25 August Sunday

ആര‌ു പറഞ്ഞു; എന്റേട്ടൻ മരിച്ചെന്ന‌്...ഒരു അജയപ്രസാദിന‌ു പകരം ഒരായിരം അജയപ്രസാദുമാർ ഉയര്‍ത്തെഴുന്നേൽക്കും

സുരേഷ‌് വെട്ടുകാട്ട‌്Updated: Saturday Jul 20, 2019

അജയ‌പ്രസാദിന്റെ ചിത്രത്തിനരികിൽ അനുജത്തിയും എസ‌്എഫ‌്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ആര്യപ്രസാദ‌്

കരുനാഗപ്പള്ളി> ഏട്ടന്‍ ഉയർത്തിയ ശുഭ്രപതാക അതിലും ഉയരെക്കെട്ടിയ അനിയത്തി, രക്തസാക്ഷി അജയപ്രസാദിന്റെ കുഞ്ഞുപെങ്ങളെ അങ്ങനെ വിളിക്കുന്നതാവും ഉത്തമം. പാതിവഴിയിൽ ഏട്ടൻ വീണപ്പോഴും അവനുയർത്തിയ കൊടിയുമേന്തി നെഞ്ചുറപ്പോടെ  മുന്നേറുകയാണ‌്  എസ‌്എഫ‌്ഐ സംസ്ഥാന കമ്മിറ്റിഅംഗം ആര്യ. കുളങ്ങരേത്തെ അജയപ്രസാദ് സദനത്തിന്റെ പൂമുഖത്തിരുന്ന‌് അവൾ ഒന്നേ ചോദിക്കുന്നുള്ളൂ ‘ ആര‌ുപറഞ്ഞു എന്റെയേട്ടൻ മരിച്ചെന്ന‌്’. ഒരു അജയപ്രസാദിന‌ു പകരം ഒരായിരം അജയപ്രസാദുമാർ ഉയര്‍ത്തെഴുന്നേൽക്കുമ്പോൾ എന്റെയേട്ടൻ മരിച്ചെന്ന‌് ആരാണ‌് പറയുക’.

ആർഎസ‌്എസ‌് ആക്രമണത്തിൽ കൊല്ലപ്പെട്ട ക്ലാപ്പനയിലെ അജയപ്രസാദിന്റെ ഓർമകൾക്ക‌് 11 വർഷം തികയുമ്പോൾ അവന്റെ കുഞ്ഞുപെങ്ങൾ വിദ്യാർഥി രാഷ‌്ട്രീയത്തിന്റെ പക്വമുഖമായി മാറിക്കഴിഞ്ഞു. എസ‌്എസ‌്എഫ് കരുനാഗപ്പള്ളി ഏരിയ ജോയിന്റ‌് സെക്രട്ടറിയും ഡിവൈഎഫ‌്ഐ വില്ലേജ‌് കമ്മിറ്റിഅംഗവുമായിരുന്നു അജയപ്രസാദ‌്.  കരുനാഗപ്പള്ളി തോട്ടത്തില്‍ മുക്കില്‍ 2007 ജൂലൈ 19-ന‌് പകല്‍ മൂന്നിന‌്  ആര്‍എസ്എസുകാര്‍ മരണത്തിലേക്ക‌ു വലിച്ചെറിയുമ്പോഴും ഒരു പെൺകുട്ടിയുടെ പഠനസ്വപ‌്നങ്ങൾ സാക്ഷാൽക്കരിക്കാനുള്ള പേപ്പറുകൾ അജയപ്രസാദിന്റെ മാറോട് ഒട്ടിക്കിടന്നിരുന്നു.

