22 August Thursday

മലബാർ കലാപകാലത്ത‌് ആൻഡമാനിലേക്ക‌് നാടുകടത്തിയ പോരാളികളുടെ വേരുകൾ തേടി പിൻമുറക്കാർ ഏറനാട്ടിൽ

ജോബിൻസ‌് ഐസക‌്Updated: Friday Jul 19, 2019

ശനിയാഴ്ച മഞ്ചേരിയിൽ സംഘടിപ്പിക്കുന്ന അന്തമാൻ - മലയാളി കോൺഫറൻസിൽ പങ്കെടുക്കുന്ന സംഘം പോർട്‌ ബ്ലെയർ എയർപോർട്ടിൽ നിന്ന‌് യാത്ര തിരിക്കും മുമ്പ‌്

മലപ്പുറം> രാജ്യത്തിന്റെ സ്വതന്ത്ര്യത്തിനായി പൊരുതിയതിന‌് കടൽ കടത്തിയ പൂർവികർക്ക‌് ജന്മം നൽകിയ ഏറനാടിന്റെ മണ്ണ‌ു തൊട്ടപ്പോൾ പിൻമുറക്കാരുടെ സിരകൾ തുടിച്ചിട്ടുണ്ടാകണം.  ബ്രിട്ടീഷ്‌ അധിനിവേശത്തിനെതിരെ ജ്വലിച്ചുയർന്ന 1921 ലെ മലബാർ കലാപത്തിൽ പങ്കെടുത്തതിന‌് ആൻഡമാനിലേക്ക‌് നാടു കടത്തപ്പെട്ട പോരാളികളാം പൂർവപിതാക്കുടെ വേരുകൾ തേടി 100 അംഗം സംഘമാണ്  വെള്ളിയാഴ‌്ച മഞ്ചേരിയിലെത്തിയത‌്. പിറന്ന നാടിന്റെ മോചനത്തിനായി പടവെട്ടിയ  വീരമക്കളുടെ ഇളംമുറക്കാർക്ക‌് ഏറനാട‌് ഹൃദയം തുറന്ന‌് സ്വാഗതമോതി. ആൻഡമാൻ ഖാസി സുലൈമാൻ ഫൈസിയുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്.

1922 ലാണ‌് മലബാർ സമര പോരളികളെ ആന്തമാനിലെ  സെല്ലുലാർ ജയിലിൽ അടയ‌്ക്കുന്നത‌്. ജയിലിൽ ക്രൂരപീഡനമാണ‌് അവരെ കാത്തിരുന്നത‌്.  കൊടിയ പീഡനത്തിൽ അനുകമ്പ തോന്നിയ ചില ബ്രിട്ടീഷ‌് ഉദ്യേഗസ്ഥർ തടവുകാരോട‌് ആത്മഹത്യ ചെയ‌്ത‌് ശിക്ഷാ മുറകളിൽ നിന്ന‌് ‘രക്ഷപെടാൻ’ ഉപദേശിക്കുക പോലുമുണ്ടായി. എന്നാൽ ഏറനാടിന്റെ വീരമക്കൾ അവിടെയും ബ്രിട്ടീഷുകാർക്ക‌് മുന്നിൽ തലകുനിച്ചില്ല. പ്രതിഷേധത്തെ തുടർന്ന‌് തടവുകാരെ കാണാൻ ആൻഡമാനിലെത്തിയ ബന്ധുക്കളെ കൊണ്ടും ബ്രിട്ടീഷ‌് പട്ടാളം കഠിനജോലികൾ ചെയ്യിച്ചു. ശിക്ഷ കഴിഞ്ഞിറങ്ങിയയവർ പലരും ദ്വീപിൽ തന്നെ താമസമാക്കി.  താമസിച്ച പ്രദേശങ്ങൾക്ക‌് മഞ്ചേരി തിരൂർ, വണ്ടുർ, മലപ്പുറം എന്ന പേരുകൾ തന്നെ അവർ നൽകി.

എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച മഞ്ചേരിയിൽ സംഘടിപ്പിക്കുന്ന ആൻഡമാൻ - മലയാളി കോൺഫറൻസിൽ സംഘം പങ്കെടുക്കും. രാവിലെ 9.30 ന് കച്ചേരിപ്പടി വുഡ് ബൈൻ ഓഡിറ്റോറിയത്തിൽ  പ്രമുഖ ചരിത്രകാരൻ ഡോ. കെ കെ എൻ കുറുപ്പ് ഉദ്ഘാടനം ചെയ്യും. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും.  ചരിത്ര വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാം.  പ്രതിനിധി സംഗമം, ചരിത്ര സെമിനാർ, സാംസ്കാരിക സദസ്സ്, വിദ്യാഭ്യാസ ചർച്ച, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെയുള്ള സന്ദർശനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട‌്. അന്തമാനിലെ മലയാള ഭാഷ പഠന സാധ്യതകൾ ചർച്ച ചെയ്യുന്നതിന് സമ്മേളനത്തിന്റെ ഭാഗമായി പ്രത്യേക സെഷനുണ്ട്. ചർച്ചക്ക് മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് നേതൃത്വം നൽകും.


പ്രധാന വാർത്തകൾ
 Top