുതി ച്ചേർത്തു. ഇങ്ങനെയൊക്കെ എഴുതുമ്പോൾ എന്നോട‌് ഒന്ന‌് ചോദിക്കാമായിരുന്നു. അവരോട‌് ഒന്നേ പറയാനുള്ളൂ. തിങ്കളാഴ‌്ച കോളേജിലേക്ക‌് വന്നാൽ നിങ്ങൾക്ക‌് കാണാം യൂണിവേഴ‌്സിറ്റി കോളേജിലെ എസ‌്എഫ‌്ഐയുടെ ശക്തി. ഞാനുമുണ്ടാകും ആ കൂട്ടത്തിൽ.

ഷാരോൺ
ബിഎ പൊളിറ്റിക്കൽ സയൻസ‌് മൂന്നാംവർഷം

അന്നുണ്ടായ സംഘർഷത്തിനെതിരെ മാത്രമാണ‌് ഞങ്ങൾ തെരുവിലിറങ്ങിയത‌്. ആ പ്രശ‌്നത്തിലുള്ളവരെയെല്ലാം പുറത്താക്കി എസ‌്എഫ‌്ഐ ധീരമായ നിലപാടെടുത്തു. എന്നാൽ, ഒറ്റപ്പെട്ട സംഭവത്തെ മുൻനിർത്തി എസ‌്എഫ‌്ഐയെ തകർക്കാനുള്ള ശ്രമമാണ‌് ചിലരുടേത‌്. അഡ‌്ഹോക്ക‌് കമ്മിറ്റിയിൽ വിശ്വാസവും പ്രതീക്ഷയുമുണ്ട‌്.‌ കോളേജിലെ വിദ്യാർഥികളുടെ താൽപ്പര്യത്തിൽ അവർ പ്രവർത്തിക്കുമെന്ന‌് ഉറപ്പുണ്ട‌്. കുത്തേറ്റ അഖിലിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത‌് മാതൃകാപരമാണ‌്.

വേണി മുരുകൻ
ബിഎ പൊളിറ്റിക്കൽ സയൻസ‌് മൂന്നാംവർഷം

പ്രതികളായവരെ അറസ്റ്റ‌് ചെയ്യണം, എസ‌്എഫ‌്ഐയിൽനിന്ന‌് പുറത്താക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. തൊട്ടടുത്ത ദിവസം തന്നെ എ‌സ‌്എഫ‌്ഐ അവരെ പുറത്താക്കി നടപടിയെടുത്തു. യൂണിറ്റ‌് കമ്മിറ്റി പിരിച്ചുവിട്ടു. എസ‌്എഫ‌്ഐക്ക‌് ചെയ്യാൻ കഴിഞ്ഞതെല്ലാം ചെയ‌്തിട്ടുണ്ട‌്. ചെറിയ ചെറിയ പ്രശ‌്നങ്ങളെല്ലാം മാധ്യമങ്ങൾ പെരുപ്പിച്ച‌് കാട്ടുകയാണ‌്. പുതിയ കമ്മിറ്റിയിൽ അഖിലിനെ ഉൾപ്പെടുത്തിയതിനെ കുറിച്ച‌് അവർ ഒന്നും പറയുന്നില്ല.

ബെറ്റി
ബിഎ പൊളിറ്റിക്കൽ സയൻസ‌് മൂന്നാംവർഷം

യൂണിവേഴ‌്സിറ്റി കോളേജിനെ തകർക്കാനുള്ള ശ്രമം അനുവദിക്കില്ല. വിദ്യാർഥികളുടെ സ്വർഗം തന്നെയാണ‌് യൂണിവേഴ‌്സിറ്റി കോളേജ‌്.  പ്രശ‌്നക്കാരെ എസ‌്എഫ‌്ഐ പുറത്താക്കിയിട്ടുണ്ട‌്. മുഴുവൻ വിദ്യാർഥികളെയും മുൻനിർത്തി എസ‌്എഫ‌്ഐ യൂണിവേഴ‌്സിറ്റി കോളേജിന്റെ പ്രതാപകാലം വീണ്ടെടുക്കുമെന്ന‌് ഉറപ്പുണ്ട‌്. അതിന‌് പ്രാപ‌്തമായ അഡ‌്ഹോക്ക‌് കമ്മിറ്റിയാണ‌് നിലവിലുള്ളത‌്.


പ്രധാന വാർത്തകൾ
 Top