‘ക്ലാപ്പന എസ് വിഎച്ച്എസ്എസിൽ പ്ലസ് വൺ സീറ്റിലേക്കു പ്രവേശനംകിട്ടാതെ പോയ കുട്ടിക്കുവേണ്ടി കുറെ ദിവസമായി ഓടി നടക്കുകയായിരുന്നു ഏട്ടൻ. എല്ലാവഴികളും അടഞ്ഞപ്പോൾ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയെക്കണ്ടു കാര്യംപറഞ്ഞു. ഒടുവിൽ അഡ്മിഷൻ ശരിയായി. ഇതിന്റെ പേപ്പറുകളെല്ലാം ശരിയാക്കി അന്നു വീട്ടിലെത്തിയപ്പോൾ പകല്‍ മൂന്നുമണി കഴിഞ്ഞിരുന്നു. അമ്മ വിളമ്പിനൽകിയ ചോറും കഴിച്ച് അഡ്മിഷൻ പേപ്പറുകൾ കുട്ടിയുടെ ബന്ധുവായ ക്ലാപ്പന ബാങ്കിലെ ഉണ്ണിയണ്ണനെ ഏൽപ്പിക്കാൻ പോയതായിരുന്നു ഏട്ടൻ’–- വിതുമ്പലോടെ ആര്യ പറഞ്ഞു.

തോട്ടത്തിൽ മുക്കിലെ സുഹൃത്തിന്റെ കടയിൽ ഉണ്ണിയണ്ണനെ കാത്തിരുക്കുമ്പോഴാണ‌് ആർഎസ‌്എസുകാർ വളയുന്നത‌്.  മാരകമായ ആക്രമണത്തിൽ ഒടിയാനൊരു അസ്ഥിയും ആ ശരീരത്തിൽ അവശേഷിച്ചിരുന്നില്ല. പിറ്റേന്ന‌് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അജയപ്രസാദ‌് മരണത്തിലേക്ക‌ുപോയി. 

അജയ‌പ്രസാദ‌് കൊല്ലപ്പെടുമ്പോൾ ഒന്നാംക്ലാസിൽ പഠിക്കുകയായിരുന്നു ആര്യ.  ഇപ്പോൾ ശാസ‌്താംകോട്ട ഡിബി കോളേജിലെ ഒന്നാംവർഷ ബികോം ബിരുദ വിദ്യാർഥിയാണ‌്. പ്ലസ‌്ടു പഠനകാലത്ത‌് കരുനാഗപ്പള്ളി ഗവ. ബോയ‌്സ‌് ഹയർ സെക്കൻഡറി സ‌്കൂളിലെ  ചെയർപേഴ‌്സണുമായിരുന്നു.  കുഞ്ഞനുജത്തിയുടെ മുടിചീകി ഒതുക്കുമായിരുന്ന,  പോയി വരുമ്പോഴെല്ലാം  മിഠായി കൊണ്ടുക്കൊടുക്കുമായിരുന്ന ആ ഏട്ടൻ അവനുയർത്തിപ്പിടിച്ച കൊടിയിലെ രക്തതാരകമായി.

ഓരോ നിശ്വാസത്തിലും നാഡീമിടിപ്പിലും അവൻ സ‌്നേഹിച്ച പ്രസ്ഥാനത്തെ പെങ്ങളും ഹൃദയത്തിൽ  എഴുതിച്ചേർക്കുകയായിരുന്നു. തന്റെ വിപ്ലവ ചിന്തകളത്രയും അജയപ്രസാദ‌്  ഡയറിയിൽ പകർത്തിവച്ചിരുന്നു. ആ ഡയറി പിന്നീട് സഖാക്കൾ  ഏറ്റുവാങ്ങി. എങ്കിലും അതിൽക്കുറിച്ച  ഒരു വാചകം ആര്യ  പഠനമുറിയിലെ ഭിത്തിയിൽ കുറിച്ചിട്ടിട്ടുണ്ട്. "കാർമേഘത്തിന്റെ ഘോഷയാത്രയിൽ നക്ഷത്രത്തിന്റെ കണ്ണുകൾ കെട്ടുപോകുന്നില്ല’.


പ്രധാന വാർത്തകൾ
 Top